തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനും പങ്ക്. ഇയാള്‍ക്കായി അധികൃതര്‍ തെരച്ചില്‍ ഊര്‍ജിതമാക്കി. ദുബായില്‍ നിന്നും എമിറേറ്റ്സ് വിമാനത്തിലെത്തിയ യാത്രക്കാരനായ ഷംസുദീന്‍ ബഷീറില്‍ നിന്നും രണ്ട് കിലോ സ്വര്‍ണം ഇന്ന് രാവിലെയാണ് കസ്റ്റംസ് പിടികൂടിയത്.
ഷംസുദീനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്റെ പങ്ക് വ്യക്തമായത്. വിമാനം ഇറങ്ങിയശേഷം എമിഗ്രേഷനോട് ചേര്‍ന്നുള്ള ഒന്നാം നമ്പര്‍ ബാത്ത് റൂമില്‍ കയറണമെന്നും അവിടെ ഈ ഉദ്യോഗസ്ഥന്‍ എത്തുമെന്നായിരുന്നു ഷംസുദീനിനോട് ദുബായിലെ ഏജന്റ് അറിയിച്ചിരുന്നത്. കുഞ്ഞാലി എന്നായിരുന്നു ഉദ്യോഗസ്ഥനെ തിരിച്ചറിയാനായി ഷംസുദീന് നല്‍കിയിരുന്ന അടയാളം.
ഉദ്യോഗസ്ഥന്‍ കുഞ്ഞാലിയാണോയെന്ന് ചോദിച്ച് കഴിഞ്ഞാല്‍ സ്വര്‍ണം അയാള്‍ക്ക് കൈമാറണം. തുടര്‍ന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞ് ഏതൊരു പ്രശ്നവും കൂടാതെ പുറത്തേയ്‌ക്ക് പോകാനാവുമെന്നും ഏജന്റ് അറിയിച്ചിരുന്നുവെന്നും ഷംസുദീന്‍ വെളിപ്പെടുത്തി. പോലീസുകാരനാണ് ഈ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ എന്നാണ് സംശയിക്കുന്നത്.
എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്റെ സഹായത്തോടെ മുമ്പും തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: