ചെമ്പരത്തിവനമെന്നൊക്കെ കേള്‍ക്കുമ്പോള്‍ ഏതോ കവിഭാവനയെന്ന് തോന്നാം. എന്നാല്‍ നാട്ടിന്‍പുറത്തെ വേലിക്കല് പൂത്തുലഞ്ഞു നിന്നിരുന്ന ആ ചെമ്പരത്തിച്ചെടികള്ക്കായി ഒരു കാടും ആ കാട് നാല് സ്ത്രീകള്‍ക്ക് ഉപജീവനമാര്ഗവുമാകുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. പുതുക്കാട് പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വല്ലൂര്‍ മലഞ്ചെരുവിലാണ് ഗോമശ്രീ വനിതാ സംഘത്തിന് കീഴിലുള്ള ധനശ്രീ ഗ്രൂപ്പിലെ നാലു വനിതകള്‍ ചേര്‍ന്ന് ചെമ്പരത്തിക്കാട് തീര്‍ത്തത്.
ഒന്നര ഏക്കര്‍ സ്ഥലത്തെ ഈ ചെമ്പരത്തിപ്പൂ കൃഷിയിലൂടെ ഉപജീവനമാര്‍ഗ്ഗം നടത്തുന്നത് നാലു കുടുംബങ്ങളാണ്. പാട്ടത്തിനെടുത്ത സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ചെമ്പരത്തി കൃഷിയാണ് ഈ കുടുംബങ്ങളുടെ ജീവിതത്തിന് തണലായി മാറിയത്. ചെമ്പരത്തി മൊട്ടുകള്‍ പറിച്ച് ഇവര്‍ മാല കൊരുത്ത് വില്‍ക്കും. രാവിലെ പതിനൊന്നു മുതല്‍ വൈകിട്ട് 7 വരെ സമയം ചെലവഴിച്ചാണ് ചെമ്പരത്തി മൊട്ടുകള്‍ അടര്‍ത്തിയെടുക്കുന്നത്. ഈ മൊട്ടുകള്‍ ഉപയോഗിച്ച് പിറ്റേന്ന് പുലര്‍ച്ചെ രണ്ടു മണി മുതല്‍ അഞ്ച് മണിവരെയുള്ള സമയങ്ങളില്‍ മാല കോര്‍ക്കും. കോര്‍ത്തെടുക്കുന്ന മാലകള്‍ തൃശ്ശൂരിലെ സ്വകാര്യ ബസുകള്‍ക്ക് വില്‍പ്പന നടത്തി വരുമാനമാര്‍ഗം കണ്ടെത്തും.
മുപ്പത്തിയഞ്ചോളം മാലകള്‍ പ്രതിദിനം വില്‍പ്പന നടത്താറുണ്ടെന്ന് ഇവര്‍ പറയുന്നു. 180 മൊട്ടുകള്‍ കോര്‍ത്ത ഒരു മാലയ്ക്ക് 50 രൂപയാണ് വില. ധനശ്രീ ഗ്രൂപ്പിലെ മല്ലിക, ഷീല, ശാന്ത, ഷിന്‍സി എന്നിവര്‍ ചേര്‍ന്നാണ് ചെമ്പരത്തി കൃഷി നടത്തുന്നത്. സാധാരണ കണ്ടുവരാറുള്ള ചുവപ്പ് ചെമ്പരത്തിക്കു പുറമെ പല തരത്തിലുള്ള മഞ്ഞ, ഓറഞ്ച്, റോസ്. രണ്ട് നിലകളിലുള്ള ചെമ്പരത്തിപ്പൂവടക്കം പതിനൊന്ന് നിറത്തിലുള്ള ചെമ്പരത്തിപ്പൂക്കളാണ് ഇവര്‍ കൃഷി ചെയ്യുന്നത്. ഓരോ യാത്രകളിലും ഇവര്‍ കണ്ടെത്തുന്ന വ്യത്യസ്തങ്ങളായ ചെമ്പരത്തിയുടെ കൊമ്പുകള്‍ ശേഖരിച്ച് വളര്‍ത്തിയാണ് കൃഷിയിടം വികസിപ്പിച്ചത്. ജൈവവളം മാത്രം ഉപയോഗിച്ചാണ് ഇവരുടെ കൃഷി രീതി.
വര്‍ഷ കാലമായാല്‍ മൂന്നു മാസത്തോളം ഉത്പാദനം കുറയും. വേനല്‍ക്കാലങ്ങളില്‍ വെള്ളത്തിന്റെ ലഭ്യതക്കുറവ് മൂലം മൊട്ടുകള്‍ കൊഴിഞ്ഞു വീഴുന്നതും ഇവരുടെ തൊഴിലിനെ സാരമായി ബാധിക്കാറുണ്ട്. ചൂടു കൂടുന്ന സമയങ്ങളില്‍ ചെമ്പരത്തി മൊട്ടുകളിലേക്ക് വെള്ളം തളിച്ചു കഴിഞ്ഞാല്‍ കൊഴിച്ചില്‍ തടയാനാവും ജല ലഭ്യത ഉറപ്പുവരുത്താനായുള്ള തൊഴിലാളികളെ ഈ കൃഷിയിലേക്ക് കൊണ്ടുവന്ന് കൃഷിയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്നും ഇവര്‍ പറയുന്നു. ചെമ്പരത്തി മൊട്ടുകള്‍ക്ക് വേണ്ടി ആയുര്‍വേദ കമ്പനികള്‍ ഇവരെ സമീപിക്കാറുണ്ടെങ്കിലും വേണ്ടത്ര ഉത്പാദനം ഇല്ലാത്തതിനാല്‍ നല്കാന് കഴിയാറില്ല.
തുടക്കക്കാലങ്ങളില് ക്ഷേത്രങ്ങളിലേക്ക് മാല കോര്‍ത്തു നല്‍കിയാണ് വിപണനം ആരംഭിച്ചത്. പിന്നീട് ആ പരിസരത്ത് ഓടുന്ന ബസുകളിലേക്ക് മാല കൊടുത്തു തുടങ്ങിയതോടെയാണ് വിപണന സാധ്യത വര്‍ധിച്ചത്. വാഹന പണിമുടക്കുകളും ഹര്‍ത്താലുകളും വരുന്ന ദിവസങ്ങളില്‍ ചെമ്പരത്തിപ്പൂക്കള്‍ കൊണ്ട് ഭക്ഷ്യ ഉത്പന്നങ്ങളും ഇവര്‍ തയ്യാറാക്കാറുണ്ട്. ചെമ്പരത്തി പൂക്കള്‍ സ്ക്വാഷും വൈനും ഉണ്ടാക്കുവാനും മൊട്ടുകള്‍ കറിവെയ്ക്കുവാനും ഉപയോഗിക്കാറുണ്ട്.
ഔഷധഗുണത്തോടൊപ്പം വിപണന മൂല്യവും ഏറെയുള്ള ചെമ്പരത്തി കൃഷിക്ക് അധികൃതരുടെ ഭാഗത്തുനിന്നും വേണ്ടത്ര പ്രോത്സാഹനം ലഭിക്കുകയാണെങ്കില്‍ ചെലവു കുറഞ്ഞ ഈ കൃഷിരീതിയിലേക്ക് കൂടുതല്‍ വനിതകളെ ആകര്‍ഷിക്കാനായേക്കും എന്നാണ് ഈ നാല്‍വര്‍ സംഘത്തിന്റെ പ്രത്യാശ.
രാജേഷ് കുറുമാലി
പ്രതികരിക്കാൻ ഇവിടെ എഴുതുക: