ചെങ്ങന്നൂര്‍: അതീവ പരിസ്ഥിതി ദുര്‍ബലമായ പശ്ചിമഘട്ട മലനിരകള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ഇരുമുന്നണികളും ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് കേരള വിശ്വകര്‍മസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.ആര്.ദേവദാസ് കുറ്റപ്പെടുത്തി. മാധവ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനോടും കസ്തൂരി രംഗന് റിപ്പോര്‍ട്ടിനോടും ഈ കൂട്ടര് പുലര്‍ത്തുന്ന നിഷേധാത്മകമായ നയം ജനവഞ്ചനയാണ്.
മൈനിംഗ്-ക്വാറി മാഫിയകളും റിസോര്‍ട്ട് മാഫിയകളും കാട്ടുകള്ളന്മാരുമാണ് മലയോര മേഖലയില്‍ കലാപം സൃഷ്ടിക്കുന്നത്. അതിന് മതമേലധ്യക്ഷന്മാരും പാതിരിമാരും കൂട്ടുനില്‍ക്കുകയാണ്. ഇവരോടുള്ള യുഡിഎഫ് സര്‍ക്കാരിന്റെ വിധേയത്വമാണ് പ്രക്ഷോഭങ്ങള്‍ ആളിക്കത്താന്‍ കാരണം.
മലയോര മേഖലയിലെ കര്‍ഷകരുടേയും മറ്റ് തൊഴിലാളികളുടേയും താല്‍പ്പര്യം സംരക്ഷിച്ചുകൊണ്ട് ഇനി ഒരിഞ്ച് വനഭൂമി പോലും കൈയേറാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ രാഷ്ട്രീയ നേതൃത്വം തയ്യാറുണ്ടോ? പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍ പ്രാരംഭമായി കസ്തൂരി രംഗന് റിപ്പോര്‍ട്ടും തുടര്‍ന്ന് മാധവ ഗാഡ്ഗില്‍ റിപ്പോര്‍ട്ടും പരിപൂര്‍ണമായി നടപ്പാക്കുകയാണ് വേണ്ടതെന്നും പി.ആര്.ദേവദാസ് പറഞ്ഞു.
കേരള വിശ്വകര്‍മ സഭ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ജനറല്‍ സെക്രട്ടറി പി.പി.കൃഷ്ണന്, ട്രഷറര്‍ വി.രാജപ്പന്, വര്‍ക്കിംഗ് പ്രസിഡന്റ് പി.വാമദേവന്, എന്‍.ശിവദാസന്‍ ആചാരി, വി.എസ്.ഗോപാലകൃഷ്ണന്, വി.രാജഗോപാല്‍, പി. ചെല്ലപ്പനാചാരി, കെ.മുരളീധരന്, വത്സാ അപ്പുക്കുട്ടന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: