കൊച്ചി: മൂന്നാറിലെ ഭൂമി കണ്ണന് ദേവന് കമ്പനി കൈമാറിയത് രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്തുകൊണ്ടാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്നാറിലെ കണ്ണന് ദേവന് കമ്പനി, കണ്ണന് ദേവന് ഹില്‍സ് പ്ലാന്റേഷന് ലിമിറ്റഡിന് ഭൂമി കൈമാറുകയായിരുന്നു. മൂന്നാറിലെ ബംഗ്ലാവുകളുടെ കൈമാറ്റം തടഞ്ഞ പഞ്ചായത്ത് അധികൃതരുടെ ഉത്തരവ് ചോദ്യം ചെയ്ത് കണ്ണന് ദേവന് ഹില്‍സ് പ്ലാന്റേഷന് ലിമിറ്റഡ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച എതിര് സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി കൂടാതെയാണ് വിദേശ കമ്പനി കേരളത്തിലെ എസ്റ്റേറ്റുകള്‍ കൈമാറിയിരിക്കുന്നതെന്നും ഈ സത്യവാങ്മൂലത്തില്‍ പറയുന്നു. സര്‍ക്കാരിന് വേണ്ടി സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ സുഷീലാ ബട്ടാണ് ഹാജരായത്. മൂന്നാര്‍ ടൗണിലേത് അടക്കം 97,000 ഏക്കര്‍ ഭൂമി കൈമാറിയത് തട്ടിപ്പിലൂടെയാണെന്നും സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. മൂന്നാര്‍ ഭൂമിയില്‍ ടാറ്റയ്ക്ക് അവകാശമില്ലെന്നും വിദേശ കമ്പനി നടത്തിയ ഭൂമി വില്‍പ്പനയ്ക്ക് സാധുതയില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കണ്ണന് ദേവന് കമ്പനി(ടാറ്റ) ഇന്ത്യയുടെ ഭരണഘടനയേയും പരമാധികാരത്തേയും ചോദ്യം ചെയ്ത് വ്യാജരേഖകള്‍ ഉണ്ടാക്കി മൂന്നാറില്‍ ഭൂമി കൈയേറിയതായും ബ്രിട്ടീഷ് രാജ്ഞിയുടെ അനുമതിയോടെയാണ് സ്വാതന്ത്ര്യത്തിന് മുമ്പ് ടാറ്റ ഭൂമി കൈയേറി തുടങ്ങിയതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. 1974 ല്‍ താലൂക്ക് ലാന്റ് ബോര്‍ഡ്, ടാറ്റയ്ക്ക് 56000 ഏക്കര്‍ ഭൂമി മാത്രമാണുള്ളതെന്ന് കണ്ടെത്തി. പിന്നീട് വ്യാജരേഖ ഉപയോഗിച്ച് വനഭൂമി ഉള്‍പ്പെടെ 96000 ഏക്കര്‍ ഭൂമി കൂടി സ്വന്തമാക്കി. ഈ വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണ് ഭൂമിയ്ക്ക് മേല്‍ കമ്പനി അവകാശവാദം ഉന്നയിക്കുന്നത്. 1977 ലെ ദേവികുളം സബ് രജിസ്റ്റാര്‍ ഓഫീസിലെ രേഖകളും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഒരു വിദേശ കമ്പനിക്ക് ഇത്രയും ഭൂമി ഫെറ നിയമം അനുസരിച്ച് കൈവശം വയ്ക്കാന്‍ സാധിക്കില്ല എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഫെറ നിയമത്തിലെ സെക്ഷന്‍ 31 അനുസരിച്ചുള്ള യാതൊരു അനുമതിയും ഈ ഇടപാടിനായി തേടിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 21 ബംഗ്ലാവുകള്‍ കമ്പനി സ്വകാര്യ റിസോര്‍ട്ടുകള്‍ക്ക് ടൂറിസം ആവശ്യത്തിന് കൈമാറിയത് 27 ലക്ഷം മുതല്‍ 35 ലക്ഷം രൂപ മറുപാട്ടം വാങ്ങിയാണ് എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
നിയമ വിരുദ്ധമായി ടാറ്റ നടത്തിയ ബംഗ്ലാവിന്റെ കയ്യേറ്റം റദ്ദാക്കണം എന്നും സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. വിശദമായ വാദത്തിന് ഹര്‍ജി ഇന്ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: