തിരുവനന്തപുരം: സ്വര്‍ണ്ണം വാരി ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനം റെയില്‍വേയുടെ മുന്നേറ്റം. 12 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് സ്വര്‍ണവും രണ്ടു വെള്ളിയും നേടി റെയില്‍വേയുടെ താരങ്ങള്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചു. ആദ്യദിനം മൂന്ന് മീറ്റ് റിക്കാര്‍ഡുകള്‍ക്ക് പിരപ്പന്‍കോഡ് അന്താരാഷ്‌ട്ര നീന്തല്‍കുളം സാക്ഷ്യം വഹിച്ചു.
കര്‍ണാടകയും മഹാരാഷ്‌ട്രയും റയില്‍വേയുമെല്ലാം മെഡലുകള്‍ വാരിക്കൂട്ടാന്‍ മത്സരിച്ചപ്പോള്‍ രണ്ട് വെങ്കലം കൊണ്ട് കേരളത്തിന് തൃപ്തിപ്പെടേണ്ടിവന്നു.
കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ കര്‍ണാടകം മെഡലുകള്‍ വാരിക്കൂട്ടാം എന്ന പ്രതീക്ഷയുമായി നീന്തല്‍ കുളത്തിലിറങ്ങിയെങ്കിലും മുന്നേറാനായില്ല. ഒരു സ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്കലവുമാണ് ഇന്നലെ കര്‍ണാടകം നേടിയത്. രണ്ട് സ്വര്‍ണവും രണ്ട് വെങ്കലവും ഒരു വെള്ളിയും സ്വന്തമാക്കി മഹാരാഷ്‌ട്രയും മികച്ച പ്രകടനവുമായിരംഗത്തു്. കാണികളെ ആവേശഭരിതരാക്കി ചാമ്പ്യന്‍ഷിപ്പിലെ ആദ്യമത്സരത്തില്‍ തന്നെ റെക്കോര്‍ഡ് പിറന്നു. ഫോട്ടോ ഫിനിഷിംഗിലൂടെ പുരുഷന്‍മാരുടെ 400 മീറ്റര്‍ ഫ്രീസ്റ്റെയിലില്‍ റയില്‍വേയുടെ സാജന്‍ പ്രകാശ് റെക്കോര്‍ഡോടെ സ്വര്‍ണം കരസ്ഥമാക്കി. കഴിഞ്ഞതവണത്തെ റിക്കാര്‍ഡ് ജേതാവായ കര്‍ണാടകയുടെ സൗരഭ് സാംഗ്വാറിനെ അട്ടിമറിച്ചാണ് സാജന്‍ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. സൗരഭിന്റെ 3.58.62 മിനിറ്റെന്ന റിക്കാര്‍ഡാണ് സാജന്‍ 3.58.51 മിനിറ്റായി തിരുത്തിയത്. പുരുഷന്‍മാരുടെ 200 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ റയില്‍വെയുട സന്ദീപ് സജ്വാള്‍ കഴിഞ്ഞവര്‍ഷത്തെ സ്വന്തം റെക്കോര്‍ഡ് തന്നെ തിരുത്തികുറിച്ചു. 2മിനിട്ട് 15.77സെക്കന്‍ഡ് എന്ന റെക്കോര്‍ഡ് 2മിനിട്ട് 15.22 സെക്കന്‍ഡായി തിരുത്തികുറിച്ചു. പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ ഗുജറാത്തുകാരിയായ മന്നാ പട്ടേല്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 2003ല്‍ കര്‍ണാടകയുടെ ശിഖാ ടാന്‍ഡന്‍ സ്ഥാപിച്ച ഒരു മിനിട്ട് 06.95 സെക്കന്‍ഡിനെ ഒരു മിനിട്ട് 06.58 സെക്കന്‍ഡായി തിരുത്തിക്കുറിച്ചാണ് ഈ 13 കാരി റെക്കോര്‍ഡ് സ്വന്തമാക്കിയത്. 50മീറ്റര്‍, 200 മീറ്റര്‍ ബാക്ക് സ്ട്രോക്ക് ഇനങ്ങളില്‍ ഗുജറാത്തിന്റെ മെഡല്‍ പ്രതീക്ഷയുമാണ് ഈ കൗമാരക്കാരി. വനിതകളുടെ 100 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ എസ്.എസ്. ആരതി കേരളത്തിന് ആദ്യ മെഡല്‍ സമ്മാനിച്ചു.
പിരപ്പന്‍കോട് പുതുതായി പണിതീര്‍ത്ത അന്താരാഷ്‌ട്ര അക്വാട്ടിക് കോംപ്ലക്സില്‍ ഈമാസം 24വരെയാണ് 67-ാമത് ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. രാവിലെ എട്ടിന് മത്സരങ്ങള്‍ ആരംഭിച്ചു. ചാംപ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.
നീന്തല്‍, ഡൈവിംഗ്, വാട്ടര്‍പോളോ എന്നീ ഇനങ്ങളില്‍ പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കുമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. സ്വിമ്മിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ കേരള അക്വാട്ടിക് അസോസിയേഷനാണ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. 24 സംസ്ഥാനങ്ങളെയും റെയില്‍വെ, പൊലീസ്, സര്‍വീസസ് ടീമുകളെയും പ്രതിനീധീകരിച്ച് 700ഓളം പുരുഷ-വനിതാ നീന്തല്‍ താരങ്ങള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: