പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചതോടെ ആശങ്കകള്‍ പ്രദേശത്തിന് പുറത്തേക്കും വ്യാപിക്കുന്നു. എയര്‍പോര്‍ട്ട് കേന്ദ്രീകൃതമായ നഗരമാണ് കെജിഎസ് ഗ്രൂപ്പ് ആറന്മുളയില് വിഭാവനം ചെയ്യുന്നത്. ഇതിന്റെ ആദ്യഘട്ട നിര്‍മ്മാണത്തിന് തന്നെ 500 ഏക്കര്‍ ഭൂമി വേണ്ടിവരും 400 ഏക്കര്‍ കൈവശമുള്ളതായി കഴിഞ്ഞ ദിവസം കെജിഎസ് ഗ്രൂപ്പ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ 232 ഏക്കര്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ചത് എന്തുചെയ്യുമെന്ന് കമ്പനിയോ സര്‍ക്കാരോ വ്യക്തമാക്കിയിട്ടില്ല.
ആയിരം യാത്രക്കാരെ ഒരേസമയം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ടെര്‍മിനലാണ് കെജിഎസ് ഗ്രൂപ്പ് നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്. മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രി, ഷോപ്പിംഗ് മാള്‍, സ്റ്റാര്‍ ഹോട്ടലുകള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കൂള്‍, എന്നിവയെല്ലാം അടങ്ങുന്നതാണ് പ്രോജക്ട്. ഇക്കാര്യം കെജിഎസ് ഗ്രൂപ്പിന്റെ വെബ്സൈറ്റില്‍തന്നെ പറയുന്നുമുണ്ട്. ക്രമേണ ഇക്കാര്യങ്ങള്‍ നടപ്പിലാക്കണമെങ്കില്‍ ആവശ്യമായി വരുന്ന ഭൂമിയുടെ വിസ്തൃതി ഇപ്പോഴുള്ളതിന്റെ പതിന്മടങ്ങായിരിക്കും. ആറന്മുളപോലൊരു ഗ്രാമത്തിന് ഒരു വിമാനത്താവള നഗരത്തെ ഉള്‍ക്കൊള്ളാനുള്ള ശേഷിയില്ല. പരിസ്ഥിതിയെ മറന്ന് ഇത് നിര്മ്മിച്ചെടുക്കാനുമാവില്ല. ഇതിനുള്ള സ്ഥലം മറ്റ് വില്ലേജുകളില്‍ നിന്നും കണ്ടെത്തേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങും.
പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം പ്രാഥമിക ഘട്ടത്തില്‍ പാര്‍ക്കിംഗിനായി 80 മീറ്റര്‍ നീളവും 80 മീറ്റര്‍ വീതിയുമുള്ള സ്ഥലമാണ് ഒരുക്കേണ്ടത്. ഇവിടെ 40 കാറുകള്‍, 50 ടാക്സികള്‍, 10 ബസ്സുകള്‍ എന്നിവയുടെ സുഗമമായ യാത്രാ സൗകര്യം ഉറപ്പാക്കണം. രണ്ടാംഘട്ടത്തില്‍ പാര്‍ക്കിംഗ് ഏരിയാ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. അപ്പോള്‍ 205 കാറുകളും, 250 ടാക്സികളും 30 ബസ്സുകളും ഒരേ സമയം പാര്‍ക്കു ചെയ്യാനുള്ള സ്ഥലം കമ്പനി കണ്ടെത്തേണ്ടിവരും. അധികഭൂമി കണ്ടെത്തേണ്ട ആവശ്യകതയിലേക്ക് ഈ അനുമതി പത്രവും സൂചന നല്‍കുകയാണ്.
ആറന്മുളയില് നെല്‍വയലുകള്‍ നികത്തി എടുക്കുന്നതിനായി 72 ലക്ഷത്തിലധികം ടണ്‍ മണ്ണ് ആവശ്യമായി വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിനായി സമീപ പ്രദേശത്തെ കുന്നുകള്‍ ഇടിച്ചു നിരത്താതെ നിവര്ത്തിയുണ്ടാവില്ല. ഗുരുതമായ പാരിസ്ഥിതിക ഭീഷണിയാവും ഇത് സൃഷ്ടിക്കുക. ഇവിടെ താമസിക്കുന്നവരെ കുടിയിറക്കാനുള്ള ഗ്രീന്സിഗ്നല്കൂടിയാണ് മന്ത്രാലയത്തിന്റെ അനുമതിപത്രമെന്ന് വിശേഷിപ്പിക്കേണ്ടിവരും. ആറന്മുളയിലെ പദ്ധതി പ്രദേശത്ത് തണ്ണീര്‍ത്തടങ്ങള്‍ ഇല്ലെന്ന കണ്ടെത്തലും വിവാദമായിട്ടുണ്ട്. സെസ് നടത്തിയ പഠനത്തെ അധികരിച്ചാണ് മന്ത്രാലയത്തിന്റെ ഈ കണ്ടെത്തല്‍.
മൂന്ന് ഗ്രാമങ്ങളിലെ 20 ശതമാനത്തിലധികം ജനങ്ങളെ കുടിയിറക്കാതെ വിവാദ വിമാനത്താവള നിര്‍മ്മാണം സാധ്യമാവില്ല. പരിസ്ഥിതിയെ കൂട്ടുപിടിച്ച് പശ്ചിമഘട്ടത്തെ പൊതിഞ്ഞുപിടിക്കുന്നവര് ആറന്മുളയെന്ന ഗ്രാമത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് നയമാണ് പുറത്തെടുത്തിരിക്കുന്നത്. ജനവികാരം കൂടുതല്‍ ശക്തിപ്പെടുകയും അവര്‍ പ്രതിഷേധവുമായി തെരുവുകളിലേക്ക് ഇറങ്ങുകയും ചെയ്തതോടെ വിമാനത്താവള നിര്‍മ്മാണം അനായാസമാവില്ലെന്നുറപ്പായി കഴിഞ്ഞു. പദ്ധതിക്കെതിരേ ഹൈക്കോടതിയിലടക്കം നിലവിലുള്ള ഏഴോളം കേസുകളും കെജിഎസ് ഗ്രൂപ്പിന് മുന്നോട്ടു പോകുവാന്‍ വന്കടമ്പതന്നെ സൃഷ്ടിക്കും. ഇതിനിടെ 2015 ഡിസംബറില്‍ ആദ്യഘട്ടം പൂര്‍ത്തീകരിക്കുമെന്ന കെജിഎസ് ഗ്രൂപ്പിന്റെ അവകാശവാദം എങ്ങനെ ഫലപ്രാപ്തിയിലെത്തുമെന്നതിന് വിശദീകരണവുമില്ല.
ജി. സുനില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: