ശബരിമല: അമ്മയില്‍ നിന്നും പഞ്ചഭൂതാധിപനായ അയ്യപ്പനിലേക്കുള്ള പ്രയാണമാണ് ജീവിതസാക്ഷാത്ക്കാരമെന്ന് ശബരിമല മേല്‍ശാന്തി തൃക്കാരിയൂര്‍ പനങ്ങാറ്റംപ്പിള്ളി നാരായണന് നമ്പൂതിരി. തന്റെ ജീവിത വളര്‍ച്ചയില്‍ അമ്മയുടെ സ്ഥാനം അനിര്‍വചനീയമാണ്. ആത്മീയതയുടെ ആദ്യാക്ഷരങ്ങള്‍ നുകര്‍ന്നു തന്നത് അമ്മ സാവിത്രിദേവിയാണ്. സാത്വികജീവിതം വൃതമാക്കിയ സാവിത്രിദേവി നാരായണീയഭാഗവത ഭക്തയായിരുന്നു. സപ്താഹങ്ങളിലൂടെ സ്ഥുടം ചെയ്തെടുത്ത അമ്മയുടെ മനസ്സ് അയ്യന്റെ അരികിലെത്തിക്കാന്‍ സഹായകമായി. തന്നെ ശബരീശ സന്നിധിയിലെത്തിക്കാന് അമ്മയെ പ്രേരിപ്പിച്ചതും അയ്യപ്പന്റെ മായാലീലയാണെന്നും അദ്ദേഹം പറഞ്ഞു.
കാനനവാസനായ അയ്യപ്പന്റെ പൂങ്കാവനം പവിത്രതയോടെ കാത്തസൂക്ഷിക്കേണ്ടത് ഓരോ ഭക്തരുടെയും കടമയാണ്. അയ്യപ്പന്മാര് കൊണ്ടുവരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും സന്നിധാനത്തെ വൃത്തിഹീനമാക്കുന്നുണ്ട്. അവരവര്‍ കൊണ്ടുവരുന്ന ഇത്തരം മാലിന്യങ്ങള്‍ തിരികെ കൊണ്ടുപോയി വീടുകളില്‍ നശിപ്പിക്കാന്‍ അയ്യപ്പന്മാര് മുന്‍കൈയെടുക്കണം. മാലിന്യത്തിന്റെ കേന്ദ്രീകരണത്തെ ഇത്തരത്തില്‍ ഇല്ലാതാക്കാമെന്നും മേല്‍ശാന്തി പറഞ്ഞു.
വ്രതനിഷ്ഠയാണ് ശബരിമല തീര്‍ഥാടനത്തിന്റെ പൂര്‍ണതക്ക് ആധാരം. 41 ദിവസത്തെ കഠിനവൃതം മലചവിട്ടുന്നവര് നിര്‍ബന്ധമായും പൂര്‍ത്തിയാക്കിയിരിക്കണം. കന്നിഅയ്യപ്പന്മാര് മാത്രം വൃതംനോറ്റാല് മതിയെന്ന ധാരണ ശരിയല്ല. വൃതനിഷ്ഠയില്‍ ശരീരശുദ്ധിയും മനശുദ്ധിയും കൈവരിക്കുമ്പോള്‍ മാത്രമാണ് ശബരിമല തീര്‍ഥാടനം അര്‍ഥവത്താകുന്നത്. ശബരീശസന്നിധിയില്‍ അയ്യപ്പനും ഭക്തനും രണ്ടല്ല, ഇരുവരും ഏകഭാവം കൈവരിക്കുന്ന അപൂര്‍വതയാണ് തീര്‍ത്ഥാടനത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.
ഭാര്യയും രണ്ടുകുട്ടികളുമടങ്ങുന്നതാണ് മേല്‍ശാന്തിയുടെ കുടുംബം. സഹോദരന്മാരായ രാമന്‍നമ്പൂതിരിയും ശ്രീനിവാസന് നമ്പൂതിരിയും മേല്‍ശാന്തിയെ സഹായിക്കാന്‍ സന്നിധാനത്തുണ്ട്.
2009 ല്‍ മേല്‍ശാന്തിക്കായി അപേക്ഷ നല്‍കിയിരുന്നെങ്കിലും രണ്ടാമൂഴത്തില്‍ 2013 ലാണ് അയ്യപ്പ സന്നിധിയിലേക്ക് നാരായണന് നമ്പൂതിരിക്ക് നറുക്ക് വീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: