ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ ഇന്നലെ നാലിടത്തായിരുന്നു നരേന്ദ്ര മോദിയുടെ റാലി. ഖജുരാഹോ, ഗുണാ, ഛത്തര്പൂര്, ഭോപ്പാല്‍ എന്നീ നാലിടങ്ങളിലും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കാണാനും കേള്‍ക്കാനുമായി ലക്ഷങ്ങള്‍ തിങ്ങിക്കൂടി. ദല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പൊതുപരിപാടി കേള്‍ക്കാന്‍ ആയിരം പേര് തികഞ്ഞില്ലെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇത്.
തെരഞ്ഞെടുപ്പു പ്രചാരണം ബിജെപിക്കെതിരേ ഒരു രാഷ്ട്രീയ പോരാട്ടമാക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ സോണിയാ ഗാന്ധിയും രാഹുലും വികസനത്തെക്കുറിച്ചു സംസാരിക്കാന്‍ മോദി വെല്ലുവിളിച്ചു.
പ്രധാനമന്ത്രി മന്മോഹന് സിംഗ് അദ്ദേഹത്തെ പരസ്യമായി അവഹേളിച്ചിട്ടും കുടുംബത്തോടുള്ള കൂറു പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി ഇന്ത്യയുടെ അന്തസ്സ് ഇടിച്ചുകൊണ്ടിരിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിന് വികസനത്തെക്കുറിച്ചു പറയാന്‍ ധൈര്യമില്ലെന്നു മോദി പറഞ്ഞു. അതേ സമയം ഓരോ നിമിഷവും സ്വന്തം സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ചു മാത്രം ചിന്തിക്കുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ് സംസ്ഥാന മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് എന്ന് മോദി ചൂണ്ടിക്കാട്ടി. അദ്ദേഹത്തെയും കൂട്ടുകാരേയും ഞാന്‍ അഭിനന്ദിക്കുന്നു, കാരണം സംസ്ഥാനത്തിന്റെ മുക്കിനും മൂലയിലും പോയി സ്വന്തം പ്രവര്‍ത്തനങ്ങള്‍ ജനങ്ങളോടു വിശദീകരിക്കാന്‍ ചൗഹാന് കഴിഞ്ഞു. ഇങ്ങനെ ഒരുനേട്ടവും പറയാന്‍ സംസ്ഥാനങ്ങളിലോ കേന്ദ്രത്തിലോ കോണ്‍ഗ്രസിനില്ലെന്ന് മോദി പറഞ്ഞു.
ദിഗ്വിജയ് സിംഗിനെക്കുറിച്ചു പരാമര്‍ശിക്കവേ, ഏറെ സംസാരിക്കുന്ന ഒരു മുന്‍മുഖ്യമന്ത്രി ഇപ്പോള്‍ നുണയുണ്ടാക്കുന്ന ഫാക്ടറിയില്‍ ഓവര്‍ടൈം പണിയെടുക്കുകയാണെന്ന് മോദി പരിഹസിച്ചു.
ഇന്നലെ അവസാനം നടന്ന ഭോപ്പാല്‍ പരിപാടിയില്‍ മൂന്നു മുന്‍ മുഖ്യമന്ത്രിമാര്‍ പങ്കെടുത്തു, സുന്ദര്‍ലാല്‍ പട്വ, കൈലാസ് ജോഷി, ബാബുലാല്‍ ഗൗര്‍ എന്നിവരും ഇപ്പോഴത്തെ മുഖ്യമന്ത്രിയും മറ്റു ദേശീയ-സംസ്ഥാന നേതാക്കളും ഒരുമിച്ചു വേദിയില്‍ വന്നപ്പോള്‍ അത് പാര്‍ട്ടിയുടെ കരുത്തിന്റെയും ഒരുമയുടെയും പ്രതീകവും പ്രകടനവുമായി.
മോദിയെ ആവേശത്തോടെയാണ് ജനലക്ഷങ്ങള്‍ സ്വീകരിച്ചത്. അദ്ദേഹം വിവിധ സ്ഥലങ്ങളില്‍ നടത്തിയ പ്രസംഗത്തില്‍നിന്നു ചില ഭാഗങ്ങള്‍-
രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളോടു പറയേണ്ടത് അവര്‍ക്കു വേണ്ടി പാര്‍ട്ടിയും സര്‍ക്കാരും എന്തുചെയ്തുവെന്നാണ്. പക്ഷേ ദല്ഹിയിലിരിക്കുന്നവര്ക്കു പോലും ഇങ്ങനെ ഒന്നും പറയാനില്ല.
ഇവിടെ കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് എന്തായിരുന്നു അവസ്ഥയെന്നു നമുക്കറിയാം. അവര്‍ക്ക് വികസനത്തെക്കുറിച്ചെന്തെങ്കിലും പറയാനാവില്ല. കാരണം അവര്‍ സംസ്ഥാനത്തെ നശിപ്പിക്കുകയായിരുന്നുവല്ലോ.
കോണ്‍ഗ്രസുകാര്‍ ഗ്രാമങ്ങളില്‍ വീറോടെ പ്രസംഗിക്കുന്നു; പക്ഷേ കഴിഞ്ഞ 50 വര്‍ഷത്തിനിടെ അവര്‍ അവിടങ്ങളില്‍ സ്കൂളുകളോ റോഡുകളോ നിര്‍മ്മിച്ചിട്ടുണ്ടോ? മദ്ധ്യപ്രദേശിലെ ഹൈവേകളും മറ്റു നാഷണല്‍ ഹൈവേകളും തമ്മില്‍ താരതമ്യം ചെയ്യട്ടെ, അപ്പോളറിയാം ചൗഹാന് ചെയ്തത് എന്താണെന്ന്. ജനങ്ങള്‍ രാഹുലിന്റെ പ്രസംഗം കേള്‍ക്കാതെ പോകാന്‍ കാരണം അവര്‍ക്കു ദാഹിച്ചിട്ടാണ്. കോണ്‍ഗ്രസിന് അവരുടെ കുടുംബക്കാര്യം പറയുന്നതു സഹിക്കാനാവില്ല.
ഞാന്‍ ജനിച്ചതും വളര്‍ന്നതും പാവപ്പെട്ട കുടുംബത്തിലാണ്. വമ്പന്മാരുടെ കുടുംബത്തിലല്ല. എന്തൊക്കെ ആരെല്ലാം പറഞ്ഞാലും ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വരും. ഒന്നാലോചിച്ചു നോക്കൂ, കേന്ദ്രത്തിലും മദ്ധ്യപ്രദേശിലും ബിജെപി ഭരണത്തില്‍ വന്നാല്‍ എന്തു വികസനമായിരിക്കും സംഭവിക്കാന്‍ പോകുകയെന്ന്, മോദി പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: