ശബരിമല : കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഉയര്‍ത്തികാട്ടിയുള്ള പ്രക്ഷോഭത്തിലൂടെ ശബരിമലതീര്‍ത്ഥാടനത്തെ തകര്‍ക്കുവാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധന് പറഞ്ഞു. സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീര്‍ത്ഥാടന കാലത്ത് വിവാദ വിഷങ്ങള്‍ ഉയര്‍ത്തികാട്ടി ഇവിടേക്കുള്ള ഭക്തരുടെ ഒഴുക്ക് തടയുവാനാണ് ശ്രമം. തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനുള്ള ശ്രമത്തെ കോണ്‍ഗ്രസും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും പന്തുണയ്ക്കുകയാണെന്നും മുരളീധരന് കുറ്റപ്പെടുത്തി. കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് മുല്ലപ്പെരിയാര്‍ വിഷയമായിരുന്നുവെങ്കില്‍ ഇക്കുറി കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ പേരിലാണ് പ്രക്ഷോഭം. ഇടുക്കിയില്‍ 48 മണിക്കൂര്‍ ഉപരോധ സമരമാണ് നടത്തിയത്. ഇതുവഴിയാണ് തമിഴ് നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ശബരിമലക്ക് എത്തുന്നത്. ഹര്‍ത്താല്‍ മൂലം ആഹാരവും വെള്ളവും കിട്ടാതെ ബുദ്ധിമുട്ടി ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മിതമായ വിലയില്‍ ഭക്ഷണവും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യവും വിരിവെയ്ക്കാനുള്ള സൗകര്യവും ആവശ്യമാണ്. ഇക്കാര്യങ്ങളില്‍ തികഞ്ഞ അനാസ്ഥയാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പതിവ് പോലെ തന്നെ ആവര്‍ത്തിക്കുന്ന സാഹചര്യമാണ് ഉള്ളത്.
ഓരോ വര്‍ഷം കഴിയുംതോറും കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പകരം നിലവിലുള്ള അതെ രീതിയില്‍ തുടരുകയോ കച്ചവടവല്ക്കരിക്കപെടുകയോ ആണ് ചെയ്യുന്നത്. ഇവിടെ എത്തുന്ന മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും ഭക്ഷണം നല്‍കാനുള്ള സംവിധാനം ഒരുക്കണം.ശബരിമല തീര്‍ത്ഥാടനത്തോട് കാട്ടുന്ന അനീതി കേരളത്തിലെ ഭൂരിപക്ഷ സമുദായത്തോടുള്ള അവഗണന തുടരുന്നു എന്നുള്ളതിന്റെ തെളിവാണ്. തീര്‍ത്ഥാടന ഒരുക്കങ്ങള്‍ സംബന്ധിച്ച് ഏകോപനം നിര്‍വഹിക്കേണ്ട പത്തനംത്തിട്ട ജില്ലാ കളക്ടര്‍ അവിധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. തീര്ത്ഥാടനവമായി ബന്ധപ്പെട്ട് വകുപ്പുകളുടെ ഏകോപനം തകിടം മറിയ്ക്കുന്ന രീതിയിലാണ് കളക്ടറുടെ പ്രവര്‍ത്തനം. നിരുത്തരവാദപരമായി പെരുമാറുന്ന ഉദ്യോഗസ്ഥന് ആ സ്ഥാനത്ത് തുടരാന്‍ കഴിയുന്നത് ഈ നാട്ടുകാരനായ മന്ത്രിയുടെ സംരക്ഷണയിലാണ്. കളക്ടറുടെ കൃത്യവിലോപത്തിനെതിരെ നടപടി സീകരിക്കണം.
രണ്ട് വര്‍ഷമായി തീര്‍ത്ഥാടനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ഇവിടെ എത്തുന്ന അന്യസംസ്ഥാന അയ്യപ്പഭക്തരുടെ എണ്ണം കുറഞ്ഞ് വരികയാണ്. സര്‍ക്കാര്‍ ഇത്തരം നടപടികള്‍ക്ക് കൂട്ടു നില്‍ക്കരുത്. ശബരിമലയെ പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും മുരളീധരന് ആവിശ്യപ്പെട്ടു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: