ന്യൂദല്‍ഹി: മുസാഫര്‍ നഗര്‍ കലാപത്തില്‍ മുസ്ലീംകള്‍ക്കു മാത്രം നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നീക്കത്തിനു സുപ്രീംകോടതിയില്‍ തിരിച്ചടി. കലാപബാധിതരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കരുതെന്നും എല്ലാവര്ക്കും സഹായം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മുസ്ലീംകള്‍ക്കു മാത്രം അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം കോടതി മരവിപ്പിക്കുകയും ചെയ്തു.
അര്‍ഹരായ എല്ലാവര്ക്കും നഷ്ടപരിഹാരം നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി വിവാദ വിജ്ഞാപനം പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മുസ്ലീംകള്‍ക്കു മാത്രം നഷ്ടപരിഹാരം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരായി മീററ്റ് ജാട്ട് മഹാസഭ നല്കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. 61 പേര് മരിക്കുകയും 40000ത്തോളം പേര് ഭവനരഹിതരാവുകയും ചെയ്ത മുസാഫിര്‍നഗര്‍ കലാപത്തിനു ശേഷം കലാപ ബാധിതരായ ഹിന്ദുക്കളെ പൂര്‍ണ്ണമായും അവഗണിക്കുന്ന നടപടികളായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വീകരിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന ഹിന്ദുക്കളെ അവിടെനിന്നും കലാപമവസാനിക്കാത്ത പ്രദേശങ്ങളിലേക്ക് തിരിച്ചയച്ചതുള്പ്പെടെയുള്ള സര്‍ക്കാര്‍ നടപടികള്‍ വിവാദമായിരുന്നു. ഇതിനു പുറമേയാണ് കലാപ ബാധിതരായ ആറു ഗ്രാമങ്ങളിലെ ആയിരത്തോളം മുസ്ലീംകള്‍ക്കു മാത്രമായി അഞ്ചുലക്ഷം രൂപ വീതം പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചത്.
മുസ്ലീംകള്‍ക്കു മാത്രമായി പുനരധിവാസ പദ്ധതി പ്രഖ്യാപിച്ച അഖിലേഷ് യാദവ് സര്‍ക്കാരിന്റെ നടപടിക്കെതിരെ ബിജെപി രൂക്ഷമായ ഭാഷയില്‍ പ്രതിഷേധിച്ചിരുന്നു. കലാപത്തിനിരയായ മറ്റുള്ളവര്‍ എന്തു ചെയ്യണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.
കൊല്ലപ്പെട്ടവര്‍ക്ക് പത്തു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് അഞ്ചുലക്ഷം വീതവും നിസാരപരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതവും സര്‍ക്കാര്‍ ഇതിനരം ധനസഹായം നല്‍കിയിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: