കാസര്‍കോട്: കോളിളക്കം സൃഷ്ടിച്ച ദേവലോകം ഇരട്ടക്കൊലക്കേസില്‍ പ്രതി ഇമാം സയ്യിദ് ഹുസൈന് ഇരട്ട ജീവപര്യന്തവും ഒന്നരലക്ഷം രൂപ പിഴയും.
കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (2) ജഡ്ജ് സി.ബാലനാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനുപുറമെ വിവിധ വകുപ്പുകളിലെ കുറ്റങ്ങള്‍ക്ക് 14 വര്‍ഷവും തടവ് അനുഭവിക്കണം. തുക കൊല്ലപ്പെട്ട ദമ്പതികളുടെ മക്കള്‍ക്ക് നല്‍കണം. കൊലപാതകത്തില്‍ പ്രതിക്കുള്ള പങ്ക് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചതായി കോടതി വിലയിരുത്തി. ഇരുപത് വര്‍ഷത്തിനുശേഷം വിചാരണ നടന്ന് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിക്ക് ശിക്ഷ വിധിക്കുന്ന കേസെന്ന അപൂര്‍വ്വതയും ഇതിനുണ്ട്.
1993 ഒക്ടോബര്‍ 9ന് പെര്‍ള ദേവലോകത്തെ കര്‍ഷക ദമ്പതികളായ ശ്രീകൃഷ്ണഭട്ടി(52)നെയും ഭാര്യ ശ്രീമതിഭട്ടി(40)നെയും കൊലപ്പെടുത്തിയെന്നാണ് കേസ്. വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എങ്കിലും 42 വര്‍ഷം തടവുശിക്ഷ സ്വാഗതാര്‍ഹമാണെന്ന് പ്രോസിക്യൂട്ടര്‍ എം.എസ്.തോമസ് ഡിസൂസ പ്രതികരിച്ചു. രണ്ട് പതിറ്റാണ്ടിന് ശേഷമെത്തിയ നീതി അച്ഛന്റേയും അമ്മയുടേയും ആത്മാവിന് ശാന്തിപകരുമെന്ന് മക്കള്‍ പ്രതികരിച്ചു.
പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ 19ന് കോടതി കണ്ടെത്തിയിരുന്നു. രാവിലെ കേസ് പരിഗണിച്ച കോടതി വിധി പറയുന്നത് ഒരു മണിയിലേക്ക് മാറ്റി. ഐപിസി 302 പ്രകാരം ഇരട്ടക്കൊലപാതകത്തിന് ഇരട്ടജീവപര്യന്തവും ഗൂഢാലോചന, കവര്‍ച്ച എന്നിവയ്ക്ക് 397 പ്രകാരം ഏഴ് വര്‍ഷം തടവും ഒരു ലക്ഷം പിഴയും ഭവനഭേദനത്തിന് 449 പ്രകാരം മൂന്ന് വര്‍ഷം തടവും ഇരുപത്തയ്യായിരം പിഴയും അതിക്രമിച്ചുകടന്നതിന് 461 പ്രകാരം ഒരു വര്‍ഷം തടവും തെളിവ് നശിപ്പിക്കലിന് 201 പ്രകാരം മൂന്ന് വര്‍ഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്.
താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഭാര്യയും അഞ്ച് പെണ്‍മക്കളടക്കം ആറ് മക്കളുണ്ടെന്നും പ്രതി കോടതിയില്‍ പറഞ്ഞു. വിധി വന്ന ശേഷവും പ്രതിക്ക് ഭാവവ്യത്യാസമൊന്നും ഉണ്ടായില്ല.
വീട്ടുവളപ്പിലെ നിധി കണ്ടെത്തി നല്‍കാമെന്ന് പ്രലോഭിപ്പിച്ചായിരുന്നു കൊലപാതകം നടത്തിയത്. ദമ്പതികളുടെ സ്വത്ത് കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. മംഗലാപുരത്ത് മന്ത്രവാദം നടത്തി വന്ന ഇമാംഹുസൈനെ ശ്രീകൃഷ്ണഭട്ട് നേരത്തെ ബന്ധപ്പെട്ടിരുന്നു. വീട്ടുവളപ്പില്‍ നിധിയുണ്ടെന്ന് ശ്രീകൃഷ്ണഭട്ടിനെ പ്രതി വിശ്വസിപ്പിച്ചു. ഇത് കണ്ടെടുക്കാന്‍ വീട്ടില്‍ മന്ത്രവാദം നടത്തി. തുടര്‍ന്ന് വീട്ടുവളപ്പില്‍ കുഴിയുണ്ടാക്കി ശ്രീകൃഷ്ണഭട്ടിനോട് അതില്‍ ഇറങ്ങി നിന്ന് പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി കുഴിയില്‍ മൂടുകയായിരുന്നു. വീട്ടിലെത്തി ശ്രീമതി ഭട്ടിനെ പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
സംഭവത്തിനുശേഷം ഒളിവില്‍ പോയ ഇമാം ഹുസൈനെ 18 വര്‍ഷത്തിനുശേഷം 2012 ഏപ്രില്‍ 20നാണ് കര്‍ണാടക നിലമംഗലത്തുവെച്ച് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. 2008ലാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കേസില്‍ ഒരു പൂവന് കോഴി ഉള്‍പ്പെടെ 68 സാക്ഷികളാണ് ഉണ്ടായിരുന്നത്. 39 പേരെ വിസ്തരിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: