ആലപ്പുഴ: സംസ്ഥാനത്ത് അമ്പതിന്റെയും നൂറിന്റെയും മുദ്രപത്രത്തിന് ക്ഷാമം. ജനം വലയുന്നു. കഴിഞ്ഞ മൂന്നു മാസമായി ക്ഷാമം തുടങ്ങിയിട്ട്. ഇരുപതിന്റെ മുദ്രപത്രമാണ് ഇപ്പോള്‍ പകരമായി ഉപയോഗിക്കുന്നത്. എന്നാല്‍ പല ബാങ്കുകളും ഇരുപതിന്റെ മുദ്രപത്രങ്ങള്‍ സ്വീകരിക്കുന്നില്ല. വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവിധ സാമ്പത്തിക സഹായങ്ങള്‍, ജലസേചന വകുപ്പ്, വൈദ്യുതി വകുപ്പ്, ഗ്യാസ്, വിവിധ സ്കോളര്‍ഷിപ്പുകള്‍, വാടക ചീട്ട് എന്നിവയ്ക്ക് നൂറിന്റെ മുദ്രപത്രമാണ് ആവശ്യമുള്ളത്.
മൂന്നു മാസമായി ട്രഷറികളില്‍ മുദ്രപത്രങ്ങള്‍ ലഭിക്കുന്നില്ല. ക്ഷാമത്തെ തുടര്‍ന്ന് പഴയ മുദ്രപത്രങ്ങള്‍ പുനര്‍മൂല്യം ചെയ്യാന്‍ ട്രഷറി ഡയറക്ടര്‍ തീരുമാനിച്ചിട്ടുണ്ട്. ഒന്നര രൂപ, രണ്ടര രൂപ വിലയുള്ള സ്റ്റാമ്പുകള്‍ 50 രൂപയുടെ പത്രങ്ങളാക്കാനും, മൂന്നിന്റെയും മൂന്നര രൂപയുടെയും വിലയുള്ള പത്രങ്ങള്‍ 100 രൂപയാക്കി പുനര്‍മൂല്യം ചെയ്യാനുമാണ് തീരുമാനം. ഇതുസംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ട്രഷറികളിലേക്കും ട്രഷറി ഡയറക്ടര്‍ സര്‍ക്കുലര്‍ അയച്ചു. ഓരോ ട്രഷറിയിലും ഒന്നര രൂപ, രണ്ടര, മൂന്ന് രൂപയുടെ പത്രങ്ങളുടെ സ്റ്റോക്ക് വിവരം അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
ജില്ലാ സ്റ്റാമ്പ് ഡിപ്പോ ഓഫീസര്‍മാര്‍ സര്‍ക്കാര്‍ നല്കുന്ന സീല്‍ ഉപയോഗിച്ച് റീവാല്യുഡേറ്റ് ചെയ്യാനുള്ള അധികാരവും നല്‍കിയേക്കും. പഴയ വിലയ്ക്കുള്ള പത്രങ്ങളില്‍ അമ്പതിന്റെയും നൂറിന്റെയും സീല്‍ പതിച്ച് ട്രഷറി ഉദ്യോഗസ്ഥര്‍ ഒപ്പിട്ടാണ് വെണ്ടര്‍മാര്‍ക്ക് ഇനി ലഭിക്കുക. നാസിക്കിലെ നാഷണല്‍ സെക്യൂരിറ്റി പ്രസിലാണ് മുദ്രപത്രങ്ങള്‍ പ്രിന്റ് ചെയ്യുന്നത്. അവിടെ നിന്ന് തിരുവനന്തപുരത്ത് കൊണ്ടുവന്ന ശേഷം ജില്ലകളിലെ ട്രഷറികള്‍ക്ക് നല്‍കുകയാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: