കായംകുളം: ശബരീശ സന്നിധിയിലേക്ക് കായംകുളത്തു നിന്നുള്ള ആദ്യ പദയാത്രസംഘങ്ങള് ഇന്ന് യാത്ര തിരിക്കും. ഗുരുസ്വാമി ബാബു കോയിപ്പുറത്തിന്റെ നേതൃത്വത്തിലുള്ള ശ്രീധര്‍മ്മശാസ്താ പദയാത്രാ സംഘം, കൃഷ്ണപുരം തത്ത്വമസി പദയാത്രാ സംഘവുമാണ് ഇന്ന് യാത്ര തിരിക്കുന്നത്. ശ്രീധര്‍മ്മശാസ്താ പദയാത്ര സംഘത്തില്‍ അറുപത് സ്വാമിമാരും തത്ത്വമസി പദയാത്രാ സംഘത്തില്‍ 101 സ്വാമിമാരുമാണുള്ളത്. കായംകുളത്തുനിന്നു തന്നെയുള്ള പുല്ലുകുളങ്ങര സ്വാമി അയ്യപ്പ ദര്‍ശന പദയാത്രാസംഘം വൃശ്ചികം എട്ടിനും പുതിയിടം സ്വാമി അയ്യപ്പ പദയാത്രാ സംഘം വൃശ്ചികം 12നും യാത്രതിരിക്കും. നൂറ്റിമുപ്പത് കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ചാണ് ശബരീശ പുണ്യം നേടുവാന്‍ ഇരുമുടി കെട്ടുമായി ശരണമന്ത്രങ്ങളുമായി അയ്യപ്പ സംഘം എത്തുന്നത്. ധനുമാസത്തില്‍ മാലയണിഞ്ഞ് 41 ദിവസത്തെ വ്രതാനുഷ്ഠാനത്തിനു ശേഷമാണ് സംഘം അയ്യപ്പ ദര്‍ശനത്തിനെത്തുന്നത്. 10 വയസ്സുള്ള കന്നിസ്വാമിമാര്‍ മുതല്‍ അറുപതു വയസ്സുവരെയുള്ള ഗുരുസ്വാമിമാര്‍ വരെ സംഘത്തിലുണ്ട്. പരമ്പരാഗത കാനനപാതയിലൂടെ ആചാരനനുഷ്ഠാനപ്രകാരമാണ് സംഘം സന്നിധാനത്തെത്തുന്നത്.
ഓണാട്ടുകരയിലെ പദയാത്രസംഘത്തിന്റെ യാത്ര ചരിത്രവുമായി ബന്ധപ്പെട്ടതാണ്. വനവാസിയും കാട്ടുകള്ളനുമായ ഉദയനനേയും സംഘത്തേയും ഉന്മൂലനം ചെയ്യുന്നതിനായി പന്തളകുമാരനായ മണികണ്ഠന് ചെങ്ങന്നൂരുള്ള കൊച്ചുകടുത്തസ്വാമിയുടെ കളരിയില്‍ നിന്ന് യോദ്ധാക്കളുമായി വനത്തിലേക്ക് യാത്രതിരിച്ചു.
കടുത്തസ്വാമിയുടെ കളരിയില്‍നിന്ന് അന്ന് അയ്യപ്പനെ സഹായിക്കാന്‍ പോയ ആഭ്യാസികള് ഓണാട്ടുകരയിലുള്ളവരായിരുന്നു. ഇതിന്റെ ഒര്‍മ്മകള്‍ പുതുക്കിയാണ് ഓണാട്ടുകരയിലെ പദയാത്രാസംഘങ്ങള്‍ ശബരിമല ദര്‍ശനത്തിന് പോകുന്നത്. നിര്ധനരായആളുകളെ കണ്ടെത്തി ശ്രീ ധര്‍മ്മശാസ്താ പദയാത്രസംഘം ക്ഷേമനിധി നല്‍കുന്നതിന്റെ ഉദ്ഘാടനം കഴിഞ്ഞദിവസം ദേവസ്വംബോര്‍ഡ് മെമ്പര്‍ സുഭാഷ് വാസു നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: