രാമനാഥ ഗോയങ്ക, അടല്‍ ബിഹാരി വാജ്പേയി, ശിവരാജ് സിംഗ് ചൗഹന്, സുഷമസ്വരാജ്. അതിപ്രശസ്തര്‍, രാജ്യം മുഴുവന്‍ അറിയുപ്പെടുന്നവര്. ഇവര്‍ക്കെല്ലാം കടപ്പാടുള്ള ഒരിടമുണ്ടെങ്കില്‍ അതാണ് വിദിശ. മധ്യപ്രദേശിലെ വി വി ഐ പി മണ്ഡലം. രാജ്യത്തിന്റെ ഏറ്റവും മധ്യഭാഗത്തുള്ള വിദിശയെ ലോകസഭയില്‍ പ്രതിനിധീകരിച്ചവരാണ് നാലുപേരും. ബിജെപി തോല്‍വിയറിയാത്ത മണ്ഡലം പത്രലോകത്തെ അതികായന് രാമനാഥ ഗോയങ്കെ 1971 ല്‍ ജനസംഘം ടിക്കറ്റില്‍ ഇവിടെ ജയിച്ചു. 91 ല്‍ വാജ്പേയി മത്സരിച്ച രണ്ടു സീറ്റില്‍ ഒന്ന് വിദിശയായിരുന്നു. വാജ്പേയി രാജിവെച്ചതിനെതുടര്ന്നുള്ള ഉപതെരഞ്ഞെടുപ്പ് മുതല്‍ 5 തവണ ലോകസഭയിലേക്ക് വിദിശക്കാര് വിട്ടത് ഇപ്പോഴത്തെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനേയും. പ്രതിപക്ഷനേതാവ് സുഷമ സ്വരാജാണിപ്പോള് ലോകസഭയിലെ പ്രതിനിധി.
വിദിശ വീണ്ടും ശ്രദ്ധാകേന്ദ്രമാവുകയാണ്. ലോകസഭാമണ്ഡലത്തില്‍ പെട്ട വിദിശ നിയമസഭാമണ്ഡിലത്തില് മുഖ്യമന്ത്രി ചൗഹാന് സ്ഥാനാര്‍ത്ഥിയാണ് എന്നതാണ് കാര്യം. സിറ്റിംഗ് മണ്ഡലമായ ബുധ്നിക്കു പുറമെയാണിവിടെക്കുടി മത്സരിക്കുന്നത് എന്നതാണ് പ്രത്യേകത.
ബിജെപി സുഖമായി ജയിക്കുമെന്ന് നേതാക്കളെല്ലാം പറയുന്നു. പത്രങ്ങളും എഴുതുന്നു. എങ്കില്‍ പിന്നെന്തിന് ചൗഹാന് രണ്ടു സീറ്റില്‍ മത്സരിക്കണം എന്ന സംശയമാണ് വിദിശയില്‍ നേരിട്ടു പോകാന്‍ പ്രേരണ.
ഓടിക്കുമെങ്കില്‍ കാര്‍ തരാം. കൂടെയും വരാം. 80 വയസ്സായതിനാല്‍ ദുരെ ഓട്ടം ബുദ്ധിമുട്ടാണ്. ജന്മഭൂമിയിലെ സഹപ്രവര്ത്തകന് ആര്.പ്രദീപിന്റെ പേരപ്പനും ബിഎച്ച്ഇഎല്ലിലെ മുന്‍ ജീവനക്കാരനുമായ പി.വി.പിള്ള പറഞ്ഞു. പിള്ളയുടെ കാര്‍ എടുത്ത് വിദിശയിലേക്ക്. ഭോപ്പാലില്‍ നിന്ന് 56 കിലോമീറ്റര്‍ .ലോകപ്രശസ്തമായ ബുദ്ധസ്മാരകം സ്ഥിതി ചെയ്യുന്ന സാഞ്ചി ഇടയ്ക്കുണ്ട്. അവിടെയും കയഠി.
ഭോപ്പാല്‍ മുതല്‍ വിദിശ വരെ മനോഹരമായ വഴി. ഇരുവശത്തും ഗോതമ്പുപാടങ്ങള്‍. ഇടയ്ക്ക് തേക്കിന് കാടുകളും. വഴിയിലൊരിടത്തും തെരഞ്ഞെടുപ്പിന്റെ സൂചനയോന്നുമില്ല. പോസ്റ്ററോ പതാകയോ ഒന്നും ഒരിടത്തുമില്ല.
വിദിശ പട്ടണം പൊടി പടര്‍ന്നു കിടക്കുകയാണ്. വിവിഐപി മണ്ഡലത്തിന്റെ പ്രൗഡിയൊന്നുമില്ല. റോഡുകളൊക്കെ ഉയര്ത്തിപ്പണിയുകയാണ്. ടാര്‍ മാറ്റി കോണ്ക്രീറ്റിടുന്നു. വെള്ളപ്പൊക്കത്തില്‍ സ്ഥിരമായി ഒലിച്ചുപോകുന്നതിലാണ്. പട്ടണത്തിലും തെരഞ്ഞെടുപ്പ് ചൂടൊട്ടുമില്ല. ആറേഴ് സ്ഥലത്ത് ചൗഹാന്റെ ചിത്രം പതിച്ച ബോര്‍ഡുകള്‍ കണ്ടു. അത്രമാത്രം.
ചായകുടിക്കാന്‍ തട്ടുകടയുടെ മുന്നില്‍ നിര്‍ത്തി. കടക്കാരനോട് ആര് ജയിക്കും എന്നു ചോദിക്കും മുമ്പ് ഉത്തരം, ചൗഹാന് സാബ്. അടുത്തുള്ള സ്റ്റേഷനറിക്കാരനും ഇടപെട്ടു. ചൗഹാന് സാബ് ആയതിനാല്‍ ഇത്തവണയും ബിജെപി ജയിക്കും.ചൗഹാന് എന്തിന് രണ്ടു സീറ്റില്‍ മത്സരിക്കുന്നു എന്നതിന്റെ ഉത്തരം കുടിയായിരുന്നു അയാളുടെ വാക്കുകള്‍.
ജയിന് സമുദായത്തിന് വന്‍ സ്വാധീനമുള്ള മണ്ഡലം.. സമുദായാംഗമായ രാഘവജിയാണ് നിലവിലെ എംഎല്‍എ. ചൗഹാന് മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന രാഘവജിയെ പാര്‍ട്ടിയില്‍നിന്നും മന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കി. ജീവനക്കാരനോട് മോശമായി പെരുമാറിയതു സംബന്ധിച്ച കേസ് വന്നതിനെ തുടര്‍ന്നാണത്.
പുതിയൊരാളെ പെട്ടന്നു കൊണ്ടുവന്നാല്‍ വിജയത്തിന് കുടുതല്‍ വിയര്‍പ്പൊഴുക്കേണ്ടിവരും. വിദിശയിലെ വിജയം ബിജെപിക്ക് അഭിമാന പ്രശ്നവുമാണ്. സുരക്ഷിത വിജയം ഉറപ്പിക്കാന്‍ ചൗഹാന് തന്നെ മത്സരിക്കുക എന്നത് പാര്‍ട്ടിയുടെ തന്ത്രം.
അത് ശരിയെന്നു തെളിയിക്കുന്നതാണ് ജനങ്ങളുടെ പ്രതികരണം. ബിജെപിക്ക് മാത്രം വോട്ടുകുത്തുന്ന ജയിന് വിഭാഗം രാഘവജിയെ പുറത്താക്കിയതില്‍ വിഷമത്തിലാണ്. അത് വോട്ടില്‍ പ്രതിഫലിച്ചാല്‍ ബിജെപി തോല്‍ക്കും. വിദിശയിലെ വ്യവസായ പ്രമുഖനായിരുന്ന മലയാളി സത്യനേശന്റെ മകനും ബിജെപിക്കാരനുമായ രഞ്ജിത്തിന്റെയും അഭിപ്രായം അതുതന്നെ. ജനസംഘം ടിക്കറ്റില്‍ വിദിശ നഗരസഭയിലേക്ക് മത്സരിച്ചിട്ടുള്ളയാളാണ് സത്യനേശന്.
വാജ്പേയി ഉല്‍പ്പെടെയുള്ള നേതാക്കള്‍ക്ക് വീട്ടില്‍ ആതിഥേയത്വം നല്‍കിയിട്ടുമുണ്ട്. ചൗഹാനായതില് വിജയം ഉറപ്പെന്ന് രഞ്ജിത്തും ഉറപ്പിച്ചു.
മധ്യപ്രദേശില്‍ നിന്നും പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: