അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തില്‍ പുതിയ സഖ്യങ്ങള്‍ക്കും സമവാക്യങ്ങള്‍ക്കും കാരണമായേക്കും.
തെരഞ്ഞടുപ്പ് നടക്കുന്ന അഞ്ചില്‍ നാലിടത്തും ബിജെപി അധികാരത്തിലെത്തുമെന്ന സൂചന ലഭിച്ചതോടെ ഇത്തരമൊരു രാഷ്ട്രീയ പരിവര്‍ത്തനത്തിന് അരങ്ങൊരുങ്ങുന്നതായാണ് സൂചന. 2014 ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടി ബിജെപി മുന്നിലെത്തുകയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുകയും ചെയ്താല്‍ പിന്തുണക്കാന്‍ തയ്യാറാണെന്ന നിലപാടിലാണ് പ്രാദേശിക കക്ഷികളിലേറെയും ഇപ്പോള്‍ തന്നെ.
തെരഞ്ഞടുപ്പിന് മുന്‍പ് അന്ധമായ ബിജെപി വിരോധം പ്രഖ്യാപിച്ച് പുതിയ മുന്നണി രൂപീകരിക്കാനുള്ള ഇടതുപക്ഷത്തിന്റെയും നിതീഷ് കുമാറിന്റെയും നീക്കങ്ങള്‍ക്ക് പ്രാദേശിക കക്ഷികളുടെ ഈ നിലപാട് തിരിച്ചടിയായിരിക്കുകയാണ്. ഇടതുപക്ഷത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദല്‍ഹിയില്‍ ചേര്‍ന്ന കൂട്ടായ്മയില്‍ പങ്കെടുത്ത കക്ഷികളില്‍ പലരും ഇപ്പോള്‍ നിലപാട് മാറ്റിക്കഴിഞ്ഞു. ഇടതുപക്ഷവും സമാജ്വാദി പാര്‍ട്ടിയും നിതീഷ് കുമാറും മാത്രമാണ് ഇപ്പോള്‍ മൂന്നാം മുന്നണി എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത്. ഇവരുടെ നിലപാടുകളാകട്ടെ ബിജെപി വിരോധം,നരേന്ദ്ര മോദി വിരോധം എന്ന തീര്‍ത്തും നിഷേധാത്മകമായ സമീപനങ്ങളില്‍ നിന്നുരുത്തിരിഞ്ഞതുമാണ്.
രണ്ടാം യുപിഎ സര്‍ക്കാരിനെതിരായ ജനവിധി ബിജെപിക്കനുകൂലം കൂടിയാകുമെന്ന് മറ്റു കക്ഷികളെല്ലാം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഈ തിരിച്ചറിവാകാം അവരുടെ നിലപാടു മാറ്റത്തിനു പിന്നില്‍.
പുതിയ മുന്നണി എന്ന ആശയം ആദ്യം അവതരിപ്പിച്ചത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും നിതീഷ് കുമാറും ചേര്‍ന്നാണ്. എന്നാല്‍ പിന്നീട് നിതീഷ് കുമാര്‍ മമതയെയും പട്നായികിനെയും കബളിപ്പിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ ഇരുവരും കരുതുന്നത്. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും തുല്യ അകലം പാലിക്കുന്ന പുതിയ മുന്നണി എന്ന സങ്കല്പമാണ് അവരിരുവരും മുന്നോട്ട് വച്ചിരുന്നത്. തുടക്കത്തില്‍ അതിനെ അംഗീകരിച്ചിരുന്ന നിതീഷ് കുമാര്‍ പിന്നീട് നിലപാട് മാറ്റിയത് അവരെ അത്ഭുതപ്പെടുത്തിക്കാണും. ബിജെപിയെ പ്രഥമ ശത്രുവായി പ്രഖ്യാപിച്ച് കോണ്‍ഗ്രസിന്റെ ബി ടീമായി പ്രവര്‍ത്തിക്കുന്ന ഒരു മുന്നണിയാണ് നിതീഷിന്റെ മനസിലിരിപ്പ് എന്ന് അവര്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞു. ഇക്കാര്യത്തില്‍ ഇപ്പോള്‍ നിതീഷ് കുമാറിന്റെ കൂടെയുള്ളത് ഇടതു പക്ഷം മാത്രമാണെന്ന് പറയാം. ഇടതുപക്ഷവുമായി ചേര്‍ന്ന് മുന്നണിയുണ്ടാക്കാനുള്ള നീക്കം ആരംഭിച്ചപ്പൊഴേ മമത പിന്മാറിയിരുന്നു.
നവീന്‍ പട്നായിക്കും എഐഎഡിഎംകെയും ദല്‍ഹി കണ്‍വെന്‍ഷനില്‍ പങ്കെടുത്തുവെങ്കിലും അവരും ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നുവെന്നാണ് സൂചന. സഖ്യങ്ങളെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാകില്ല.എല്ലാം തെരഞ്ഞടുപ്പ് കഴിഞ്ഞ് എന്നാണ് ജയലളിതയും നവീന്‍ പട്നായിക്കും ഒടുവില്‍ വെളിപ്പെടുത്തിയിട്ടുള്ളത്. പിന്നെ മൂന്നാം മുന്നണിയില്‍ അവശേഷിക്കുന്നത് മുലായം സിംഗ് യാദവും ലാലു പ്രസാദ് യാദവും മായാവതിയും മാത്രമായിരിക്കും.
അതായത് ബീഹാറും യുപിയും മാത്രം. നിതീഷ് കുമാറും ലാലുവും പഴയ വിരോധങ്ങളെല്ലാം മറന്ന് പുതിയ നീക്കത്തില്‍ കൈകോര്ക്കുമന്നാണ് സൂചന. ബീഹാറും യുപിയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാണ്. യുപിയില്‍ 80 സീറ്റുകള്‍, ബീഹീറില് നാല്പത്. ആകെ 120.തീര്‍ച്ചയായും വലിയൊരു സംഖ്യ തന്നെ. പക്ഷേ ഇപ്പറയുന്ന മൂന്നാം മുന്നണി കക്ഷികളില്‍ ആര്‍ക്കും ഇതില്‍ മേജര്‍ ഷെയര്‍ ലഭിക്കാനിടയില്ല.
യുപിയില്‍ മുസാഫര്‍ നഗര്‍ കലാപത്തിനുശേഷം എസ്പിയുടെയും മുലായം സിംഗ് യാദവിന്റയും നില പരുങ്ങലിലാണ്. അഖിലേഷ് യാദവ് സര്‍ക്കാര്‍ അനുദിനം ജനപ്രീതി നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇക്കുറി എസ്പിക്ക് 20 സീറ്റുപോലും നേടാനാകില്ലെന്ന് വ്യക്തം. മൂന്നാം മുന്നണിയുടെ ഭാഗമാകാന്‍ സാധ്യതയുള്ള ബിഎസ്പിയുടെയും അവസ്ഥ ഏറെക്കുറെ സമാനമാണ്. മായാവതി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ചെയ്തുകൂട്ടിയ അഴിമതികള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ അവര്‍ക്ക് കാലിടറുകയാണ്. കേസ് അന്വേഷിക്കുന്ന സിബിഐയുടെ ഭാഗത്തുനിന്ന് ഇപ്പോള്‍; കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന കാലത്തോളം ഭയപ്പെടേണ്ടതായി ഒന്നുമില്ലെങ്കിലും ജനങ്ങളുടെ കോടതിയില്‍ അവര്‍ വിചാരണ ചെയ്യപ്പെടുമെന്നുറപ്പാണ്. എസ്പിയെപ്പോലെതന്നെ അതിവേഗം ജനങ്ങളില്‍ നിന്നകലുകയാണ് ബിഎസ്പിയും.
ബീഹാറിലും സ്ഥിതി വ്യത്യസ്തമല്ല. നിതീഷ് കുമാറിന്റെ രാഷ്ട്രീയ പാരമ്പര്യം കോണ്‍ഗ്രസ് വിരോധികളായ സോഷ്യലിസ്റ്റുകളുടേതാണ്. എല്ലാക്കാലത്തും കോണ്‍ഗ്രസിനെതിരെ ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചിരുന്ന ബീഹാര്‍ രാഷ്ട്രീയത്തിന്റെ ഇങ്ങേയറ്റത്തു നില്ക്കുന്ന കണ്ണിയാണ് നിതീഷ് കുമാര്‍. അദ്ദേഹം സ്വയം അത് തിരിച്ചറിയുന്നില്ലെങ്കിലും.
ജയപ്രകാശ് നാരായണന്, രാം മനോഹര്‍ ലോഹ്യ, ജോര്‍ജ് ഫെര്‍ണാണ്ടസ് തുടങ്ങിയവരുടെ പന്മുറക്കാരന്. എന്നാല്‍ ആ മഹാരഥന്മാരുടെ രാഷ്ട്രീയ നിലപാടുകളെ ഉപേക്ഷിച്ച് നിതീഷ് കുമാര്‍ പരോക്ഷമായെങ്കിലും കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിക്കുന്നതിനെ ബീഹാര്‍ ജനത എങ്ങനെ ഉള്‍ക്കൊള്ളുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സഖ്യം അവസാനിപ്പിച്ച ശേഷം ബീഹാറില്‍ ബിജെപിയും നിതീഷ്കുമാറിന്റെ ജനതാ ദള്‍ (യു)വും തനിച്ച് തെരഞ്ഞടുപ്പ് നേരിടുകയാണ്. ജനതാദളിനേക്കാള്‍ വോട്ടര്‍മാര്‍ പിന്തുണക്കുക ബിജെപിയെ ആയിരിക്കുമെന്ന് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നു. ലാലു പ്രസാദ് യാദവിന്റെ കാര്യമാണ് അതിലേറെ കഷ്ടം. അദ്ദേഹം മൂന്നാം മുന്നണിയുടെ ഭാഗമാണെന്ന് സ്വയം അവകാശപ്പെടുന്നുണ്ടെങ്കിലും തെരഞ്ഞടുപ്പില്‍ ലാലുവിന്റെ പാര്‍ട്ടിക്ക് കാര്യമായൊന്നും നേടാനാകില്ല എന്നാണ് സൂചന. മൂന്നാം മുന്നണിയുടെപ്രധാന തട്ടകമായ യുപി ,ബീഹാര്‍ സംസ്ഥാനങ്ങളിലെ അവസ്ഥയാണിത്.
ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ഈ മാസമാദ്യം പുറത്തു വിട്ട സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പ്രകാരം യു പിയിലും ബീഹാറിലും ബിജെപി നേട്ടമുണ്ടാക്കും. രണ്ടും സംസ്ഥാനങ്ങളിലും കൂടിയുള്ള 120 സീറ്റുകളില്‍ 40 നും 60 നും ഇടയില്‍ സീറ്റുകള്‍ ബിജെപി ഒറ്റക്കു സ്വന്തമാക്കുമന്നാണ് സര്‍വ്വേ പ്രവചനം. ഈ വസ്തുതകള്‍ പകല്‍പോലെ വ്യക്തമായതു കൊണ്ടാകണം നവീന്‍ പട്നായിക്കും ജയലളിതയും മൂന്നാം മുന്നണി നീക്കത്തോട് ആവേശം കാണിക്കാത്തത്.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: