ശബരിമല: തന്ത്രി താഴമണ്‍മഠം കണ്ഠരര് മഹേശ്വരര്‍ക്ക് സന്നിധാനത്തുവെച്ച് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായി. ഇതിനെ തുടര്‍ന്ന് സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. അശോക് കുമാര്‍, ഡോ. അജയ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ഇദ്ദേഹത്തെ പരിശോധിച്ചു. ഹൃദയ സംബന്ധമായ പരിശോധനയുടെ ഭാഗമായി ഇ.സി.ജി എടുത്തു. തൊണ്ടയ്ക്ക് അണുബാധ ഉണ്ടായിട്ടുണ്ടെന്നും ഇതിനാല്‍ വിശ്രമിക്കണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശം നല്കി. അസുഖവിവരമറിഞ്ഞ് തന്ത്രിയുടെ ഭാര്യ ദേവകീദേവി കൊച്ചു മകന് രാഹുലിനൊപ്പം ഇന്നലെ രാവിലെ സന്നിധാനത്തെത്തി. വ്യാഴാഴ്ച വൈകിട്ടുമുതലാണ് തന്ത്രിക്ക് ശാരീരിക വിഷമതകള്‍ ഉണ്ടായത്. പൂജ കഴിഞ്ഞ് വ്യാഴാഴ്ച രാത്രി തന്ത്രി വീട്ടിലേക്ക് ഫോണില്‍ വിളിച്ചപ്പോള്‍ ശബ്ദത്തിന് വ്യത്യാസം തോന്നി. ഇതേ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അസുഖവിവരം ഭാര്യ അറിഞ്ഞത്. ഇതേ തുടര്‍ന്നാണ് കൊച്ചുമകനെക്കൂട്ടി ദേവകീദേവി സന്നിധാനത്തെത്തിയത്. 2011-12 മണ്ഡല മകരവിളക്ക് കാലത്ത് സന്നിധാനത്ത് താന്ത്രിക കര്‍മ്മങ്ങള്‍ നിര്വ്വഹിക്കാനായെത്തിയ കണ്ഠരര് മഹേശ്വരരുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഇദ്ദേഹത്തിന് വേണ്ട ആരോഗ്യ പരിചരണത്തിനായി മെയില്‍ നേഴ്സിനെ ദേവസ്വം ബോര്‍ഡ് നിയോഗിച്ചിരുന്നു. എന്നാല്‍ ഇക്കുറി ഇത്തരത്തിലുള്ള യാതൊരുവിധ സൗകര്യങ്ങളും അദ്ദേഹത്തിന് ദേവസ്വം അധികൃതര്‍ നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: