മൂവാറ്റുപുഴ : എറണാകുളം ജില്ലാപഞ്ചായത്ത് മൂവാറ്റുപുഴ വാളകം ഡിവിഷനില്‍ കുന്നയ്ക്കാല്‍ സി.റ്റി.സി. ഒലിക്കോട്ട് ചിറ നീന്തല്‍ പരിശീലന കേന്ദ്രമാക്കുന്ന നിര്‍മ്മാണ പദ്ധതി ഇന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍, പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. ബാബു, ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. 12 മാസവും ജലം സമൃദ്ധമായി നിറഞ്ഞു നില്‍ക്കുമെന്നത് ഒന്നര ഏക്കര്‍ വിസ്തൃതിയിലുള്ള സി.റ്റി.സി. ഒലിക്കോട്ട് ചിറയുടെ സവിശേഷതയാണ്. ജില്ലാനിലവാരത്തിലുള്ള നീന്തല്‍ പരിശീലന കേന്ദ്രത്തിന്റെ ആദ്യഘട്ട നിര്‍മ്മാണ വേലകള്‍ക്കായി 35 ലക്ഷം രൂപയാണ് ജില്ലാപഞ്ചായത്ത് അനുവദിച്ചിട്ടുള്ളത്. പ്രകൃതിദത്തവും സുരക്ഷിതവുമായ ഈ നീന്തല്‍ കുളം ജില്ലയിലെ ആദ്യ സര്‍ക്കാര്‍ വക നീന്തല്‍ പരിശീലന കേന്ദ്രമാകും. ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഇവിടെ എത്തിച്ച് നീന്തല്‍ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതിക്ക് ജില്ലാപഞ്ചായത്ത് രൂപം കൊടുക്കുന്നതാണെന്ന് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി അറിയിച്ചു. നീന്തല്‍ പരിശീലന കേന്ദ്രത്തോടനുബന്ധിച്ച് കുട്ടികളുടെ പാര്‍ക്കും വൈകുന്നേരങ്ങളിലെ വിശ്രമകേന്ദ്രവും അതിനാവശ്യമായ ദീപാലങ്കാരങ്ങളുള്പ്പടെയുള്ള അനുബന്ധ സൗകര്യങ്ങള്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ നിലവില്‍ വരും.
ജില്ലയിലെ 84 പഞ്ചായത്തുകളിലേയും ഓരോ ജലസ്രോതസ്സുകള്‍ വീതം ഏറ്റെടുത്ത് സംരക്ഷണ വേലകള്‍ നടത്തുന്ന ജില്ലാപഞ്ചായത്തിന്റെ പ്രകൃതിസംരക്ഷണ പദ്ധതിയില്‍ പ്രധാനപ്പെട്ട ലോട്ടസ് & വാട്ടര്‍ ലില്ലി പദ്ധതി ഉടന്‍ ആരംഭിക്കുമെന്നും ജില്ലാപ്രസിഡന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: