കോട്ടയം: ഭക്ഷ്യവകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിലും, നിയമനത്തിലും വന്‍തുക കോഴ വാങ്ങിയതും, തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് റേഷന്‍ വ്യാപാരികളില്‍ നിന്നും പണപ്പിരിവു നടത്തിയതും സംബന്ധിച്ച വിജിലന്‍സ് കേസില്‍ മുന്‍ കോട്ടയം ജില്ലാ സപ്ലൈ ഓഫീസറും, ഇപ്പോള്‍ റേഷന്‍ വ്യാപാരി ക്ഷേമനിധി ബോര്‍ഡ് സെക്രട്ടറിയുമായ എസ്.ശ്രീലത, കേരള കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു മറ്റപ്പള്ളി എന്നിവര്‍ കുറ്റക്കാരാണെന്നു അന്വേഷണത്തില്‍ കണ്ടെത്തി. ഇവര്‍ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തു.
മന്ത്രി അനൂപ് ജേക്കബിനെ ഒഴിവാക്കിയാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കോട്ടയം ജില്ലാ സപ്ലൈ ഓഫീസറായിരുന്ന എസ്. ശ്രീലത ഒളിക്യാമറയില്‍ നടത്തിയ വെളിപ്പെടുത്തലും, അഴിമതി സംബന്ധിച്ച മാദ്ധ്യമ റിപ്പോര്‍ട്ടുകളും ആധാരമാക്കി ഓള് ഇന്ത്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടനാണ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.എറണാകുളം ഡി.വൈ.എസ്.പി. ബിജുമോനാണ് അന്വേഷണം നടത്തിയത്.
ശ്രീലതയ്ക്കെതിരെ ജനുവരി 10 ന് അന്വേഷണത്തിന് ഉത്തരവായിട്ടും, സര്‍വ്വീസില്‍ നിന്നും സസ്പെന്റു ചെയ്യാതെ സംരക്ഷിക്കുകയും, ഡയറക്ടറേറ്റില്‍ അക്കൗണ്ട്സ് ഓഫീസറാക്കുകയും ചെയ്തു. ശ്രീലത കുറ്റക്കാരിയാണെന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു രണ്ടു ദിവസം മുമ്പ് റേഷന്‍ വ്യാപാരി ക്ഷേമനിധി ബോര്‍ഡ് സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്കി നിയമിക്കപ്പെട്ടിരിക്കുകയാണ്. വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരിയാണെന്നു കണ്ടെത്തുകയും, കേസെടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വീസില്‍ നിന്നും ശ്രീലതയെ സസ്പെന്റു ചെയ്യണമെന്ന് ബേബിച്ചന് മുക്കാടന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേസില്‍ ബിജു മറ്റപ്പള്ളി ഒന്നാം പ്രതിയും, എസ്.ശ്രീലത അഞ്ചാം പ്രതിയുമായിരുന്നു. ജോണി നെല്ലൂര്‍, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രാധാകൃഷ്ണന്, സി.മോഹനന് പിള്ള എന്നിവരേയും ഒഴിവാക്കിയാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
റേഷന്‍ വ്യാപാരികളില്‍ നിന്നും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരായ കോട്ടയം ജില്ലാ സപ്ലൈ ഓഫീസര്‍ അച്ചാമ്മ കുര്യാക്കോസ്, ചെങ്ങന്നൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ എന്‍. വിശ്വനാഥന് എന്നിവര്‍ വാങ്ങുന്ന മാസപ്പടിയെപ്പറ്റി അന്വേഷിക്കാന്‍ മറ്റൊരു കേസില്‍ കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ അച്ചാമ്മ കുര്യാക്കോസിനേയും, എന്‍.വിശ്വനാഥനേയും സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ക്കും ഡയറക്ടര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ടെന്നും ബേബിച്ചന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: