ന്യൂദല്‍ഹി: നാല്പത്തിനാലാമത് രാജ്യാന്തര ഇന്ത്യന്‍ ചലച്ചിത്ര മേളയ്ക്ക് ഇന്ന്(20) ഗോവയില്‍ തിരശ്ശീല ഉയരും. 2013 നവംബര്‍ 20 മുതല്‍ 30 വരെ നടക്കുന്ന മേള വ്യത്യസ്ത സിനിമ സംസ്കാരങ്ങളുടെയും സര്‍ക്ഷാത്മക മൂല്യങ്ങളുടെയും സംഗമവേദിയാകും. 76 രാജ്യങ്ങളില്‍ നിന്നുള്ള 326 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.
ഹോളിവുഡ് താരവും മേളയുടെ മുഖ്യാതിഥിയുമായ സൂസന് സാറന്‍ഡണ്‍, പ്രശസ്ത ഇറാനിയന്‍ സംവിധായകന് മജീദ് മജീദി, പോളിഷ് സംവിധായകന് അഗ്നിയേസ്ക ഹോളന്‍ഡ്, ബോളിവുഡ് നടി രേഖ, ഗായിക ആശാ ഭോസ്ലെ, നടന് കമലഹാസന് തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തിന് താരപ്പൊലിമ പകരും. പ്രശസ്ത കഥക് നര്ത്തകന് പണ്ഡിറ്റ് ബിര്‍ജു മഹാരാജിന്റെ അര മണിക്കൂര്‍ നീളുന്ന സാംസ്കാരിക പരിപാടിയും ഉദ്ഘാടന സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സിനിമയക്ക് നൂറു വര്‍ഷം തികയുന്നതിനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സെന്റിനറി അവാര്‍ഡ് ഉദ്ഘാടന സമ്മേളനത്തില്‍ വച്ച് നടി വഹീദ റഹ്മാന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി ശ്രീ. മനീഷ് തിവാരി സമ്മാനിക്കും. സമഗ്ര സംഭാവനകള്‍ക്കുള്ള ആജീവനാന്ത പുരസ്കാരം പ്രശസ്ത ചെക്ക് റിപബ്ലിക്കന്‍ സംവിധായകന് ജിറി മെന്‍സലിന് സമ്മാനിക്കും. ജിറി മെന്‍സലിന്റെ ഏറ്റവും പുതിയ ചിത്രമായ ?ദ് ഡോണ്‍ ജുവാന്‍സ്? ആണ് മേളയുടെ ഉദ്ഘാടന ചിത്രം. ജസ്റ്റിന് ചാഡ്വിക് സംവിധാനം ചെയ്ത ?മണ്ടേല: ലോങ്ങ് വാക്ക് ടു ഫ്രീഡം? ആണ് മേളയുടെ സമാപന ചിത്രം. 15 ചിത്രങ്ങളാണ് മേളയിലെ മികച്ച ചിത്രത്തിനായുള്ള സുവര്‍ണ്ണ മയൂരത്തിനായി മത്സരിക്കുന്നത്.
ഇന്ത്യന്‍ പനോരമാ വിഭാഗത്തില്‍ 25 ഫീച്ചര്‍ ഫിലിമുകളും 15 നോണ്‍ ഫീച്ചര്‍ ഫിലിമുകളും പ്രദര്‍ശിപ്പിക്കും. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മലയാളത്തില്‍ നിന്നുള്ള ആറു ചിത്രങ്ങളുണ്ട്. കമല്‍ സ്വരൂപിന്റെ രംഗഭൂമിയാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ ആദ്യ ചിത്രം. ഈ വിഭാഗത്തില്‍ മലയാളത്തില്‍ നിന്നുള്ള മൂന്നു ചിത്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സിനിമകളുടെ പ്രത്യേക വിഭാഗം മേളയുടെ ആകര്‍ഷണമാണ്. കണ്ട്രി ഫോക്കസ് വിഭാഗത്തില്‍ ജപ്പാനില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ശ്രീ. ശങ്കര്‍ മോഹനാണ് മേളയുടെ ഡയറക്ടര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: