കൊല്ലം: ആദ്യഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ ബിജു രാധാകൃഷ്ണനെതിരെ ഇന്നലെ അയല്‍വാസിയുടെ സാക്ഷിമൊഴി രേഖപ്പെടുത്തി. ബിജുവിന്റെ വീട്ടില്‍ നിന്ന് രശ്മിയെ ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോകുമ്പോള്‍ ദേഹം തണുത്തിരുന്നുവെന്ന് അയല്‍വാസി രാഖി കോടതിയില്‍ മൊഴി നല്‍കി.
2006 ഫെബ്രുവരി നാലിന് രാവിലെ ബിജുവിന്റെ മാതാവ് രാജമ്മാളാണ് രാഖിയെ വന്നുവിളിക്കുന്നത്. രശ്മി ബാത്ത്‌റൂമില്‍ ബോധമില്ലാതെ കിടക്കുന്നുവെന്ന് അവര്‍ അറിയിച്ചുവെന്നും ചെന്ന് നോക്കുമ്പോള്‍ യൂറോപ്യന്‍ക്ലോസറ്റില്‍ ഇരിക്കുന്ന നിലയിലായിരുന്ന രശ്മിയുടെ തല താങ്ങി ബിജു നിലത്തിരിക്കുന്നതാണ് കണ്ടതെന്നും രാഖി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുമ്പാകെ ബോധിപ്പിച്ചു. ടോപ്പ് മാത്രം ധരിച്ച നിലയിലായിരുന്നു രശ്മി. രാജമ്മാളിന്റെ മുറിയിലേയ്‌ക്ക് രശ്മിയെ എടുത്തുകൊണ്ടുപോയി വസ്ത്രം ധരിപ്പിച്ചു. അപ്പോള്‍ ദേഹം നല്ലപോലെ തണുത്തിരുന്നു. ബിജു രാധാകൃഷ്ണനെ പിന്നീട് കാണുന്നത് മൂന്ന് വര്‍ഷത്തിനുശേഷം പോലീസ് കൊണ്ടുവരുമ്പോഴാണെന്നും രാഖി മൊഴി നല്‍കി. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞ് സാധനങ്ങള്‍ എടുക്കാനായി രാജമ്മാള്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞു. ബിജുവിന്റെയും രശ്മിയുടെയും ജീവിതം സുഖകരമായിരുന്നില്ലെന്നും സാക്ഷിവിസ്താരത്തിനിടെ രാഖി കോടതിയെ അറിയിച്ചു.
കുളക്കടയിലെ ബിജുവിന്റെ വീട്ടില്‍ 2006 ഫെബ്രുവരി മൂന്നിന് രാത്രിയില്‍ രശ്മി കൊല്ലപ്പെട്ടുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. രശ്മിയുടെ ജ്യേഷ്ഠത്തി രേഖയുടെ ഭര്‍ത്താവ് സുഭാഷിനെയും ഇന്നലെ വിസ്തരിച്ചു. ദുബായില്‍ ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ 2005ല്‍ അജ്ഞാത ഫോണ്‍സന്ദേശം തന്നെ തേടിയെത്തിയെന്നും കൊല്ലത്തെ പ്രമുഖകുടുംബത്തില്‍ നിന്നല്ലേ വിവാഹം കഴിക്കുന്നതെന്നും അവര്‍ക്ക് സാമ്പത്തിക ഭദ്രതയില്ലെന്നും ഇതൊരു കുരുക്കാണെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നും അജ്ഞാതന്‍ ആവശ്യപ്പെട്ടു. 2002ല്‍ രേഖയുമായി കല്യാണം നിശ്ചയിച്ചെങ്കിലും 2005ലായിരുന്നു വിവാഹം. കല്യാണത്തിനുശേഷം നാട്ടില്‍ വന്നപ്പോള്‍ സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ബിജുരാധാകൃഷ്ണന്റെ ശബ്ദം ടിവിയില്‍ കേട്ടപ്പോഴാണ് അന്ന് തന്നെ ഫോണില്‍ വിളിച്ച അജ്ഞാതന്‍ ബിജുവാണെന്ന് ബോധ്യപ്പെട്ടതെന്നും സുഭാഷ് പറഞ്ഞു. ബിജു രാധാകൃഷ്ണനെ ആദ്യമായി കാണുന്നത് കോടതിമുറിയില്‍ വച്ചാണെന്നും സാക്ഷിവിസ്താരത്തില്‍ സുഭാഷ് അറിയിച്ചു. ഇന്ന് അയല്‍വാസികളെയും രശ്മിയെ ആശുപത്രിയില്‍ കൊണ്ടുപോയവരെയും കോടതി വിസ്തരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: