കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) ലോക മത്സ്യത്തൊഴിലാളിദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മത്സ്യവിഭവ സംരക്ഷണം മനുഷ്യരാശിയുടെ രക്ഷക്ക് എന്ന വിഷയത്തില്‍ നടന്ന വിളംബര റാലി കുഫോസ് വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ.ബി. മധുസൂദനക്കുറുപ്പ് ഫ്ലാഗ് ഓഫ് ചെയ്തു. താളമേളങ്ങളുടെ അകമ്പടിയോടെ ലേക്ഷോര് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച റാലിയില്‍ സര്‍വകലാശാല അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍, ഫിഷറീസ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, മത്സ്യത്തൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ അണിനിരന്നു.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം സി.പി. ജോണ്‍ ഉദ്ഘാടനം ചെയ്തു. ഹരിതവിപ്ലവത്തിന്റെയും ധവളവിപ്ലവത്തിന്റെയും മാതൃകയില്‍ മത്സ്യവിപ്ലവം സാധ്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത് മത്സ്യവ്യവസായമാണ്. മീന്‍പിടിത്ത സാങ്കേതിക വിദ്യകള്‍ക്ക് പകരം മത്സ്യപ്രജനന വിദ്യകളും മത്സ്യകൃഷിയുമാണ് വികസിപ്പിക്കേണ്ടത്. കേരളത്തിന്റെ തനത് മത്സ്യവൈവിധ്യങ്ങള്‍ അപകടകരമാം വിധം നശിച്ചുകൊണ്ടിരിക്കുകയാണ്. ഇത് തടയുന്നതിന് സര്‍വകലാശാല പഠനങ്ങള്‍ നടത്തി പ്രതിവിധി കണ്ടെത്തണം. ഫിഷറീസ് ശാസ്ത്രം വികസിപ്പിക്കുന്നതോടൊപ്പം മത്സ്യത്തൊഴിലാളികളുടെ സാമൂഹിക ഉന്നമനത്തിനും സര്‍വകലാശാല ഇടപെടലുകള്‍ നടത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ലോക മത്സ്യത്തൊഴിലാളി ദിനത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ ഡോ. കെ.ഗോപകുമാര്‍ പ്രഭാഷണം നടത്തി.
ലോകമത്സ്യത്തൊഴിലാളി ദിനത്തിന്റെ ഭാഗമായി ഫിഷറീസ് മേഖലയില്‍ പ്രാഗല്ഭ്യം തെളിയിച്ചവര്‍ക്കായി കുഫോസ് ഏര്‍പ്പെടുത്തിയ പ്രഥമ ഫിഷറീസ് പുരസ്കാര ജേതാക്കളെ പരിപാടിയില്‍ ഉപഹാരം നല്കി ആദരിച്ചു. മികച്ച പരമ്പരാഗത മത്സ്യത്തൊഴിലാളിയായി നായരമ്പലം സ്വദേശി കെ.കെ. സദാനന്ദന്, മികച്ച മത്സ്യകര്‍ഷകനായി പുത്തന്‍വേലിക്കരയിലെ വി.എം. ഷിബു, മികച്ച ഫിഷറീസ് ശാസ്ത്രജ്ഞനും ഭരണാധികാരിയുമായി സി.എം.എഫ്.ആര്.ഐ. മുന്‍ ഡയറക്ടറും കേരള കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലറുമായ ഡോ. ഇ.ജി. സെയിലാസ്, മികച്ച ഫിഷറീസ് വിദ്യാഭ്യാസവിചക്ഷണനായി കുസാറ്റില്‍ മറൈന്‍ സയന്‍സ് വിഭാഗത്തില്‍ മുന്‍ ഡീനും ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് വിഭാഗം മുന്‍ ഡയറക്ടറുമായ പ്രൊഫ. സി.ടി. സാമുവല്‍, മികച്ച ഫിഷറീസ് വിദ്യാര്‍ത്ഥിനിയായി 2013ല്‍ കുഫോസില്‍ നിന്നും ബിരുദം നേടിയ ഹര്‍ഷ ഹരിദാസ് എന്നിവരെയാണ് ആദരിച്ചത്.
സര്‍വകലാശാല ഗവേണിംഗ് കൗണ്‍സില്‍ അംഗം അഡ്വ. കെ.കെ. രാധാകൃഷ്ണന്, പ്രോ.വൈസ്ചാന്‍സലര്‍ പ്രൊഫ. സി.മോഹനകുമാരന്‍ നായര്‍, രജിസ്ട്രാര്‍ ഡോ.എബ്രഹാം ജോസഫ്, ഫിഷറീസ് ഡീന്‍ പ്രൊഫ.സാജന് ജോര്‍ജ്ജ്, പ്രൊഫ. കെ.വി.ജയചന്ദ്രന്, പ്രൊഫ. കെ.എസ്.പുരുഷന് എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ. എം.എസ്. രാജു സ്വാഗതവും വിദ്യാര്‍ത്ഥി യൂണിയന് സെക്രട്ടറി കെ.ബെന്സന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: