കോട്ടയം: ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നക്ക് പിന്നാലെ പ്രൊഫ. സിഎന്‍ആര്‍ റാവുവിനെ എം.ജി സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്കി ആദരിച്ചു.
രാജ്യത്തിന് അകത്തും പുറത്തുമായി വിവിധ സര്‍വ്വകലാശാലകളുടെ അറുപത് ഡോക്ടറേറ്റ് ബിരുദങ്ങളാണ് പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് കൂടിയായ സിഎന്‍ആര്‍ റാവുവിന് ലഭിച്ചത്. എം.ജി സര്‍വ്വകലാശാല ആസ്ഥാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിഖില്‍ കുമാറാണ് ഡോക്ടറേറ്റ് നല്കി ആദരിച്ചത്. സി.എന്‍.ആര് റാവുവിന് ഡിഎസ്സി ബിരുദവും ചിത്രകാരന് എ. രാമചന്ദ്രന്, പത്രപ്രവര്ത്തകന് എന്‍.റാം, അന്തരിച്ച ചലച്ചിത്ര സംവിധായകന് ദക്ഷിണാമൂര്‍ത്തി എന്നിവര്‍ക്ക് ഡി-ലിറ്റ് ബിരുദവുമാണ് നല്‍കിയത്.
വയസ്സ് എണ്‍പത് ആയെങ്കിലും കൂടുതല്‍ ഊര്‍ജ്ജസ്വലമായി കര്‍മ്മരംഗത്ത് തുടരാന്‍ പ്രചോദനം നല്‍കുന്നതാണ് എം.ജി സര്‍വ്വകലാശാല നല്കിയ ബഹുമതിയെന്ന് മറുപടി പ്രസംഗത്തില്‍ സി.എന്‍.ആര് റാവു പറഞ്ഞു. എം.ജി സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിക്കുന്ന ആദ്യ മലയാളിചിത്രകാരനാണ് താനെന്നതില്‍ അഭിമാനമുണ്ടെന്ന് എ. രാമചന്ദ്രന് പറഞ്ഞു. സമൂഹത്തെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ മാധ്യമപ്രവര്‍ത്തനത്തിന് കഴിയണമെന്ന് എന്‍.റാം പറഞ്ഞു. ദക്ഷിണാമൂര്‍ത്തിക്ക് വേണ്ടി ഭാര്യ കല്യാണിയമ്മാള്‍ ആണ് ബഹുമതി ഏറ്റുവാങ്ങിയത്. മന്ത്രി പി.കെ അബ്ദുറബ്ബ് മുഖ്യപ്രഭാഷണം നടത്തി. വൈസ് ചാന്‍സിലര്‍ ഡോ. എ.വി ജോര്‍ജ്ജ് പ്രശംസാപത്രങ്ങള്‍ സമര്‍പ്പിച്ചു. എംജി സര്‍വ്വകലാശാലയിലെ അന്താരാഷ്ട്ര നാനോ സെന്ററും ഗവര്‍ണ്ണര്‍ നിഖില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: