തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലേക്കുള്ള കല്‍ക്കണ്ട ഇടപാടില്‍ വന്‍തട്ടിപ്പ്. പരിശുദ്ധി കുറഞ്ഞ കല്‍ക്കണ്ടം പ്രസാദ നിര്‍മ്മാണത്തിനു പയോഗിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പരിശുദ്ധി കുറഞ്ഞ കല്‍ക്കണ്ടമാണെന്ന് കണ്ടെത്തിയിട്ടും ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ സന്നിധാനത്ത് ശേഖരിച്ചിരിക്കുന്ന കല്‍ക്കണ്ടം മാറ്റാന്‍ തയ്യാറായിട്ടില്ല. 95 ശതമാനം പരിശുദ്ധിയുള്ള കല്‍ക്കണ്ടം ഉപയോഗിക്കണമെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നിര്‍ദ്ദേശിച്ചിട്ടുള്ളത്. 80 ശതമാനത്തില്‍ താഴെ പരിശുദ്ധിയുള്ള കല്‍ക്കണ്ടം പോലും ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഉപയോഗിച്ചാല്‍ വിഷമയമാകുമെന്നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. ശബരിമലയില്‍ ഇപ്പോള്‍ പ്രസാദ നിര്‍മ്മാണത്തിനായി ശേഖരിച്ചിരിക്കുന്ന കല്ക്കണ്ടത്തിന് 65 ശതമാനത്തില്‍ താഴെമാത്രമാണ് പരിശുദ്ധി.
ശബരിമലയില്‍ അരവണയും മറ്റും നിര്‍മ്മിക്കാന്‍ എത്തിക്കുന്ന കല്ക്കണ്ടമടക്കമുള്ള സാധനങ്ങളുടെ ഗുണനിലവാരം ശരിയായ രീതിയിലല്ല പരിശോധിക്കുന്നത്. കല്‍ക്കണ്ടത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ സന്നിധാനത്തുനിന്നെടുക്കുന്ന സാമ്പിളുകളല്ല കൊച്ചിയിലെയും തിരുവനന്തപുരത്തെയും അംഗീകൃത ലാബിലെത്തുന്നതെന്നാണ് മറ്റൊരു കണ്ടെത്തല്‍. സന്നിധാനത്തു നിന്ന് സാമ്പിള്‍ എടുക്കുന്നുണ്ടെങ്കിലും ലാബിലേക്കുള്ള യാത്രയ്ക്കിടെ ഇത് മാറ്റുകയും ഗുണനിലവാരം കൂടിയ കല്‍ക്കണ്ടം പകരം വയ്ക്കുകയും ചെയ്യുന്നു. തട്ടിപ്പു നടത്തി മികച്ച ഗുണനിലവാരമുള്ളതാണെന്ന് കാണിച്ച് വ്യാപകമായി മോശം കല്ക്കണ്ടമാണ് സന്നിധാനത്ത് ഉപയോഗിക്കുന്നത്.
കര്‍ണ്ണാടകത്തില്‍ നിന്നാണ് സന്നിധാനത്ത് കല്ക്കണ്ടമെത്തിക്കുന്നത്. ഇതിനായി പ്രത്യേക ലോബിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഗുണനിലവാരം കുറഞ്ഞ കല്‍ക്കണ്ടം വാങ്ങുന്നതു വഴി ഉന്നത ഉദ്യോഗസ്ഥര്‍ക്കടക്കം കമ്മീഷന് ലഭിക്കുന്നുമുണ്ട്. കര്‍ണ്ണാടകത്തിലെ പഞ്ചസാര മില്ലുകളില്‍ നിന്ന് ഭക്ഷ്യസാധനങ്ങളുടെ നിര്മ്മാണത്തിനല്ലാത്ത ഉപയോഗത്തിനാണ് ഈ കല്‍ക്കണ്ടം പലരും വാങ്ങുന്നത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സന്നിധാനത്ത് പരിശോധനകള്‍ നടത്തിവരുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ സഹകരണം അതിനില്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അരവണ നിര്‍മ്മാണത്തിലും ക്രമക്കേടുകളുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ടിന് അരവണ ഉല്പാദിപ്പിക്കാന് കഴിഞ്ഞത് വരുമാനം വര്‍ദ്ധിപ്പിച്ചു. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ ഇത് സാധ്യമാകാതിരുന്നത് സംശയത്തിനിടനല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: