തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ ടെസ്റ്റ്യൂബ് ശിശുക്കള്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പിറന്നു. പാറശ്ശാല ഉച്ചക്കട സ്വദേശികളായ നിഖില-സുരേഷ്കുമാര്‍ ദമ്പതികള്‍ക്കാണ് 36 ആഴ്ചക്കാലത്തെ കാത്തിരിപ്പിനു ശേഷം ഇരട്ടക്കുട്ടികള്‍ പിറന്നത്. ഇന്നലെ രാവിലെ 5.30 നായിരുന്നു കുഞ്ഞുങ്ങളുടെ ജനനം. രണ്ടു കിലോഗ്രാം വീതം തൂക്കമുള്ള ആണ്‍കുഞ്ഞും പെണ്‍കുഞ്ഞുമാണ് ജനിച്ചത്. ഇരുവരും അമ്മയോടൊപ്പം ആശുപത്രിയില്‍ സുഖമായി കഴിയുന്നു.
തെക്കേ ഇന്ത്യയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പിറക്കുന്ന ആദ്യത്തെ ടെസ്റ്റ്ട്യൂബ് ശിശുക്കളാണിത്. 2012 ഓഗസ്റ്റിലാണ് എസ്എടിയില്‍ ആധുനിക വന്ധ്യതാ ചികിത്സാകേന്ദ്രം ആരംഭിച്ചത്. 20 വര്‍ഷങ്ങള്‍ക്കു മുന്‍പു പ്രാഥമിക തലത്തില്‍ ആരംഭിച്ച വന്ധ്യതാ ചികിത്സാ വിഭാഗത്തെ പിഎംഎസ്എസ്വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ചികിത്സാ കേന്ദ്രമാക്കി മാറ്റിയത്. ഇപ്പോള്‍ 34 ദമ്പതിമാര്‍ക്കാണ് ഇവിടെ ടെസ്റ്റ്യൂബ് ചികിത്സാരീതിയിലുള്ള വന്ധ്യതാ നിവാരണം നടത്തി വരുന്നത്.
എസ്എടിയിലെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന്റെ രണ്ടു വര്‍ഷക്കാലത്തെ പ്രയത്നം ഫലം കണ്ടു തുടങ്ങിയത് ഒന്‍പതു മാസങ്ങള്‍ക്കു മുന്‍പാണ്. ടെസ്റ്റ് ട്യൂബ് ഗര്‍ഭധാരണം പരീക്ഷിച്ച മൂന്നുപേരില്‍ ഒരാള്‍ക്ക് ഗര്‍ഭം അലസിപ്പോയി. ഇപ്പോള്‍ ഏഴു പേരാണു ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ക്കു ജന്മം നല്കാന് തയാറായി നില്‍ക്കുന്നത്. ഇതിലെ ആദ്യത്തെ ദമ്പതിമാര്‍ക്കാണ് ഇപ്പോള്‍ ഇരട്ടക്കുട്ടികള്‍ പിറന്നിട്ടുള്ളത്. എസ്എടി ഹെല്‍ത്ത് എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ സഹകരണത്തോടെ ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗത്തിനു കീഴിലാണു വന്ധ്യതാ ചികിത്സാ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഡോ സി.നിര്‍മ്മലയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ ഷീലാ ബാലകൃഷ്ണന്, അഡീ. മെഡിക്കല്‍ ഓഫിസര്‍ ഡോ ടി.വി.ശരവണകുമാര്‍, ഡോ എം.അനിത, ഡോ റജി മോഹന്‍ എന്നിവരടങ്ങിയ സംഘമാണു ചികിത്സയ്ക്കു നേതൃത്വം നല്‍കുന്നത്. ഡിഎംഇ ഡോ വി.ഗീത, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ രാംദാസ് പിഷാരടി, എസ്എടി സൂപ്രണ്ട് ഡോ കെ.ഇ.എലിസബത്ത് എന്നിവരുടെ മേല്‍നോട്ടത്തിലാണു ചികിത്സാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം.
സ്വകാര്യമേഖലയില്‍ അഞ്ചു മുതല്‍ 10 ലക്ഷം വരെ ഈ ചികിത്സയ്ക്കു ചെലവാകുമ്പോള്‍ എസ്എടിയില്‍ ടെസ്റ്റ് ട്യൂബ് ശിശുവിനു ജന്മമേകാന് ചെലവ് ഒരു ലക്ഷത്തില്‍ താഴെ മാത്രമാണ്. ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍, കുഞ്ഞുങ്ങളെയും മതാപിതാക്കളെയും അശുപത്രിയില്‍ സന്ദര്‍ശിച്ചു. രക്ഷിതാക്കളേയും അധികൃതരേയും അദ്ദേഹം അനുമോദിച്ചു. സംസ്ഥാനത്തെ എല്ലാ ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകളിലും വന്ധ്യതാ ചികിത്സാകേന്ദ്രം തുടങ്ങുമെന്നു മന്ത്രി അറിയിച്ചു. സ്വകാര്യ മേഖലയില്‍ വളരെ ചെലവു വരുന്ന വന്ധ്യതാ ചികിത്സ സാധാരണകാര്‍ക്കു താങ്ങാനാവുന്ന വിധത്തില്‍ ലഭ്യമാക്കുകയാണു ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: