കൊച്ചി: ഇന്ന് ഹര്‍ത്താല്‍ നടത്തുന്നവര്‍ പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരി രംഗന് റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. ഹര്‍ത്താലുകള്‍ രാജ്യത്തെ പിന്നോട്ടടിക്കുകയാണെന്നും കോടതി പറഞ്ഞു. ഹര്‍ത്താലുകള്‍ക്കെതിരായി പ്രോപ്പര്‍ ചാനല്‍ എന്ന സംഘടന നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെലൂര്‍ അദ്ധ്യക്ഷയായ ബെഞ്ചിന്റെ വിമര്‍ശനം.
ഹര്‍ത്താല്‍ കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രയോജനം ഉണ്ടാകുന്നുണ്ടോ? ഹര്‍ത്താലുകള്‍ രാജ്യപുരോഗതിയെ പിന്നോട്ടടിക്കുന്നുവെന്ന് നിരീക്ഷിച്ച കോടതി സാധാരണക്കാര്‍ക്കും മറ്റും ഹര്‍ത്താലുകള്‍ കടുത്ത ദുരിതമാണ് സമ്മാനിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
അതേസമയം ഹര്‍ത്താലില്‍ നശിപ്പിക്കുന്ന പൊതുമുതലുകള്‍ക്ക് മാത്രമേ ഇപ്പോള്‍ നഷ്ടപരിഹാരം ഈടാക്കുന്നുള്ളുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ചാലും അവയെ പൊതുമുതലായി പരിഗണിക്കുന്ന രീതിയില്‍ നിയമനിര്‍മ്മാണം നടത്തി നഷ്ടപരിഹാരം ഈടാക്കുന്ന കാര്യം ആലോചിക്കുകയാണ്. ഇതിനായി നിയമനിര്‍മ്മാണം കൊണ്ടുവരും. നിയമത്തിന്രെ കരട് രൂപം തയ്യാറാക്കിയതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: