തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡില്‍ കോടികളുടെ അഴിമതി നടത്തിയവരെ സംരക്ഷിക്കാനുള്ള ഉന്നതതല നീക്കത്തിനെതിരേ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ. അഴിമതി നടത്തിയവര്‍ക്കെതിരേയുള്ള അന്വേഷണവുമായി മുന്നോട്ടു പോകാന്‍ വിജിലന്‍സ് തീരുമാനിച്ചു. തിരുവനന്തപുരം യൂണിറ്റില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് തുടര്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ എറണാകുളം യൂണിറ്റില്‍ രജിസ്റ്റര്‍ ചെയത് കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞിരുന്നു.
ആരോപണ വിധേയര്‍ കേസിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന് നിസംഗ നിലപാട് സ്വീകരിച്ചിരുന്നു. വിജിലന്‍സിന്റെ വാദമുഖങ്ങളോ കണ്ടെത്തിയ തെളിവുകളെ കുറിച്ചുള്ള വിശദീകരണങ്ങളോ കോടതിയില്‍ നല്കാന് തയ്യാറായില്ല. ഹര്‍ജി നിരാകരിക്കണമെന്ന ശക്തമായ വാദങ്ങളും നിരത്തിയിരുന്നില്ല. ഉന്നതതല നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിലപാട് സ്വീകരിച്ചത്. ഇതേ തുടര്‍ന്നു ഹൈക്കോടതി ആരോപണ വിധേയരുടെ ഹര്‍ജിയില്‍ തീര്‍പ്പു കല്‍പ്പിക്കുകയായിരുന്നു. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ എറണാകുളം യൂണിറ്റില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തു.
അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങള്‍ വിജിലന്‍സ് വകുപ്പില്‍ ഉയര്‍ന്നിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ വിശ്വാസ്യതയെ ബാധിക്കുന്ന നിലപാടിനെതിരേ വിജിലന്‍സ് ശക്തമായ നിലപാടെടുത്തു. ഇതോടെ തുടര്‍ അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ അനുമതി നല്കി. തുടര്‍ന്നാണ് തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചത്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ നല്കിയ വിഎബിസി 4/2013 നമ്പര്‍ കേസിന്റെ എഫ്ഐആറാണ് കഴിഞ്ഞ ദിവസം സമര്‍പ്പിച്ചത്. കണ്‍സ്യൂമര്‍ ഫെഡില്‍ അവശ്യ സാധനങ്ങളുടെ സംഭരണത്തിലും വിതരണത്തിലും ക്രമക്കേടുകള്‍ നടന്നുവെന്നാണ് എഫ്ഐആറില്‍ വ്യക്തമാക്കിയിട്ടുള്ളത്. റെയ്ഡിനെ തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ ടെണ്ടറുകളില്‍ ക്രമക്കേടുകളുണ്ടായെന്നും കണ്ടെത്തി. ചില ഉദ്യോഗസ്ഥര്‍ക്കു സാമ്പത്തിക നേട്ടമുണ്ടായെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
മാനേജിങ് ഡയറക്റ്ററുടെ ഓഫിസ് എറൗണ്ട് സ്പെഷ്യല്‍ ഡ്യൂട്ടി ഓഫിസറായി ജോലി നോക്കുന്ന കെ. അജിത് കുമാറിന് സംഭരണത്തിന്റെ ചുമതല നല്കിയതും വഴിവിട്ടായിരുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ നിയമനവും ക്രമവിരുദ്ധമായിട്ടാണെന്നും വിജിലന്‍സ് വിശദീകരിച്ചിട്ടുണ്ട്. ഇയാള്‍ക്ക് കണ്‍സ്യൂമര്‍ ഫെഡിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്. നീതി മെഡിക്കല്‍ സ്റ്റോര്‍ വെയര്‍ ഹൗസില്‍ എംബിഎ ബിരുദമുള്ളവരെ നിയമിക്കേണ്ട തസ്തികയിലായിരുന്നു നേരത്തെ ഇയാള്‍ക്ക് നിയമനം നല്‍കിയിരുന്നത്. ഇതിലും അഴിമതിയുണ്ടെന്ന് വിജിലന്‍സ് വിശദീകരിക്കുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: