ശബരിമല: വാടകക്കായി മുറി എടുക്കുന്ന തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി. നിശ്ചയിച്ച എണ്ണത്തില്‍ കൂടുതല്‍ ആള്ക്കാര് എത്തിയാല്‍ അധികമായി വരുന്ന ഓരോരുത്തര്‍ക്കും വെവേറെ തുക ഈടാക്കും .
ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് തങ്ങുന്നതിനായുള്ള കെട്ടിടങ്ങളുടെ വാടക നാല് ഇരട്ടിയായി വര്‍ദ്ധിപ്പിച്ചതോടെയാണ് ആള്‍ക്കാരുടെ എണ്ണവും പരിമിതപ്പെടുത്തിയത്. ശബരി ഒഴികെ മറ്റൊരു കെട്ടിടത്തിലും ഇതിന് മുന്‍പ്പ് ആളുകളുടെ എണ്ണം നിജപ്പെടുത്തിയിരുന്നില്ല. പുതുതായി നവീകരിച്ച കെട്ടിടങ്ങള്‍ക്ക് തുക വര്‍ദ്ധിപ്പിച്ചതിന് പുറമെ ജികെഡി, പൂര്‍ണ്ണ പുഷ്ക്കല തുടങ്ങിയ കെട്ടിടങ്ങളുടെ വാടകയും നാലിരിട്ടിയായി വര്‍ദ്ധിപ്പിച്ചു. ജി.കെ. ഡിയിലെ ഹാളിന് 1125 രൂപയായിരുന്ന വാടക 6000രൂപയായും പൂര്‍ണ്ണ പുഷ്ക്കലയിലെ ഹാളിന് 1100 രൂപയായിരുന്ന വാടക 5000രൂപയായും വര്‍ദ്ധിപ്പിച്ചു.
ജികെഡിയില് തങ്ങുന്നവരുടെ എണ്ണം ഇരുപതായി നിജപ്പെടുത്തി. ഇരുപത് പേരില്‍കൂടുതല്‍ വരുന്നവര്‍ക്ക ് 250 രൂപ അധികം നല്‍കണം. 40പേര് അടങ്ങുന്ന സംഘം ജികെഡിയില് തങ്ങിയാല്‍ 11000 രൂപ വാടക നല്ക്കേണ്ടതായി വരും .12 മണികൂര് മാത്രമെ ഈ മുറിയില്‍ തങ്ങാന്‍ കഴിയു. പാലാഴി,സോപാനം,ശ്രീമണികണ്ഠ എന്നീ കെട്ടിടങ്ങളുടെയും വാടക വര്‍ദ്ധിപ്പിച്ചു.
ശ്രീമണികണ്ഠയില് നാല് പേര്‍ക്ക് തങ്ങാവുന്ന 1മുതല്‍ 24 വരെയുള്ള മുറികള്‍ക്ക് 400 രൂപയായിരുന്ന വാടക 1600 രൂപയായും ഉയര്‍ത്തി. ഇത് 12 മണികൂര് സമയത്തേക്കാണ് അത് കഴിഞ്ഞാല്‍ നാല് മണിക്കൂര്‍ കൂടി മുറിവേണമെങ്കില് 30 ശതമാനം തുകകൂടി ഈടാക്കും. പാലാഴിയിലെ ഒന്നു മുതല്‍ 24 വരെയുള്ള മുറികളുടെ വാടക 450രൂപയില്‍ നിന്ന് 1600 ആയി ഉയര്‍ത്തി. സോപാനത്തിലെ 9മുതല്‍ 24 വരെയുള്ള മുറികള്‍ക്ക് 250 രൂപയായിരുന്നത് 800രൂപയായി ഉയര്‍ത്തി.
ഇപ്പോള്‍ ചില കെട്ടിടങ്ങള്‍ നവീകരിച്ചിരുന്നു തറയിലും ഭിത്തിയിലും ടൈയില്‍ പാകുകയും പുതിയ ഫാനും വയറിംങ്ങും നടത്തി. നിരക്ക് വര്‍ദ്ധന ശബരി ഗസ്റ്റ് ഹൗസിനും ഏര്‍പ്പെടുത്തി.കഴിഞ്ഞദിവസം നിരക്ക് വര്‍ദ്ധനവ് അറിയാതെ വന്നവര്‍ മുറി എടുക്കാന്‍ പണം തികയാതെ വന്നതോടെ വിശ്രമപന്തലിലും തുറസായ സ്ഥലത്തും വിരിവെയ്ക്കുകയായിരുന്നു.കുത്തനെ ഉള്ള നിരക്ക് വര്‍ദ്ധനവ് സാധാരണ തിര്‍ത്ഥാടകരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഗുരുവായൂരില്‍ പോലും ഇത്ര ഭീമമായ വാടക ഈടാക്കുന്നില്ല. കൊച്ചു കുട്ടികളുമായി എത്തിയവര്‍ നിവൃത്തി ഇല്ലാതെ അമിത തുക വാടക നല്കിയ ശേഷം വഴിപാട് കഴിക്കുവാനും അരവണയും അപ്പവും വാങ്ങാന്‍ പണം ഇല്ലാതെ വിഷമത്തോടെയാണ് മല ഇറങ്ങിയത്.
രൂപേഷ് അടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: