ബംഗളൂരു: നഗരമധ്യത്തിലെ എടിഎമ്മിനുള്ളില്‍ മലയാളിയായ ബാങ്ക് ജീവനക്കാരി ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതിക്കു വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. എടിഎമ്മിലെ ക്യാമറയില്‍ പതിഞ്ഞ അക്രമിയുടെ ദൃശ്യം കൂടുതല്‍ വ്യക്തതയോടെ പുറത്തുവിട്ടിട്ടുണ്ട്. ഗുരുതര പരുക്കേറ്റ് ചികിത്സയിലുള്ള സ്ത്രീക്ക് ബോധംവീണതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ശരീരത്തിന്റെ വലതുഭാഗം തളര്‍ന്ന നിലയിലാണെന്നും ഡോക്റ്റര്‍മാര്‍ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍, എടിഎം കൗണ്ടറുകള്‍ക്ക് മുന്നില്‍ മൂന്നു ദിവസത്തിനകം സെക്യൂരിറ്റി ഗാര്‍ഡുകളെ നിയോഗിക്കണമെന്ന് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ അന്ത്യശാസനം നല്കി.
ബംഗളൂരുവിലെ തിരക്കേറിയ ജെസി റോഡിലെ എടിഎം കൗണ്ടറിനുള്ളില്‍ ചൊവ്വാഴ്ച രാവിലെയാണ് ജ്യോതി ആനന്ദ് എന്ന നാല്‍പ്പത്തിനാലുകാരിയായ ബാങ്ക് മാനേജര്‍ ആക്രമിക്കപ്പെട്ടത്. സെക്യൂരിറ്റി ഗാര്‍ഡില്ലാത്ത എടിഎമ്മില്‍ നിന്ന് ജ്യോതി പണം പിന്‍വലിച്ചതിനു പിന്നാലെ അതിക്രമിച്ചുകയറിയ അക്രമി ഷട്ടറിടുകയായിരുന്നു. കാശ് കൈമാറാന്‍ ആവശ്യപ്പെട്ടെങ്കിലും ജ്യോതി പ്രതിരോധിച്ചു. തുടര്‍ന്ന് ബാഗില്‍ നിന്ന് വടിവാളും തോക്കിനു സമാനമായ മറ്റൊരു ആയുധവുമെടുത്ത അക്രമി അവരെ മുഖത്തും തലയിലും തുടര്‍ച്ചയായി പ്രഹരിക്കുകയായിരുന്നു. ബോധംകെട്ടുവീണ സ്ത്രീയുടെ പെഴ്സും മൊബെയില്‍ ഫോണുമെടുത്ത് അക്രമി കടന്നുകളഞ്ഞു. മൂന്നുമണിക്കൂറുകള്‍ക്കുശേഷം അതുവഴിപോയ സ്കൂള്‍ കുട്ടികളാണ് ഷട്ടറിനു പുറത്തേക്ക് രക്തം ഒഴുകുന്നതു മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: