കോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ താമരശ്ശേരിയില്‍ നടന്ന അഴിഞ്ഞാട്ടത്തിന് പിന്നില്‍ വന്‍ഗൂഢാലോചനയുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. അക്രമമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവരുടെ പേരില്‍ കേസെടുക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശവും ഇവിടെ ലംഘിച്ചിരിക്കുകയാണ്.
തിരുവമ്പാടി എംഎല്‍എസി മോയിന്‍കുട്ടിയുടെയും മുന്‍ എം.എല്‍.എയും സിപിഎം നേതാവുമായ ജോര്‍ജ് തോമസിന്റെയും,താമരശ്ശേരി ബിഷപ്പിന്റെയും ഒത്താശയോടെയാണ് കോടികളുടെ നഷ്ടത്തിന് കാരണമായ അക്രമം നടന്നത്. ഇതു സംബന്ധിച്ച് നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം നടത്തണം. അക്രമത്തിനായി സി.മോയിന്‍കുട്ടിയുടെ വീട്ടില്‍ ഗൂഢാലോചന നടന്നു. വ്യാപകമായ ആക്രമത്തിന് താമരശ്ശേരി ബിഷപ്പ് ആഹ്വാനം നല്‍കിയിട്ടുണ്ട്.
മോയിന്‍കുട്ടിയുടെ സഹോദരനും കുപ്രസിദ്ധ വനംകൊള്ളക്കാരനും ഉള്‍പ്പെട്ട വന്‍ കൊള്ളയുടെ കേസ്സ് സംബന്ധമായ രേഖകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമാണ് സര്‍ക്കാര്‍ ഓഫീസ് ഉള്‍പ്പെടെ കത്തിച്ചാമ്പലാക്കിയത്. ഇതിനായി മോയിന്‍കുട്ടി ആസൂത്രിത നീക്കം നടത്തിയിട്ടുണ്ട്. ജീരകപ്പാറവനം കൊള്ള കേസ്സ് സംബന്ധമായ തെളിവുകളും രേഖകളും നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ എല്ലാ നിയമസംവിധാനങ്ങളെയും അവഗണിച്ചു കൊണ്ടാണ് താമരശ്ശേരി ബിഷപ്പ് അക്രമത്തിന് ഒത്താശ ചെയ്തത്. പാറമടക്കാരുടെയും വനം, മണല്‍, ക്വാറി മാഫിയകളുടെയും കുഴലൂത്തുകാരായി ബിഷപ്പും സിപിഎമ്മും മാറിയിരിക്കുകയാണ്. കേവലം നാല് വോട്ടിന് വേണ്ടി പരിസ്ഥിതിയെയും സാമൂഹികപ്രതിബദ്ധതയെയും കാറ്റില്‍പ്പറത്തി വിധ്വംസകശക്തികളുടെ പിന്നാലെ പായുകയാണ് സിപിഎം നേതൃത്വം .കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ വോട്ടുമാത്രം ലക്ഷ്യമാക്കി സിപിഎം തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണ്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പഠിക്കുന്നതു പോകട്ടെ വായിച്ചുനോക്കുകപോലും ചെയ്യാത്ത സിപിഎം ശാസ്ത്രസാഹിത്യപരിഷത്തുകാരോട്ചോദിച്ചെങ്കിലും കാര്യം മനസ്സിലാക്കേണ്ടതായിരുന്നു. വന്‍ മാഫിയകള്‍ക്കും കൊള്ളക്കാര്‍ക്കും പരിസ്ഥിതി തകര്‍ക്കുന്നവര്‍ക്കും ഒപ്പം നിന്ന് അരാജകത്വം ഉണ്ടാക്കുന്ന സിപിഎം പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത തരത്തിലായിരിക്കുകയാണ്. സാധാരണക്കാരെയും പ്രകൃതിയെയും മറന്നുകൊണ്ട് സ്ഥാപിത താല്‍പ്പര്യക്കാര്‍ക്ക് അഴിഞ്ഞാടാന്‍ അവസരം കൊടുത്തതാണ് താമരശ്ശേരി സംഭവം. ഇതില്‍ ഭരണ-പ്രതിപക്ഷകക്ഷികള്‍ ഒരുപോലെ കുറ്റക്കാരാണ്. അക്രമമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടും സര്‍ക്കാര്‍ യാതൊരു വിധ നടപടിയും സ്വീകരിക്കാത്തതാണ് ഒരു മേഖലയാകെ തകരാനും കോടിക്കണക്കിന് രൂപയുടെ നഷ്ടത്തിനും കാരണമായത്. സിപിഎമ്മിന്റെ പല പ്രമുഖ നേതാക്കളും കരിങ്കല്‍ മാഫിയകളുടെ തടവറയിലാണെന്നും സുരേന്ദ്രന് പറഞ്ഞു. മുന്‍മന്ത്രി എളമരം കരീമിന്റെ സഹോദരന് കരിങ്കല്‍ ക്വാറിയുടെ പേരില്‍ പ്രതിക്കൂട്ടിലായതും മറ്റും കൂട്ടിവായിച്ചാല്‍ സിപിഎം നേതാക്കളുടെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാകും. താമരശ്ശേരിയില്‍ വ്യാപകമായ അക്രമം നടത്തി സര്‍ക്കാര്‍ ഓഫീസുകള്‍വരെ കത്തിച്ചാമ്പലാക്കിയിട്ടും തിരിഞ്ഞു നോക്കാന്‍ പോലും തയ്യാറാവാത്ത മുഖ്യമന്ത്രിയുടെ നടപടി പ്രതിഷേധാര്‍ഹമാണ്. ഒരു മന്ത്രി പോലും സംഭവ സ്ഥലം സന്ദര്‍ശിച്ചിട്ടില്ല. മാഫിയകളെ സഹായിക്കുന്നതരത്തിലാണ് ഇന്നത്തെ സിപിഎം ഹര്‍ത്താല്‍.
ജനപിന്തുണയില്ലാത്ത ഹര്‍ത്താലില്‍ നിന്നും സിപിഎം പിന്തിരിയണം. ജനത്തിന് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുന്നതിന് പകരം സിപിഎം ഉള്‍പ്പെടെയുള്ളവര്‍ തെറ്റായ സന്ദേശം നല്‍കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു. വ്യാപകമായ അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്റ് പി. രഘുനാഥും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: