തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച അഭിപ്രായം സ്വരൂപിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ വീണ്ടും സര്‍വകക്ഷിയോഗം വിളിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. റിപ്പോര്‍ട്ടിലെ ഉള്ളടക്കവും സര്‍വകക്ഷിയോഗത്തിന്റെ തീരുമാനവും കണക്കിലെടുത്തായിരിക്കും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്രത്തെ അറിയിക്കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പരിസ്ഥിതി ദുര്‍ബല പ്രദേശവും (ഇക്കോളജിക്കലി ഫ്രജെയില് ലാന്‍ഡ്-ഇഎഫ്എല്‍) പരിസ്ഥിതിലോല പ്രദേശവും(ഇക്കോളജിക്കലി സെന്‍സിറ്റീവ് ഏരിയ-ഇസ്എസ്എ) തമ്മില്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്. ഇഎഫ്എല്‍ നിയമത്തിന് കീഴില്‍ ഉള്‍പ്പെട്ട വനപ്രദേശങ്ങളെയാണ് പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായി കണക്കാക്കിയിരിക്കുന്നത്. വനംവകുപ്പിനാണ് ഈ നിയമത്തിന്റെ പരിപാലനചുമതല. എന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന പരിസ്ഥിതിലോല പ്രദേശങ്ങള്‍ വനഭൂമിയല്ല. ജനവാസമുള്ളതും പട്ടയം ലഭിച്ചതോ പട്ടയത്തിന് അര്‍ഹതയുള്ളതോ ആയ മേഖലകളാണ്. ഇതിന് വനം വകുപ്പുമായി ബന്ധമില്ല. പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ കീഴിലാണ് ഈ മേഖലകളെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലാ ഭരണകൂടങ്ങളും മലിനീകരണ നിയന്ത്രണബോര്ഡുമാണ് നിയമത്തിന്റെ പരിപാലകര്‍. പരിസ്ഥിതി ലോല ഭൂമിയില്‍ വനംവകുപ്പിന്റെ നിയന്ത്രണം ഉണ്ടാകും എന്നതാണ് ജനങ്ങളില്‍ ഉയര്‍ന്നു വന്നിട്ടുള്ള ആശങ്ക; മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ നിര്‍ണയിച്ചതില്‍ അപാകതയുണ്ടെന്ന് കേന്ദ്രപരിസ്ഥിതിമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തും. ഫീല്‍ഡ് സര്‍വേക്ക് പകരം റിമോട്ട് സെന്‍സിംഗ് വഴി ഭൂനിര്‍ണയം നടത്തിയതിലാണ് തെറ്റുപറ്റിയത്. വനഭൂമിയില്ലാത്തതും എന്നാല്‍ തോട്ടങ്ങള്‍ നിറഞ്ഞതുമായ വില്ലേജുകളെ പരിസ്ഥിതിലോല മേഖലയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ ആരുമായും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തിന്റെ താല്പര്യത്തിന് വിരുദ്ധമായ ശുപാര്‍ശകള്‍ നടപ്പാക്കരുതെന്നാണ് സംസ്ഥാനസര്‍ക്കാറിന്റെ അഭിപ്രായം. കസ്തൂരിരംഗന്‍ പ്രഖ്യാപിച്ച 123 വില്ലേജുകളില്‍ കൂടുതല്‍ വില്ലേജുകളെ വിദഗ്ധസമിതി റിപ്പോര്‍ട്ട് പുറത്തു വരുന്നതോടെ പരിസ്ഥിതിലോല മേഖലയില്‍ നിന്നും ഒഴിവാക്കാനാകും. ഈ മാസം 26 മുതല്‍ ഡിസംബര്‍ അഞ്ച് വരെ സമിതി വിവിധ ജില്ലകളിലെ 16 കേന്ദ്രങ്ങളില്‍ തെളിവെടുപ്പ് നടത്തും. ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് സര്‍ക്കാറിന് സമര്‍പ്പിക്കും. കസ്തൂരി രംഗന് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷ ജൈവവൈവിധ്യ ബോര്‍ഡ് രണ്ടു ദിവസത്തിനുള്ളില്‍ തയാറാക്കും. മലയാളം റിപ്പോര്‍ട്ട് വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.
ഭൂമിയുടെ ഉടമസ്ഥാവകാശം ഇന്നുളളതു പോലെ ഭാവിയിലും അതത് വ്യക്തികളില്‍ തന്നെ നിക്ഷിപ്തമായിരിക്കും. അതിന് വ്യത്യസ്തമായ രീതിയില്‍ ചില സ്ഥലങ്ങളില്‍ ചില ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചതായി പരാതി കിട്ടിയിട്ടുണ്ട്. ഇത്തരം പരാതി വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. പരിസ്ഥിതിലോലമായി ചൂണ്ടിക്കാട്ടിയ വില്ലേജുകളില്‍ കെട്ടിട നിര്‍മാണം, ഭൂ റജിസ്ട്രേഷന്, ഭൂമി ജാമ്യത്തിന്മേല് വായ്പയെടുക്കല്‍, സ്വകാര്യഭൂമിയിലെ മരം മുറി തുടങ്ങിയവക്കൊന്നും നിയന്ത്രണമുണ്ടാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: