തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ റോഡ് നിര്‍മ്മാണത്തിനെതിരെ പരിസ്ഥിതി മന്ത്രാലയത്തിന് റിസോര്‍ട്ട് ഉടമകള്‍ പരാതി നല്കി. വിഴിഞ്ഞം പദ്ധതിയുടെ പാരിസ്ഥിതികാനുമതിക്കു തടസം സൃഷ്ടിക്കാനാണ് സ്വകാര്യ റിസോര്‍ട്ട് ഉടമകളുടെ നീക്കം. പദ്ധതിക്കായി വിഴിഞ്ഞത്തു റോഡ് നിര്‍മിച്ചതിനെതിരെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു റിസോര്‍ട്ടുകളുടെ സംഘടനയാണ് പരാതി നല്‍കിയത്. പദ്ധതിക്കു പാരിസ്ഥിതികാനുമതി ലഭിക്കാതെയാണു റോഡ് നിര്‍മിച്ചതെന്നാണു പരാതി. പദ്ധതിയുടെ പാരിസ്ഥിതികാനുമതി ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണു പ്രദേശത്തു നിര്‍മിച്ച താത്കാലിക റോഡ് നിയമലംഘനമെന്നു ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. പരാതി പരിഗണിക്കുകയാണെങ്കില്‍ അനുമതി നല്കുന്നതില് തീരുമാനമെടുക്കാന്‍ വീണ്ടും വൈകും. രണ്ടു മാസമെങ്കിലും പരാതിയില്‍ തീര്പ്പുകല്പ്പിക്കാനായി മാറ്റി വയ്ക്കേണ്ടി വരും.
വിഴിഞ്ഞം പദ്ധതിയുടെ പാരിസ്ഥിതിക അനുമതിക്ക് അപേക്ഷിച്ച ശേഷം നിര്‍ദിഷ്ട പദ്ധതി പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ പരിസ്ഥിതി അനുമതി ആവശ്യമാണ്. ഇതു ലഭിക്കാതെ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ കേന്ദ്ര സര്‍ക്കാര്‍ തടയുമെന്നുറപ്പുണ്ടായിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. ഇത് വിഴിഞ്ഞം പദ്ധതിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന റിസോര്‍ട്ട് ഉടമകള്‍ മുതലെടുക്കുകയായിരുന്നു.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ പരാതി ലഭിച്ചെന്നു സ്ഥിരീകരിച്ചതോടെ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ അടിയന്തര യോഗം ചേര്‍ന്നു. എന്നാല്‍ പ്രത്യേക തീരുമാനമൊന്നും എടുത്തില്ല. അനുമതിയില്ലാതെ റോഡ് നിര്‍മിച്ചതില്‍ മാപ്പപേക്ഷിച്ചു വനംപരിസ്ഥിതി മന്ത്രാലയത്തെ ഖേദം അറിയിക്കുമെന്ന് തുറമുഖ മന്ത്രി കെ. ബാബു പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണു റോഡ് നിര്‍മിച്ചതെന്നും കെ. ബാബു പറഞ്ഞു. റിസോര്‍ട്ട് ഉടമകളുടെ പരാതി വനംവകുപ്പ് സ്വീകരിച്ച സാഹചര്യത്തിലാണ് അടിയന്തര യോഗം ചേര്‍ന്നു ഖേദം അറിയിക്കാന്‍ തീരുമാനിച്ചത്.
ഇതിനിടെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് വിഴിഞ്ഞം പദ്ധതിപ്രദേശം സന്ദര്‍ശിച്ചു. പദ്ധതിയെ തകര്‍ക്കാന്‍ റിസോര്‍ട്ട് ലോബിക്കൊപ്പം സര്‍ക്കാരും കൂട്ടുനില്‍ക്കുകയാണെന്ന് അച്യുതാനന്ദന് കുറ്റപ്പെടുത്തി. പദ്ധതിക്കായി എല്‍ഡിഎഫ് നടപ്പാക്കിയ കാര്യങ്ങള്‍ പോലും റിസോര്‍ട്ട് ലോബിക്കായി യുഡിഎഫ് സര്‍ക്കാര്‍ മരവിപ്പിക്കുകയാണ്. വിഴിഞ്ഞം പോര്‍ട്ടിന്റെ കൈവശമുള്ള സ്ഥലത്ത് റോഡ് നിര്‍മിച്ചതില്‍ തെറ്റില്ല. ഇവിടെയുള്ള അനധികൃത റിസോര്‍ട്ടുകള്‍ക്കും നിര്‍മാണ പ്രവര്ത്തനങ്ങള്ക്കുമെതിരെയാണു നടപടി വേണ്ടതെന്നും അച്യുതാനന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: