കൊച്ചി: മാനസികമായി പീഡിപ്പിച്ച് കേസ് പിന്‍വലിപ്പിക്കാനുള്ള ശ്രമമാണു പോലീസ് നടത്തുന്നതെന്ന് നടുറോഡില്‍ മര്‍ദ്ദനമേറ്റ വനിതാ ട്രാഫിക് വാര്ഡന്. ഇതിനു തന്റെ ഡിപ്പാര്‍ട്ട്മെന്റിലെ ചില ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതായും ട്രാഫിക് വാര്ഡന് പത്മിനി പത്രസമ്മേളനത്തില്‍ ആരോപിച്ചു.
നടു റോഡില്‍ തനിക്കേല്‍ക്കേണ്ടിവന്ന അപമാനത്തില്‍ നീതി നേടിയെടുക്കുന്നതില്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ത്ന്നോടൊപ്പം നില്‍ക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ സംഭവം നടന്നതുമുതല്‍ ഇന്നുവരെ തന്നെ മാനസികമായി തളര്‍ത്തുന്ന സമീപനങ്ങളാണ് ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ എസ്ഐ സുരേന്ദ്രന്, ഹെഡ് കോണ്‍സ്റ്റബിള്‍ അഷറഫ്, ഏതാനം ചില സഹപ്രവര്‍ത്തകരും തനിക്കെതിരായി പ്രവര്‍ത്തിക്കുന്നു. തനിക്കെതിരായുണ്ടായ ആക്രമണം പോലും സഹപ്രവര്‍ത്തകരുടെ പ്രേരണയാല്‍ ഉണ്ടായതാണോയെന്ന് സംശയിക്കുന്നു. എന്നാല്‍ ഡിപ്പാര്‍ട്ട്മെന്റിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ അവരുടെ പരിധിക്കുള്ളില്‍ നിന്നും തനിക്ക് പിന്തുണ നല്‍കുന്നുണ്ട്.
വാദിയെ പ്രതിയാക്കുന്ന സമീപനമാണ് പോലീസ് ഇപ്പോള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. മൊഴിയെടുക്കാനെന്ന് പറഞ്ഞ് പലപ്പോഴായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഉദ്യോഗസ്ഥര്‍ തന്നെ മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. താനുമായി ഫോണില്‍ ബന്ധപ്പെടുന്നവരെ കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണു പോലീസ്. തന്നെ സഹായിക്കുന്നവരെ സമ്മര്‍ദ്ദത്തിലൂടെ പിന്തിരിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ മൊഴി മാറ്റിപ്പറയിപ്പിച്ചതൊക്കെ അതിനുദാഹരണമാണ്. നിരന്തരം സമര്‍ദ്ദം ചെലുത്തി തന്നെ കേസില്‍ നിന്നും പിന്തിരി്പ്പിക്കാനാണ് ശ്രമമെങ്കില്‍ അതിനു താന്‍ തയ്യാറല്ല. എന്തു ബുദ്ധിമുട്ട് സഹിച്ചാണെങ്കിലും നീതി ലഭിക്കുന്നതുവരെ കേസുമായി മുന്നോട്ട് പോകും.
സാധാരണക്കാര്‍ക്ക് നീതി നടപ്പാക്കിക്കൊടുക്കേണ്ട പോലീസ് പണത്തിനു സ്വാധീനത്തിനും വഴങ്ങുന്നവരായി മാറുന്നതാണ് ദുഖകരമാണ്. സംഭവം നടന്ന് 18 ദിവസം പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് പോലീസിന്റെ അനാസ്ഥയാണ്. കേസ് അന്വേഷണം സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അന്വേഷണം അട്ടിമറിക്കാനാണ് പോലീസിന്റെ നീക്കമെങ്കില്‍ കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ യൂണിഫോമില്‍ മരണം വരെ സത്യഗ്രഹം നടത്തുന്നതുള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും പത്മിനി മുന്നറിയിപ്പ് നല്കി. അതോടൊപ്പം സംഭവത്തിന്റെ സത്യാവസ്ഥ കാട്ടി ഐജിക്കും മനുഷ്യാവകാശ കമ്മീഷനും, പട്ടികജാതി ക്ഷേമ കോര്‍പറേഷനും പരാതിനല്‍കുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: