തിരുവനന്തപുരം: ആറന്മുള വിമാനത്താവള കമ്പനിക്ക് ടൗണ്‍ഷിപ്പിനുവേണ്ടി ഭൂമി നികത്താന്‍ അനുവദിക്കില്ലെന്ന് മന്ത്രി കെ. ബാബു. ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ആറന്മുളയില് റണ്‍വേ, എപ്രണ്‍, ടാക്സി ബേ എന്നിവയ്ക്കല്ലാതെ മറ്റൊന്നിനും ഒരിഞ്ചു ഭൂമി പോലും നികത്താന്‍ അനുവദിക്കില്ല. ഇതിനാവശ്യമായ ഭൂമി മാത്രമേ വ്യവസായ മേഖലയായി അനുവദിക്കൂ. അധികമായി പ്രഖ്യാപിച്ച് ഭൂമി ഡീനോട്ടിഫൈ ചെയ്യും. കെജിഎസ് ഗ്രൂപ്പ് ടൗണ്‍ഷിപ്പ് പദ്ധതിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.
ഇക്കാര്യങ്ങള്‍ സര്ക്കാരിനറിവില്ല. മിച്ചഭൂമി സംബന്ധിച്ചും നീര്‍ത്തട സംരക്ഷണ നിയമം സംബന്ധിച്ചും കേസുകള്‍ നിലവിലുണ്ടെങ്കില്‍ അത് അതിന്റെ വഴിക്ക് പോകും. നിയമവിധേയമായി മാത്രമേ കാര്യങ്ങള്‍ നടക്കൂ. ഇപ്പോഴത്തെ പദ്ധതി പ്രദേശത്ത് 50 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയുണ്ട്. ഇതിന് വില നിശ്ചയിച്ചു നല്‍കാമെന്നാണ് കെജിഎസ് പറഞ്ഞത്. തതുല്യമായ ഭൂമി വാങ്ങി നല്കിയാല് മതിയെന്ന് കെജിഎസ് ഗ്രൂപ്പിനെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന് പണം നല്‍കാതെ 10 ശതമാനം ഓഹരിയും ഒരു ഡയറക്ടര്‍ ബോര്ഡംഗത്തെയും അനുവദിക്കാമെന്ന് കമ്പനി സമ്മതിച്ചിരുന്നു. ഡയറക്ടറെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യും.
കോഴിത്തോടും മറ്റു ഭൂമിയും നേരത്തെ നികത്തിയിരുന്നു. അത് തണ്ണീര്‍ത്തട സംരക്ഷണനിയമം വരുന്നതിനുമുമ്പാണ്. മിച്ചഭൂമി കേസുകള്‍ നിയമപ്രകാരം മുന്നോട്ടുപോകും. മുന്‍സര്‍ക്കാര്‍ അനുമതി നല്കിയ പദ്ധതി റദ്ദാക്കുന്ന സമീപനം യുഡിഎഫിനില്ല. ആറന്മുളയിലെ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടാണ് യോഗം വിളിച്ചത്. എംഎല്‍എമാരുടെയും ജനങ്ങളുടെയും എതിര്‍പ്പിനെക്കുറിച്ചും അവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളി ല്‍നിന്നും മന്ത്രിഒഴിഞ്ഞുമാറി.വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, റവന്യൂമന്ത്രി അടൂര്‍ പ്രകാശ്, ഏവിയേഷന്‍ സെക്രട്ടറി വി.ജെ. കുര്യന്, അഡീഷണല്‍ ചീഫ് സെക്രട്ടറി, വകുപ്പിന്റെ സെക്രട്ടറിമാര്‍, കെജിഎസ് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: