പത്തനംതിട്ട: തീര്‍ത്ഥാടനക്കാലം ആരംഭിച്ചപ്പോള്‍തന്നെ കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ പേരില്‍ നടത്തുന്ന അനാവശ്യ ഹര്‍ത്താലും സമരങ്ങളുമായി ചില സംഘടനകള്‍ മുന്നോട്ട് വന്നിട്ടുള്ളത് ശബരിമലയോടുള്ള വെല്ലുവിളിയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ഹരിദാസ്. മുന്‍ വര്‍ഷം സമരം മുല്ലപ്പെരിയാറിന്റെ രൂപത്തില്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരിലാണ് അരങ്ങേറുന്നത്. ഇതിന്റെയെല്ലാം ലക്ഷ്യം ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുക എന്നുള്ളതാണ്.
തീര്‍ത്ഥാടനം ആരംഭിക്കുന്നതിന്റെ തലേദിവസം ചില മേഖലകളില്‍ പഞ്ചായത്ത്തലത്തില്‍ കടയടപ്പ് സമരവും അക്രവും അരങ്ങേറി. തീര്‍ത്ഥാടനം ആരംഭിച്ച ദിവസം ജില്ലാതലങ്ങളില്‍ ഹര്‍ത്താല്‍. ഇന്നലെ സംസ്ഥാനമാകെ സ്തംഭിപ്പിച്ചുകൊണ്ടു നടത്തിയ സമരത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ അയ്യപ്പന്മാര് അതിര്‍ത്തികളില്‍ വലഞ്ഞു. ഹൈറേഞ്ച് സമരസമിതി 48 മണിക്കൂര്‍ ഉപരോധം പ്രഖ്യാപിക്കുകയും ചില മതനേതാക്കള്‍ ഇടുക്കിയില്‍ നിന്നുമുള്ള വൈദ്യുതോല്‍പ്പാദനം സ്തംഭിപ്പിക്കും എന്നുവരെ ഭീഷണി മുഴക്കുന്നു. ഇക്കൂട്ടര്‍ക്കെതിരേ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കുകയും ജനദ്രോഹ സമരങ്ങളെ അമര്‍ച്ച ചെയ്യാന്‍ തയ്യാറാകുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമല തീര്‍ത്ഥാടന ആതിഥേയ ജില്ലയായ പത്തനംതിട്ടയില്‍ സമരങ്ങള്‍ ഒഴിവാക്കാന്‍ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ തീര്‍ത്ഥാടനത്തിന്റെ മൂന്നാംദിവസം അതു ലംഘിക്കപ്പെട്ടു. ജില്ലാ കളക്ടര്‍ അവധിയിലായതിനാല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരോട് ചര്‍ച്ച നടത്താന്‍ കഴിഞ്ഞില്ല. തീര്‍ത്ഥാടനക്കാലം ആരംഭിക്കുന്നതിന് തലേദിവസമാണ് ജില്ലാ കളക്ടര്‍ അവധിയില്‍പോയത്. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ശബരിമലയിലേയും പമ്പയിലേയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും മുന്‍ കളക്ടര്‍മാര്‍ നിരവധി യോഗങ്ങളും കൂടിയാലോചനകളും നടത്തിയിരുന്നു. ഇത് തീര്‍ത്ഥാടനം സുഗമമാക്കാന്‍ സഹായകവുമായിരുന്നു.
ശബരിമല തീര്‍ത്ഥാടനം സംബന്ധിച്ച വിഷയങ്ങളില്‍ മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും അടിയന്തിരമായി ഇടപെടണം. ജില്ലാ കളക്ടറുടെ അവധി റദ്ദാക്കുകയോ പുതിയ കളക്ടറേ നിയമിക്കുകയോ ചെയ്യണമെന്നും ഹരിദാസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: