കാസര്‍കോട്: മുപ്പത്തിഒമ്പത് വധൂവരന്മാര് മുച്ചിലോട്ട് ഭഗവതിയുടെ അനുഗ്രഹത്തോടെ പുതിയ ജീവിതം കുറിച്ചപ്പോള്‍ സൃഷ്ടിക്കപ്പെട്ടത് സമൂഹ വിവാഹത്തിലെ മറ്റൊരു മഹനീയ മാതൃക.
ആടയാഭരണങ്ങളുടെ കനമോ സ്ത്രീധനത്തുകയുടെ വലിപ്പമോ അലട്ടാത്ത വിവാഹത്തില്‍ ആര്ഭാടമായത് ആചാരപ്പെരുമ മാത്രം. കാസര്‍കോട്ടെ വാണിയ സമുദായത്തിലാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിവാഹ ആചാരം ഇന്നും മുറതെറ്റാതെ നടക്കുന്നത്. വര്‍ഷത്തില്‍ രണ്ട് ദിവസം മാത്രമാണ് ഇവിടെ വിവാഹച്ചടങ്ങുകള്‍. മാര്‍ച്ച് മാസത്തിലെ ഉത്രാടനക്ഷത്ര ദിനവും നവംബറിലെ ഉദയാസ്തമന ദിനത്തിനു പിറ്റേദിവസ(വൃശ്ചികം 2)വുമാണ് ആ വിശേഷ ദിനങ്ങള്‍. തുടക്കത്തില്‍ 12 വര്‍ഷത്തിലൊരിക്കല്‍ മാത്രമായിരുന്നു ഈ ചടങ്ങ്. പിന്നീടത് വര്‍ഷത്തിലൊരിക്കല്‍ മാത്രമായി. അംഗസംഖ്യ വര്‍ദ്ധിച്ചതോടെ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി വര്‍ഷത്തില്‍ രണ്ട് തവണ നടത്തിവരുന്നു. സമുദായ ക്ഷേത്രമായ പെര്‍ദണ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലാണ് ചടങ്ങുകള്‍ നടക്കുക.
വിവാഹം നേരത്തെ ക്ഷേത്രത്തില്‍ അറിയിക്കേണ്ടതില്ല. ആരെയും ക്ഷണിക്കണമെന്ന നിര്‍ബന്ധവുമില്ല. ക്ഷേത്ര ഉത്സവത്തോടനുബന്ധമായാണ് വിവാഹം നടക്കുന്നത്. സമുദായാംഗങ്ങള്‍ അതുകൊണ്ട് തന്നെ ക്ഷേത്രത്തില്‍ എത്തിച്ചേരും. വധൂരവരന്മാര് രാവിലെ ക്ഷേത്രത്തില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്യും.
വരന് 600ഉം വധു 400 രൂപയും നല്‍കുന്നതാണ് ആകെയുള്ള ചിലവ്. ക്ഷേത്രത്തിലെത്തുന്ന ആയിരങ്ങള്‍ക്ക് ഭക്ഷണവും ഉണ്ടാകും. വിവാഹത്തിന് മുന്നോടിയായി കുരുന്നുകളുടെ പന്തല്‍ കല്യാണവും നടക്കും. അനാചാരങ്ങളും ആര്‍ഭാടങ്ങളും ഒഴിവാക്കി നടക്കുന്ന വിവാഹത്തിന് പുതുതലമുറയും പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത്.
ഇന്നലെ 39 വിവാഹങ്ങളാണ് നടന്നത്. വാണിയ സമുദായത്തിലെ കാസര്‍കോട് ചന്ദ്രഗിരിപ്പുഴയ്ക്ക് വടക്ക് താമസിക്കുന്നവരാണ് ഈ ആചാരം പിന്തുടര്ന്നു വരുന്നത്. ഇവിടെ അരലക്ഷത്തിലധികം അംഗങ്ങളുണ്ട് സമുദായത്തിന്്.
കെ. സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: