കോട്ടയം: കസ്തുരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ സംസ്ഥാനത്തൊട്ടാകെ എല്‍ഡിഎഫ് നടത്തുന്ന ഹര്‍ത്താലും ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണസമിതി നടത്തുന്ന തെരുവുവാസ സമരവും ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിനയാകും. താമരശ്ശേരിക്കു സമാനമായ സംഭവങ്ങള്‍ ഇടുക്കിയിലും ആവര്‍ത്തിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. ശബരിമല തീര്‍ത്ഥാടകര്‍ക്ക് പ്രാണഭയം കൂടാതെ യാത്രചെയ്യാന്‍ കഴിയില്ലെന്ന സ്ഥിതി വിശേഷമാണ് മുന്‍കാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഇടതുപക്ഷത്തിന്റെ 12 മണിക്കൂര്‍ ഹര്‍ത്താലിനു പുറമെയാണ് ഹൈറേഞ്ച് സംരക്ഷണസമിതിയെന്ന പേരില്‍ പാതിരിമാരുടെ നേതൃത്വത്തില്‍ രൂപീകൃതമായ സംഘടന വാഹന തടയല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചുരുക്കത്തില്‍ ഇടുക്കി ജില്ല രണ്ടു ദിവസത്തേക്ക് ഒറ്റപ്പെടും.
2011 ലെ ശബരിമല തീര്‍ത്ഥാടനകാലത്ത് ഉയര്‍ന്നുവന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് സമരം ഫലത്തില്‍ ശബരിമല തീര്ത്ഥാടകര്ക്കെതിരെയുള്ള പ്രക്ഷോഭമായി മാറുകയായിരുന്നു. അന്യസംസ്ഥാനങ്ങളില്‍നിന്നും എത്തിയ അയ്യപ്പഭക്തര്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ആക്രമിക്കപ്പെട്ടു. തീര്ത്ഥാടകവാഹനങ്ങളും പലയിടത്തും തകര്‍ത്തു. ഇതേ തുടര്‍ന്ന് തമിഴ്നാട്ടില്നിന്നടക്കമുള്ള ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ മനോവേദനയോടെ ശബരിമലതീര്ത്ഥയാത്ര ഉപേക്ഷിക്കുകയും ചെയ്തു. ഇതേ സ്ഥിതിവിശേഷം ഈ തീര്‍ത്ഥാടനകാലത്തും ആവര്‍ത്തിക്കപ്പെടുമെന്ന ആശങ്ക ഭക്തര്‍ക്കുണ്ട്. വൃശ്ചികപുലരിയില്‍ ഇടുക്കിയില്‍ നടന്ന ഹര്ത്താലാചരണത്തിന്റെ ഫലമായി തമിഴ്നാട്ടില്‍നിന്നും വന്ന നൂറുകണക്കിന് തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ അതിര്‍ത്തിയായ ലോവര്‍ക്യാമ്പില്‍ പോലിസ് തടഞ്ഞിടുകയുണ്ടായി. തീര്‍ത്ഥാടകാലം ആരംഭിച്ചപ്പോള്‍ മുതല്‍തന്നെ ഉയരുന്ന പ്രക്ഷോഭങ്ങള്‍ ഇക്കുറിയും ശബരിമലക്ക് പോകുന്നത് അപകടകരമാണെന്ന ധാരണ തമിഴ്നാട്ടിലെ ഭക്തര്ക്കിടയിലുണ്ടായതായി സൂചനയുണ്ട്.
ഇത്തവണ ഇടുക്കിയിലെ റോഡുകളില്‍ 48 മണിക്കൂര്‍ ജനങ്ങള്‍ തെരുവുകളില്‍ ഉണ്ട് ഉറങ്ങിയാണ് തെരുവുവാസ സമരം സംഘടിപ്പിച്ചിരിക്കുന്നത്. തെരുവോരങ്ങളില്‍ നിറയെ അടുപ്പുകള്കൂട്ടി ഭക്ഷണം പാകം ചെയ്ത് നടത്തുന്ന പ്രക്ഷോഭത്തിനിടെ വിനോദസഞ്ചാരികളുടെതടക്കമുള്ള വാഹനങ്ങള്‍ തടയുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. ശബരിമല തീര്‍ത്ഥാടകരെ തടയില്ലെന്ന് സമരക്കാര്‍ പറയുമ്പോഴും അഗ്നിപൂത്തുനില്ക്കുന്ന വഴികളിലൂടെ വാഹനങ്ങളിലെത്താന്‍ തീര്‍ത്ഥാടകര്‍ വിമുഖത കാട്ടും. ഫലത്തില്‍ രണ്ടു ദിവസത്തേക്ക് തമിഴ്നാട്ടില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ അതിര്‍ത്തികടന്ന് ശബരിമലയിലേക്ക് എത്തുകയില്ലെന്ന് ഉറപ്പ്.
തിരുവനന്തപുരത്ത് വിളപ്പില്‍ശാലയിലെ മാലിന്യനിക്ഷേപത്തിനെതിരെ നേരത്തെ വഴിയോരത്ത് അടുപ്പുകൂട്ടി നടത്തിയ സമരം പെട്ടെന്ന് റോഡുകളില്‍ പാഴ്വസ്തുക്കള് കൂട്ടിയിട്ട് കത്തിച്ച് വന്‍ പ്രക്ഷോഭമായി മാറിയിരുന്നു. ഇത്തരത്തില്‍ സമരത്തിന്റെ ഭാവം മാറുന്നത് എപ്പോഴെന്ന് ഊഹിക്കാന്‍ കഴിയാത്തതുകൊണ്ടുതന്നെ തെരുവുവാസസമരത്തിനിടയിലൂടെ അയ്യപ്പഭക്തര്‍ വാഹനങ്ങളില്‍ കടന്നുപോകുന്നത് സുരക്ഷിതമല്ലെന്നും ചൂണ്ടിക്കാട്ടുന്നു.
വൃശ്ചികപ്പുലരിയില്‍ വയനാട് താമരശ്ശേരിയില്‍ നടന്ന അക്രമങ്ങളും അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകരില്‍ ഭീതി വളര്‍ത്തിയിട്ടുണ്ടെന്നാണ് അവിടെനിന്നും ലഭിക്കുന്ന വിവരം. സംസ്ഥാനത്ത് ഒട്ടാകെ ഹര്‍ത്താല്‍ ആയതിനാല്‍ വാഹനഗതാഗതം മാത്രമല്ല തടസ്സപ്പെടാവുന്നത്.
അന്യസംസ്ഥാനങ്ങളില്‍നിന്നെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ഭക്ഷണവും കുടിവെള്ളവും ലഭിക്കാനും ബുദ്ധിമുട്ടുണ്ടാകും. ഇനി വരും ദിവസങ്ങളിലുണ്ടാകുന്ന തുടര്‍ സമരങ്ങളും ആത്യന്തികമായി തീര്‍ത്ഥാടകരെയാണ് ബാധിക്കുക. ഇത് ശബരിമലതീര്ത്ഥാടനത്തെയും ബാധിക്കും.
കെ.ജി. മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: