സിപിഐയുടെ തൊഴിലാളി വിഭാഗം നേതാക്കളില്‍ ഏറ്റവും തലയെടുപ്പുള്ളയാളാണ് ഗുരുദാസ് ദാസ്ഗുപ്ത. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ക്കായി സ്വന്തം പാര്‍ട്ടി നേതൃത്വവുമായി പോലും കലഹിക്കാന്‍ മടിക്കാത്ത പ്രകൃതം ഗുപ്തയെ അച്ചടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കളില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. കോണ്‍ഗ്രസ് നേതൃത്വവുമായി രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷത്തിന്റെ വെള്ളക്കോളര്‍ നേതാക്കള്‍ക്ക് ദാസ്ഗുപ്തയെപ്പോലുള്ളവരുടെ നിലപാടുകള്‍ പലപ്പോഴും തലവേദന സൃഷ്ടിക്കുന്നു. പൊതുവേദികളില്‍ കോണ്‍ഗ്രസിനും യുപിഎ സര്‍ക്കാരിനുമെതിരെ ആഞ്ഞടിക്കുമ്പോഴും പാര്‍ലമെന്റിനുള്ളില്‍ യുപിഎ സര്‍ക്കാരിന്റെ നിലനില്‍പ്പ് ഉറപ്പു വരുത്താന്‍ പ്രതിജ്ഞാബദ്ധമായിരുന്നു ഇക്കാലമത്രയും ഇടതു നേതൃത്വം. ഗുരുദാസ് ദാസ്ഗുപ്തയുടെ പുതിയ നീക്കം ഇടതുനേതാക്കളുടെ നിലപാടില്‍ എന്തെങ്കിലും മാറ്റം വരുത്തുമോയെന്നതാണ് വലിയ ചോദ്യം.
ടു ജി കേസിലെ ജെപിസി അന്വേഷണ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഗുപ്ത നല്കിയ കത്താണ് കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും വിഷമിപ്പിക്കുന്നത്. രാജ്യം കണ്ട എക്കാലത്തെയും വലിയ അഴിമതി എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ടു ജി കേസില്‍ പ്രതിപക്ഷ അംഗങ്ങളുടെ നിലപാട് പരിഗണിക്കാതെ അധ്യക്ഷനായ പി സി ചാക്കോ ഏകപക്ഷീയമായി ജെപിസി റിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. ജെപിസി അധ്യക്ഷന്‍ എന്ന നിലയില്‍ രാജ്യവ്യാപകമായി ചാക്കോക്കെതിരെ ശബ്ദമുയര്‍ന്നെങ്കിലും കോണ്‍ഗ്രസ് ചാക്കോയെ കൈവിട്ടില്ല. ടു ജി റിപ്പോര്‍ട്ട് സഭയില്‍ ചര്‍ച്ച ചെയ്യാതെ വോട്ടിനിട്ട് അംഗീകാരം നല്‍കുന്നതിനായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിനു താത്പര്യം. എന്നാല്‍ ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ചര്‍ച്ച വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്ക്കുന്നു.
ചര്‍ച്ച നടന്നാല്‍ പാര്‍ലമെന്റില്‍ ഏറ്റവും വിയര്‍പ്പൊഴുക്കേണ്ടി വരിക ചാക്കോയും പ്രധാനമന്ത്രി ഉള്‍പ്പെടെയുളള കോണ്‍ഗ്രസ് നേതൃത്വവുമായിരിക്കും. അടിയന്തിര ഘട്ടത്തില്‍ ഇടതുപക്ഷം സഹായത്തിനെത്തുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.എന്നാല്‍ ഈ പ്രതീക്ഷകള്‍ക്ക് വിരുദ്ധമാണ് ഗുരുദാസ് ദാസ്ഗുപ്തയുടെ നീക്കങ്ങള്‍.
ജെപിസി റിപ്പോര്‍ട്ടില്‍ ചര്‍ച്ച വേണമെന്ന ആവശ്യവുമായി ഗുപ്ത സ്പീക്കര്‍ മീരാകുമാറിനയച്ച കത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണുള്ളത്. ഇത്രയും പ്രാധാന്യമര്‍ഹിക്കുന്ന ഒരു റിപ്പോര്ട്ടിന്മേല് പാര്‍ലമെന്റംഗങ്ങള്‍ക്ക് ചര്‍ച്ചക്കുള്ള അവസരം നിക്ഷേധിക്കുന്നത് ശരിയല്ലെന്നാണ് ഗുപ്ത ചൂണ്ടിക്കാണിക്കുന്നത്. പാര്‍ലമെന്റിന്റെ കാലാവധി പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെ സര്‍ക്കാര്‍ എന്തിനെയാണ് ഭയപ്പെടുന്നതെന്നും ഗുപ്ത ആരായുന്നു. ഇന്ത്യന്‍ ജനാധിപത്യത്തില്‍ പാര്‍ലമെന്റിനും അംഗങ്ങള്‍ക്കും ഉള്ള ഭാരിച്ച ഉത്തരവാദിത്വങ്ങളും പ്രാധാന്യങ്ങളുമൊക്കെ ചൂണ്ടിക്കാണിച്ചാണ് ഗുപ്ത മീരാകുമാറിന് എഴുതിയിട്ടുളളത്. ഇന്ത്യ കണ്ട മികച്ച പാര്ലമെന്റേറിയന്മാരില് ഒരാളായ ബാബു ജഗ്ജീവന് റാമിന്റെ മകളാണ് സ്പീക്കര്‍ മീരാകുമാര്‍. സ്പീക്കര്‍ പദവി പാര്‍ട്ടി താത്പര്യങ്ങള്ക്കുപരിയാണ് എന്ന കീഴ് വഴക്കം പാലിക്കാന്‍ മീരാകുമാര്‍ തയ്യാറാകുമോ അതോ കോണ്്ഗ്രസിനുവേണ്ടി ആ പദവിയുടെ അന്തസ് തകര്‍ക്കുമോയെന്നതാണ് മറ്റൊരു ചോദ്യം.
ടു ജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ചര്‍ച്ചക്കു വന്നാല്‍ കോണ്‍ഗ്രസിനെപ്പോലെതന്നെ ഇടതു പാര്‍ട്ടികളും മൂന്നാം മുന്നണി എന്ന പേരില്‍ സംഘടിക്കാനൊരുങ്ങുന്ന എസ്പി, ബിഎസ്പി കക്ഷികളുമൊക്കെ പ്രതിസന്ധിയിലാകും. യുപിഎ സര്‍ക്കാരിന്റെ ജനപിന്തുണയില്‍ കാര്യമായ കുറവുസംഭവിക്കാനിടയായ അഴിമതി ആരോപണങ്ങളിലൊന്നാണ് ടുജി കേസ്. പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചാല്‍ അത് ജനാഭിപ്രായം എതിരാകാന്‍ ഇടയാക്കും. പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസിനെ എതിര്‍ക്കുക എന്നത് ഇവര്‍ക്ക് ചിന്തിക്കാനുമാകുന്നില്ല. വന്‍ അഴിമതിക്കേസുകള്‍ നേരിടുന്ന ഇവരെ ഇക്കാലമത്രയും സംരക്ഷിച്ചു നിര്‍ത്തിയത് കോണ്‍ഗ്രസ് സര്‍ക്കാരാണ് എന്നത് മറക്കാനാകുമോ.കോണ്‍ഗ്രസിനെ പിണക്കിയ ലാലുവാകട്ടെ ഇന്ന് അഴികള്ക്കുള്ളിലുമാണ്.
ഗുരുദാസ് ദാസ്ഗുപ്തയുടെ കത്ത് ഇത്തരമൊരു സങ്കീര്‍ണ്ണമായ പ്രതിസന്ധിയാണ് ഇടതു പാര്‍ട്ടികള്‍ക്കും എസ്പി ,ബിഎസ്പി തുടങ്ങിയ കക്ഷികള്‍ക്കും സമ്മാനിച്ചിരിക്കുന്നത്.
വന്‍ അഴിമതികള്‍ എല്ലാക്കാലത്തും കോണ്‍ഗ്രസിനെ ജനങ്ങളില്‍ നിന്നകറ്റിയിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ ആ പാര്‍ട്ടിയുടെ ദയനീയമായ പതനത്തിനു തുടക്കമിട്ടത് ബോഫോഴ്സ് അഴിമതിയായിരുന്നു. 90 കള്‍ക്ക് ശേഷം അതായത് ബോഫോഴ്സ് അനന്തരകാലഘട്ടത്തില്‍ കോണ്‍ഗ്രസിനു പിന്നീടൊരിക്കലും പഴയ പ്രതാപത്തിലേക്ക് മടങ്ങാന്‍ കഴിഞ്ഞിട്ടുമില്ല.
മന്മോഹന് സിംഗിന്റെ കഴിഞ്ഞ പത്തു വര്‍ഷക്കാലത്തെ ഭരണവും അഴിമതികള്‍ കൊണ്ട് നിറഞ്ഞതായിരുന്നു. ബോഫോഴ്സ് പോലെ അല്ലെങ്കില്‍ അതിലും മാരകമായി ടുജി കോണ്‍ഗ്രസിനെ ബാധിക്കുകയാണ്. ഈ തകര്‍ച്ചയില്‍ കോണ്‍ഗ്രസിനെ ഒരു കൈ സഹായിക്കുക എന്ന ഉത്തരവാദിത്വമാണ് ഇടതു പാര്‍ട്ടികളും മുലായം കമ്പനികളും സ്വീകരിക്കുന്നത്. അഴിമതിയിലെ ദേശീയ – പ്രാദേശിക കൂട്ടുകെട്ടെന്ന് ഇതിനെ വിശേഷിപ്പിക്കാം.
ഇത്തരം രഹസ്യ ധാരണകളുടെ രാഷ്ട്രീയത്തെയാണ് ഗുരുദാസിനെപ്പോലുള്ള പഴയ കമ്യൂണിസ്റ്റുകള്‍ ചോദ്യം ചെയ്യുന്നത്. പക്ഷേ ആത്യന്തികമായി സംഭവിക്കാനിടയുള്ളത് ഗുരുദാസ് ദാസ് ഗുപ്തയെപ്പോലുള്ള യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍ നിശബ്ദരാക്കപ്പെടുകയും ഇടതു പാര്‍ട്ടികള്‍ പതിവു കോണ്‍ഗ്രസ് സേവ തുടരുകയും ചെയ്യും എന്നതായിരിക്കും.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: