ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയിക്ക് ഭാരത രത്ന നല്‍കണമെന്നാവശ്യപ്പെട്ട് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയും നിതീഷ്കുമാറും രംഗത്ത്. ഭാരത രത്ന നല്കി വാജ്പേയിയെ ആദരിക്കേണ്ടത് രാജ്യത്തിന്റെ കടമയാണെന്ന് ഫാറൂഖ് അബ്ദുള്ള അഭിപ്രായപ്പെട്ടപ്പോള്‍ എന്തുകൊണ്ടാണ് വാജ്പേയിക്ക് അവാര്‍ഡു നല്കാന് സര്‍ക്കാര്‍ തയ്യാറാകാത്തതെന്ന് ജെഡിയു നേതാവ് നിതീഷ്കുമാറും ചോദിച്ചു. സച്ചിന് തെണ്ടൂല്‍ക്കര്‍ക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ അവാര്‍ഡു നല്‍കിയതിനെതിരെ ജെഡിയു എംപി ശിവാനന്ദ തിവാരി രംഗത്തെത്തിയതും കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാഴ്ത്തി.
യുപിഎ സഖ്യകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കേന്ദ്രമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള വാജ്പേയിക്കു വേണ്ടി പരസ്യമായി രംഗത്തെത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഒരിക്കല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുമെന്ന് വാജ്പേയിയേപ്പറ്റി ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞിരുന്നെന്നും വാജ്പേയി ഭാരത രത്നയേക്കാള് വലുതാണെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. താനൊരു ബിജെപി നേതാവല്ലെന്നും എന്നാല്‍ അദ്ദേഹം മികച്ച നേതാവാണെന്ന കാര്യം ആരും വിസ്മരിക്കരുതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ബിജെപിയില്‍ നിന്നും സഖ്യം വേര്‍പ്പെടുത്തിയ ജെഡിയു വാജ്പേയിക്കു വേണ്ടി രംഗത്തെത്തിയതും ശ്രദ്ധേയമായി. വാജ്പേയി ഭാരതരത്നയ്ക്ക് അര്‍ഹനായ വ്യക്തിയാണെന്നും എന്തുകൊണ്ടാണ് അവാര്‍ഡ് അദ്ദേഹത്തിനു നല്‍കാത്തതെന്നും നിതീഷ്കുമാര്‍ കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. അതിനിടെ സച്ചിന് തെണ്ടൂല്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കിയതിനെതിരെ ജെഡിയു എം.പി ശിവാനന്ദ തീവാരി രംഗത്തെത്തുകയും ചെയ്തു. ധ്യാന്‍ചന്ദിനെ ഒഴിവാക്കി സച്ചിനെ ഭാരതരത്നയ്ക്കു തെരഞ്ഞെടുത്തത് തനിക്കു മനസ്സിലാക്കാനാവുന്നില്ലെന്ന് തീവാരി പറഞ്ഞു. ദേശീയ തലത്തില്‍ ഇതു സംബന്ധിച്ച ചര്‍ച്ച നടക്കണമെന്നും കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ഭാരതരത്ന നല്‍കുന്നതിനെ എതിര്‍ക്കണമെന്നും ശിവാനന്ദ തീവാരി പറഞ്ഞു.
എ.ബി വാജ്പേയിയുടെ കീഴില്‍ എന്‍ഡിഎ സര്‍ക്കാരിലെ ഭാഗമായിരുന്ന ഫാറൂഖ് അബ്ദുള്ളയും നിതീഷ്കുമാറും വാജ്പേയിക്കു വേണ്ടി രംഗത്തെത്തിയതും ദേശീയ രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചാവിഷയമായിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: