മെല്‍ബണ്‍: രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ചാര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ക്ഷമ ചോദിക്കണമെന്ന ഇന്റോനേഷ്യയുടെ ആവശ്യം ഓസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി അബോട്ട നിരാകരിച്ചു.
പ്രധാനമന്ത്രിയുടെ ഈ തിരസ്ക്കാരം ഇരു രാജ്യങ്ങളുടെയും ബന്ധത്തിൽ കൂടുതൽ ഉലച്ചിലുണ്ടാക്കുമെന്നാണ് സൂചന. തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടി എടുത്ത നടപടിക്ക് മാപ്പ് പറയേണ്ട ആവശ്യകതയില്ലെന്ന് പാർലമെന്റിൽ സംസാരിക്കവെ അബോട്ട വ്യക്തമാക്കി.
മറ്റു രാജ്യങ്ങൾ നടത്തുന്ന രഹസ്യ അന്വേഷണ പ്രവർത്തനങ്ങളിൽ അവരും ക്ഷമ ചോദിക്കാറില്ലെന്നാണ് താൻ കരുതുന്നതെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച വിഷയത്തിൽ അബോട്ട സ്നോഡനെ ഉദാഹരിച്ച് സംസാരിക്കുകയും ചെയ്തു. എല്ലാ സർക്കാരും ഇത്തരത്തിൽ വിവരങ്ങൾ ശേഖരിക്കാറുണ്ടെന്ന് അബോട്ട ആവർത്തിച്ച് വ്യക്തമാക്കി.
ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം ഏതു വിതേനയും വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുമെന്നും അത് ആരേയും ദ്രോഹിക്കാനല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തങ്ങൾ അയൽ രാജ്യങ്ങളെ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ മാധ്യമ വാർത്തകൾ ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഈ സംഭവം വിള്ളലുണ്ടാക്കില്ലെന്നും മറിച്ച് ബന്ധം കൂടുതൽ ദൃഢമാകുമെന്നും അബോട്ട കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: