ബംഗളൂരു: നഗരമധ്യത്തിലെ എടിഎം കൗണ്ടറിനുള്ളില്‍ മലയാളിയായ ബാങ്ക് ഉദ്യോഗസ്ഥ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആന്ധ്രാ പ്രദേശിലെ ഹിന്ദുപൂരില്‍ നിന്നും ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിനിരയായ സ്ത്രീയില്‍ നിന്ന് തട്ടിയെടുക്കപ്പെട്ട മൊബെയില്‍ ഫോണും ബാംഗ്ലൂര്‍ പോലീസ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. അക്രമിയില്‍ നിന്ന് ഇയാള്‍ മൊബെയില്‍ വാങ്ങിയതാകാമെന്നു കരുതുന്നു. പിടിയിലായയാളെ ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷക സംഘം പുറത്തുവിട്ടിട്ടില്ല.
പ്രധാന പ്രതിക്കുവേണ്ടിയുള്ള തെരച്ചിലും ശക്തമാക്കിയിട്ടുണ്ട്. എട്ടു സ്ക്വാഡുകളായി തിരിഞ്ഞാണ് അന്വേഷണം. അക്രമിയെ പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്കുന്നവര് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. അതേസമയം, ബംഗളൂരു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ദല്‍ഹിയില്‍ സുരക്ഷാ മുന്നറിയിപ്പ് നല്കി.
ബംഗളൂരുവിലെ തിരക്കേറിയ ജെസി റോഡിലെ എടിഎം കൗണ്ടറിനുള്ളില്‍ ചൊവ്വാഴ്ച രാവിലെ 7 മണിക്കായിരുന്നു ജ്യോതി ഉദയ് എന്ന കോര്പ്പറേഷന് ബാങ്ക് മാനേജര്‍ ആക്രമിക്കപ്പെട്ടത്. സെക്യൂരിറ്റി ഗാര്‍ഡില്ലാത്ത എടിഎമ്മില്‍ ജ്യോതി കയറിയതിനു പിന്നലെ അതിക്രമിച്ചുകടന്ന അക്രമി ഷട്ടറിട്ടശേഷം പണത്തിനുവേണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രതിരോധിച്ച ജ്യോതിയെ വടിവാളും തോക്കും ഉപയോഗിച്ച് മുഖത്തും തലയിലും പ്രഹരിച്ചശേഷം പെഴ്സും മൊബെയില്‍ ഫോണുമെടുത്ത് അക്രമി കടന്നുകളഞ്ഞു. ഗുരുതര പരുക്കേറ്റ ജ്യോതി സാധാരണ നിലയിലെത്താന്‍ കുറഞ്ഞത് ആറുമാസമെങ്കിലുമെടുക്കുമെന്നാണ് ഡോക്റ്റര്‍മാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: