കോഴിക്കോട്: കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെതിരെ പ്രകോപനപ്രസംഗങ്ങളുമായി വീണ്ടും സഭാനേതൃത്വം.
കസ്തൂരി രംഗന് കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പശ്ചിമഘട്ട ജനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിന് മുന്നില്‍ നടന്ന ഉപവാസസമരത്തിലാണ് സഭാനേതൃത്വം കടുത്ത പ്രകോപനങ്ങളുമായി വീണ്ടും രംഗത്തെത്തിയത്. കര്‍ഷകരുടെ മുതുകത്ത് ചവുട്ടി പശ്ചിമഘട്ടസംരക്ഷണം നടത്താന്‍ അനുവദിക്കില്ലെന്നും കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്നും താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയല്‍ അധ്യക്ഷ പ്രസംഗത്തില്‍ ഭീഷണി മുഴക്കി. ഇതൊരു മുന്നറിയിപ്പായിതന്നെ പരിഗണിക്കാം. റിപ്പോര്‍ട്ട് നടപ്പാക്കുകയാണെങ്കില്‍ മറ്റൊരു ജാലിയന്‍വാലാബാഗ് ആവര്‍ത്തിക്കും. പുതിയ നക്സല്‍ പ്രസ്ഥാനങ്ങള്‍ ആരംഭിക്കേണ്ടിവരും. പ്രകൃതി സംരക്ഷണത്തിന്റെ പേരില്‍ വിദേശപണം ലഭിക്കുന്നതിന് വേണ്ടിയാണ് കപടപരിസ്ഥിതിവാദികള്‍ ശ്രമിക്കുന്നത്. കര്‍ഷകരെ കുടിയൊഴിപ്പിക്കുന്ന പ്രതിലോമശക്തികള്‍ക്കെതിരെ സമരം ശക്തമാക്കും.
താമരശ്ശേരി ആക്രമത്തില്‍ സഭയ്ക്കും ഇടതുവലതുമുന്നണികള്‍ക്കും പങ്കില്ലെന്ന് ബിഷപ്പ് അവകാശപ്പെട്ടു. അക്രമത്തിന് പിന്നില്‍ മറ്റു പലരുമാണ്. ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ സംബന്ധിച്ചിടത്തോളം മാധ്യമപ്രവര്‍ത്തകര്‍ ആടിനെ പട്ടിയാക്കുന്ന സമീപനമാണ് പിന്തുടരുന്നത്. സോണിയയുമായി ചര്‍ച്ചനടത്തിയശേഷം താമരശ്ശേരി രൂപതാ അധ്യക്ഷന്‍ സമരത്തില്‍ നിന്ന് പിന്മാറിയതെന്ന് മാധ്യമങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. റിപ്പോര്‍ട്ട് പഠിക്കാതെയാണ് സമരക്കാര്‍ രംഗത്തിറങ്ങിയതെന്ന വാദം ശരിയല്ല. പ്രശ്നം പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെങ്കിലും വാക്ക് ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കും.
കസ്തൂരി രംഗന്, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ കര്‍ഷകദ്രോഹ റിപ്പോര്‍ട്ടുകളാണ്. റിപ്പോര്‍ട്ടുകളിലെ തെറ്റായ കാര്യങ്ങള്‍ തിരുത്തണം. പരിസ്ഥിതി ലോലപ്രദേശങ്ങളായി പ്രഖ്യാപിച്ച 123 വില്ലേജുകളിലും ജനസാന്ദ്രത കൂടുതലാണ്, അദ്ദേഹം പറഞ്ഞു. താമരശ്ശേരി രൂപതയുടെ തീരുമാനങ്ങള്‍ ഒറ്റപ്പെട്ടതല്ലെന്നും അതിന് സഭയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും സമരം ഉദ്ഘാടനം ചെയ്ത കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കലാക്കല്‍ പറഞ്ഞു.
കാടിനേക്കാള്‍ പ്രധാനം മനുഷ്യനാണ്. കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെതിരെ നടത്തുന്ന സമരങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന ബിഷപ്പ് കുറ്റപ്പെടുത്തി. 123 ഗ്രാമങ്ങളിലെ ജനങ്ങളെ കൃഷി ചെയ്യാനനുവദിക്കാതെ പട്ടിണിക്കിട്ട് മുരടിപ്പിക്കാനാണ് ശ്രമം. പഞ്ചനക്ഷത്ര ഹോട്ടലിലിരുന്ന് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് തയ്യാറാക്കുന് വിദ്യകളാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ വനം സംരക്ഷിക്കാന്‍ നിയമങ്ങള്‍ ഉള്ളപ്പോള്‍ എന്തിനാണ് ഇത്തരം പുതിയ റിപ്പോര്‍ട്ടുകളെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം, ബിഷപ്പ് ആവശ്യപ്പെട്ടു.
കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെതിരെ താമരശ്ശേരി ബിഷപ്പെടുക്കുന്ന എല്ലാ തീരുമാനങ്ങളെയും പിന്തുണക്കുമെന്ന് വയനാട് എം.പി. എം.ഐ ഷാനവാസ് പറഞ്ഞു. കസ്തൂരി രംഗന് റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടോയെന്ന ഹൈക്കോടതിയുടെ പരാമര്‍ശത്തെ എംപി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. റിപ്പോര്‍ട്ട് വായിക്കാത്ത മണ്ടന്മാരല്ല സമരത്തിനിറങ്ങിയ മലയോര കര്‍ഷകര്‍. ഹൈക്കോടതി ജഡ്ജിയുടെ ഭാഗത്തുനിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടായത് ശരിയായില്ല.
അരലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് വന്‍ പ്രതിഷേധം സംഘടിപ്പിക്കാനായിരുന്നു താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ എടുത്ത ആദ്യതീരുമാനം.
എന്നാല്‍ 15 ന് നടന്ന ഹര്‍ത്താലിലും പ്രതിഷേധത്തിലും അരങ്ങേറിയ വന്‍ അക്രമപരമ്പരകളെത്തുടര്ന്ന് ഒറ്റപ്പെട്ടുപോയ സഭാനേതൃത്വം വന്‍ പ്രതിഷേധസമരങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുകയായിരുന്നു. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ ഭരിക്കുന്ന എട്ട് ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റുമാരും സിപിഎം, സിപിഐ കോണ്‍ഗ്രസ്, മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ്, ഇന്‍ഫാം, തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഉപവാസസമരത്തില്‍ പങ്കെടുത്തു. ബിജെപി ഒഴിച്ചുള്ള മുഴുവന്‍ രാഷ്ട്രീയപാര്‍ടി പ്രതിനിധികളും ഉപവാസസമരത്തില്‍ അണിചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: