ന്യൂദല്‍ഹി: ജനപ്രാതിനിധ്യ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതി അംഗീകരിച്ചു കൊണ്ട് പോലീസ് കസ്റ്റഡിയിലും കരുതല്‍ തടങ്കലിലും ഉള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുപ്രീം കോടതി അനുമതി നല്കി. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കു മത്സരിക്കാനാകില്ലെന്ന ഉത്തരവില്‍ മാറ്റം വരുത്തില്ലെന്ന് കോടതി വ്യക്തമാക്കി.
ക്രിമിനല്‍ കേസിലും അഴിമതിക്കേസിലും ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ വിധി വരുന്ന ദിവസം മുതല്‍ അയോഗ്യരാകുമെന്ന് ജൂലൈ 10ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ വിചാരണത്തടവുകാര്‍ക്ക് മത്സരിക്കാന്‍ വിലക്കേര്‍പ്പെടുത്തിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി മുന്‍ ഉത്തരവ് ഭേദഗതി ചെയ്തിരിക്കുന്നത്.
കസ്റ്റഡിയിലോ കരുതല്‍ തടങ്കലിലോ ആകുമ്പോള്‍ ഒരു വോട്ടറുടെ വോട്ടു ചെയ്യുന്നതിനുള്ള അവകാശം താത്കാലികമായി റദ്ദാക്കപ്പെടുമെങ്കിലും വോട്ടര്‍ അല്ലാതാകുന്നില്ലെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ രണ്ടാം ഉപവകുപ്പിന്റെ 62-ാം വ്യവസ്ഥയായി കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്.
ഇതൊടൊപ്പംതന്നെ ജയിലിലായ വ്യക്തി വോട്ടര്‍ ആയി തുടരുമ്പോള്‍ അവര്‍ക്ക് വോട്ട് ചെയ്യാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും അവകാശമുണ്ടാക്കുന്ന വ്യവസ്ഥയും നിയമ ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ വരുത്തിയിരുന്നു. ഈ നിയമഭേദഗതികളാണ് കോടതി അംഗീകരിച്ചിരിക്കുന്നത്.
എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും പ്രത്യേക അവകാശം ലഭ്യമാക്കിയിരുന്ന ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കിയ ജസ്റ്റീസ് എ.കെ. പട്നായിക്കിന്റെ ബെഞ്ച് കേന്ദ്ര സര്‍ക്കാരിന്റെ നിയമ ഭേദഗതി അംഗീകരിക്കുകയും റിവ്യു പെറ്റീഷന്റെ ആവശ്യമില്ലെന്നു വ്യക്തമാക്കുകയും ചെയ്തു.
പുനഃപരിശോധന ഹര്‍ജിക്കു പിന്നാലെ സുപ്രീം കോടതി റദ്ദാക്കിയ വ്യവസ്ഥയ്ക്കു പകരം കേന്ദ്രസര്‍ക്കാര്‍ പുതിയ ഭേദഗതി തയാറാക്കി പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. അതിനു പിന്നാലെ ജനപ്രതിനിധികള്‍ ശിക്ഷിക്കപ്പെടുന്ന ദിവസം മുതല്‍ അയോഗ്യരാകുമെന്ന സുപ്രീം കോടതി വിധിയെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചെങ്കിലും വിവാദങ്ങളുയര്‍ന്നതോടെ അതു പിന്‍വലിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: