പത്തനംതിട്ട: ആറന്മുള സ്വകാര്യ വിമാനത്താവളത്തിന് അനുമതി നല്കിയ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം.
വാര്‍ത്ത പുറത്തുവന്നതോടെ പൈതൃകഗ്രാമമായ ആറന്മുള സമരഭൂമിയായി മാറി. വിമാനത്താവള നിര്‍മ്മാതാക്കളായ കെജിഎസ് ഗ്രൂപ്പിന്റെ ഓഫീസിലേക്ക് നിരവധി പ്രതിഷേധ പ്രകടനങ്ങളും സായാഹ്ന ഹര്‍ത്താലും ഇതിനോടനുബന്ധിച്ച് നടന്നു. ഒരുനാടിനെ ബലികഴിച്ചുകൊണ്ടുള്ള ഈ തീരുമാനത്തിനെതിരേ രാഷ്ട്രീയ കക്ഷിഭേദമന്യേ പ്രതിഷേധം ഉയരുകയാണ്. വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിക്കെതിരേ ഗ്രീന്‍ ട്രിബ്യൂണലിനെ സമീപിക്കാനൊരുങ്ങുകയാണ് പൈതൃകഗ്രാമ കര്‍മ്മസമിതി.
കേരളത്തിലെ ഭൂരിപക്ഷം എല്എല്എമാരുടേയും, നിയമസഭാ-പാര്‍ലമെന്ററി പരിസ്ഥിതി കമ്മിറ്റികളുടേയും, എല്ലാറ്റിനുമുപരി ജനങ്ങളുടേയും എതിര്പ്പിനെമറികടന്നാണ് വിവാദ വിമാനത്താവളത്തിനിപ്പോള് അന്തിമ അനുമതി നല്‍കിയിരിക്കുന്നത്. ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതിയുടെ രക്ഷാധികാരി കുമ്മനം രാജശേഖരന്, കവയത്രി സുഗതകുമാരി തുടങ്ങിയവര്‍ നല്കിയ പരാതികളും അവഗണിക്കപ്പെടുകയായിരുന്നു. ഡോ.സലിം അലി ഫൗണ്ടേഷന് ചെയര്‍മാര്‍ വി.എസ്.വിജയന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനവും പരിസ്ഥിതി മന്ത്രാലയം മുഖവിലയ്ക്കെടുത്തില്ല. അധികാരത്തിന്റെ ഇടനാഴികളില്‍ കെജിഎസ് ഗ്രൂപ്പിനുള്ള സ്വാധീനത്തെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
ആറന്മുള ക്ഷേത്രഗോപുരം 285 മീറ്റര്‍ മാറ്റി സ്ഥാപിക്കണമെന്നും കൊടിമരത്തിന്റെ ഉയരം കുറയ്ക്കണമെന്നുമുള്ള കിറ്റ്കോയുടെ റിപ്പോര്‍ട്ട് പുറത്തായത് അടുത്തിടെയാണ്. ഇതിനെച്ചൊല്ലിയുള്ള പ്രതിഷേധം അണയും മുമ്പാണ് വിവാദ പദ്ധതിക്ക് കേന്ദ്രപരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. ഒരേക്കര്‍ ഭൂമിപോലും സ്വന്തമായി ഇല്ലാതെ പ്രൊജക്ടുമായി എത്തിയവര്‍ക്കുമുന്നില്‍ ഇനി രണ്ടു കടമ്പകള്‍ മാത്രമാണ് ബാക്കിയള്ളത്. നെല്‍വയല്‍ സംരക്ഷണ നിയമം, ഭൂപരിധിനിയമം എന്നിവയില്‍കൂടി ഇളവുകള്‍ ലഭിച്ചാല്‍ കെജിഎസ് ഗ്രൂപ്പിന് വിവാദ പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കാം എന്നതാണ് ഇപ്പോഴുള്ള സ്ഥിതി. കമ്പനി ഉടന്‍തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. ഇത് ആറന്മുളയെകൂടുതല് അസ്വസ്തമാക്കുന്നു.
നിലവിലുള്ള കണക്കുകള്‍ പ്രകാരം കെജിഎസ് ഗ്രൂപ്പിന്റെ കൈവശഭൂമി 263.15 ഏക്കറാണ്. ഇതില്‍ 232 ഏക്കര്‍ താലൂക്ക് റവന്യൂ ലാന്റ്ബോര്‍ഡ് ചെയര്മാന് മിച്ചഭൂമിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്‍പ്രകാരം 31.15 ഏക്കര്‍ മാത്രമാണ് കെജിഎസ് ഗ്രൂപ്പിന്റെ കൈവശമുള്ളത്. 2500 മീറ്റര്‍ നീളമുള്ള റണ്‍വേ വിഭാവനം ചെയ്യുന്ന കമ്പനി ഏതു രീതിയിലാകും ഭൂമി കുടിയൊഴിപ്പിച്ചെടുക്കുക എന്നാണ് വിമാനത്താവള വിരുദ്ധ പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്.
കുന്നുകളും വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിച്ചുകൊള്ളാം എന്ന് വാഗ്ദാനം നല്‍കിയാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കെജിഎസ് ഗ്രൂപ്പ് നേടിയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ വിമാനത്താവള നിര്‍മ്മാണത്തിന് ഈ വാഗ്ദാനങ്ങള്‍ പാലിക്കാനാവില്ലെന്നുറപ്പാണ്. ആറന്മുളയില് വിമാനത്താവള വിരുദ്ധ വികാരം കൂടുതല്‍ ശക്തമാകുകയാണ്. വരുംദിവസങ്ങളില്‍ പ്രതിഷേധത്തിന്റെ രൂപവും ഭാവവും മാറുമെന്നുതന്നെയാണ് സൂചന.
ജി. സുനില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: