തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിന്റെ ആവശ്യത്തിനായി കെജിഎസ് ഗ്രൂപ്പിന് ഇനിയും ഭൂമി നികത്താം. വിമാനത്താവളത്തിന് ഭൂമി ആവശ്യമുണ്ടെങ്കില്‍ ഇനിയും നികത്താമെന്നും മറ്റൊരാവശ്യത്തിനും ഭൂമി നികത്താന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കര്‍ഷകര്‍ക്കുവേണ്ടി വാദിക്കുമ്പോള്‍ ആറന്മുളയിലെ കര്‍ഷകരെയും കുടിയൊഴിപ്പിക്കപ്പെടുന്നവരെയും കാണാതിരിക്കുന്നത് ഇരട്ടത്താപ്പല്ലേ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം മുഖ്യമന്ത്രി നല്‍കിയില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയതെന്ന പതിവ് മറുപടി ആവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സര്‍ക്കാര്‍ അത്തരത്തിലൊരു തെറ്റുചെയ്തെങ്കില്‍ ഈ സര്‍ക്കാര്‍ അതു തിരുത്താനല്ലേ ശ്രമിക്കേണ്ടതെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമുണ്ടായില്ല. തുടര്‍ച്ചയായി മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഉത്തരം പറയാതെ പത്രസമ്മേളനം അവസാനിപ്പിച്ച് എഴുന്നേറ്റ് പോകുകയും ചെയ്തു.
കഴിഞ്ഞ സര്‍ക്കാര്‍ ചെയ്ത തെറ്റ് ഈ സര്‍ക്കാരും ആവര്‍ത്തിക്കണോ എന്ന ചോദ്യത്തിനും ഉമ്മന്‍ചാണ്ടിക്ക് ഉത്തരം ഉണ്ടായില്ല. അവിടെ ഒരുതുണ്ടു ഭൂമിയും ഇനി നികത്തില്ലെന്നായിരുന്നു പ്രതികരണം. എന്നാല്‍ 250 ഏക്കറിലധികം ഭൂമി ഇനിയും വേണമെന്നാണ് വിമാനത്താവള കമ്പനിയുടെ ആവശ്യമെന്ന് പറഞ്ഞപ്പോള്‍ വിമാനത്താവളത്തിന്റെ ആവശ്യത്തിനും റണ്‍വേക്കും അല്ലാതെ മറ്റൊരാവശ്യത്തിനും ഇനി ഭൂമി നികത്താന്‍ അനുവദിക്കില്ലെന്നായി മറുപടി. ആറന്മുളയിലെ ക്ഷേത്രത്തെയും അവിടുത്തെ ജനങ്ങളെയും ബാധിക്കുന്ന വിമാനത്താവള പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ എന്തിനാണിത്ര വാശിപിടിക്കുന്നതെന്ന ചോദ്യത്തിനും മുഖ്യമന്ത്രിക്ക് ഉത്തരമുണ്ടായില്ല. ക്ഷേത്രഗോപുരവും മുഖമണ്ഡപവും മാറ്റണമെന്നതരത്തില് റിപ്പോര്‍ട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരാണ് എല്ലാം ചെയ്തതെന്ന മറുപടി അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനപദ്ധതിയെ ഈ സര്‍ക്കാര്‍ തുരങ്കം വയ്ക്കില്ല.
ജനങ്ങള്‍ക്കു വേണ്ടാത്ത വിമാനത്താവളത്തിനായി, സ്വകാര്യ കമ്പനിയെ സഹായിക്കാന്‍ സര്‍ക്കാര്‍ എന്തിനാണ് മുന്‍കൈ എടുക്കുന്നതെന്ന ചോദ്യത്തിനും മറുപടി അതുതന്നെയായിരുന്നു. സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടല്ലാതെ ഒരു നടപടിയും ആറന്മുളയില് നടപ്പിലാക്കാന്‍ അനുവദിക്കില്ല. നെടുമ്പാശ്ശേരി വിമാനത്താവളം നിര്‍മാണം ആരംഭിച്ചപ്പോള്‍ ഇതിനെക്കാള്‍ വലിയ എതിര്‍പ്പാണ് ഉണ്ടായിരുന്നത്. എന്നാല്‍ വിമാനത്താവളം വന്നു കഴിഞ്ഞപ്പോള്‍ എതിര്‍ത്തവരെ പലരെയും പിന്നീട് ഡയറക്ടര്‍ ബോര്‍ഡിലാണ് കണ്ടെതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: