ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ എന്നതൊഴിച്ചാല്‍ മധ്യപ്രദേശിലേയും ഗുജറാത്തിലേയും വോട്ടെടുപ്പുകള്‍ തമ്മില്‍ വലിയ സാമ്യമില്ല. തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ പരസ്പരം ഏറെ വ്യത്യാസം. എങ്കിലും ഗുജറാത്ത് തെരഞ്ഞെടുപ്പിനോട് മധ്യപ്രദേശ് തെരഞ്ഞെടുപ്പിനെ താരതമ്യം ചെയ്യുന്നവരുമുണ്ട്. നരേന്ദ്ര മോദിയെപ്പോലെ ഉജ്വലവിജയത്തോടെ ശിവരാജ് സിംഗ് ചൗഹാന് മൂന്നാം തവണയും മുഖ്യമന്ത്രിയാകുമോ എന്നതാണതില്‍ പ്രധാനം. മറ്റൊന്നാണ് ഭോപ്പാല്‍ നോര്‍ത്തില്‍ ബിജെപി ജയിക്കുമോ എന്നത്.
90 ശതമാനം മുസ്ലിങ്ങളുള്ള ഗുജറാത്തിലെ സലയ മണ്ഡലത്തിലെ ജനങ്ങള്‍ കഴിഞ്ഞതവണ നരേന്ദ്ര മോദി മുഖ്യമന്ത്രിയാകാനാണ് വോട്ടുകുത്തിയത്. കോണ്‍ഗ്രസിന്റെ മുസ്ലിം സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയെയാണ് ഇവിടെ ജയിപ്പിച്ചത്.സലയയില്‍ സംഭവിച്ചത് ഭോപ്പാല്‍ നോര്‍ത്തില്‍ ആവര്‍ത്തിക്കുമോ എന്നതാണ് വലിയ ചോദ്യം.
മുസ്ലിങ്ങള്‍ക്ക് സ്വാധീനമുള്ള 22 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ എട്ടിടത്ത് നിര്‍ണായക ശക്തിയുമാണ്. മുസ്ലിം സ്വാധീനമുള്ള മണ്ഡങ്ങളില്‍ 60 ശതമാനത്തിലും കഴിഞ്ഞതവണ ബിജെപിയാണ് ജയിച്ചത് എന്നത് വേറെകാര്യം. മുസ്ലിം വോട്ട് എറ്റവും കുടുതലുള്ള മണ്ഡലമാണ് ഭോപ്പാല്‍ നോര്‍ത്ത്. 48 ശതമാനം മുസ്ലിംങ്ങളുള്ള ഈ മണ്ഡലത്തെ പ്രതിനിധീകിക്കുന്നത് കോണ്‍ഗ്രസിലെ ആരീഫ് അഖ്യൂല്.നിയമസഭയിലെ ഏക മുസ്ലിം എംഎല്‍എയും ഇദ്ദേഹമായിരുന്നു. പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലമായ ഇവിടെ ഇത്തവണ ബിജെപി ജയിച്ചാല്‍ അത് ചരിത്രമാകും. ഗുജറാത്തിന്റെ ആവര്‍ത്തനം.
ചരിത്രം കുറിക്കാന്‍ അതിശക്തനെയാണ് ബിജെപി പോരിനിറക്കിയിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രി ആരിഫ് ബെയ്ഗ്. ഇന്ഡോര്കാരനായ ബെയ്ഗ ്1977 ല്‍ ജനസംഘം സ്ഥാനാര്‍ത്ഥിയായി ഭോപ്പാലില്‍ കോണ്‍ഗ്രസിലെ അതിശക്തനും പിന്നീട് രാഷ്ട്രപതിയാകുകയും ചെയ്ത ഡോ.ശങ്കര്‍ ദയാല്‍ ശര്‍മ്മയെ തോല്‍പ്പിച്ച് ദേശിയ ശ്രദ്ധ നേടിയിരുന്നു. മൊറാര്‍ജി മന്ത്രിസഭയില്‍ അംഗമായി, 1989 ല്‍ ബത്വല്‍ മണ്ഡലത്തില്‍നിന്ന് വീണ്ടും ലോകസഭയിലെത്തി. ഇടയ്ക്ക് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും തിരിച്ചത്തി.
ഇസ്ലാം ഭീഷണിയില്‍ എന്ന കോണ്‍ഗ്രസ് പ്രചരണത്തിന് തിരിച്ചടിയാകും എന്റെ വിജയം. റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിച്ചു കയറാമെന്നെനിക്കുറപ്പുണ്ട്. ബിജെപി നേതൃത്വവും മുഖ്യമന്ത്രി ചൗഹാനും അര്‍പ്പിച്ച വിശ്വാസം കാക്കും,78 കാരനായ ബെയ്ഗ് ജന്മഭൂമിയോടു പറഞ്ഞു.
ആരീഫ് അഖ്യുല് തന്നെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.5 തവണ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച ഈ 63 കാരന് ഒരിക്കല്‍ തോറ്റ ചരിത്രവുമുണ്ട്. 1990 ല്‍ സ്വതന്ത്രനായി മത്സരിച്ചപ്പോള്‍ ബിജെപിയുടെ രമേശ് ശര്‍മ്മയോട് പരാജയപ്പെട്ടു. രാഷ്ടീയത്തില്‍ പയറ്റിത്തെളിഞ്ഞ വയസ്സന്മാരായ രണ്ട് ആരീഫമാര് തന്നിലുള്ള മത്സരം തനിരാഷ്ടീയമാകും എന്നതുറപ്പ്.
ഇത്തവണ ന്യുനപക്ഷ വോട്ടുകള്‍ നല്ലൊരുരീതിയില് കിട്ടുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ന്യൂനപക്ഷങ്ങള്‍ക്കായി സര്‍ക്കാര്‍ ചെയ്ത നല്ലകാര്യങ്ങള്‍ വോട്ടായി മാറും. തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി നടത്തിയ ജന ആശീര്‍വാദ യാത്രയില്‍ മുസ്ലിംങ്ങളുടെ മനംമാറ്റം പരസ്യമായി കണ്ടതാണ്. ചൗഹാന് നയിച്ച യാത്രയെ സ്വീകരിക്കാന്‍ പല സ്ഥലങ്ങളിലും മുസ്ലിം നേതാക്കള്‍ എത്തി. യാത്ര കടന്നുപോകുമ്പോള്‍ മോസ്ക്കുകളുടെ മട്ടുപ്പാവുകളില്‍ നിന്ന് പുഷ്പവൃഷ്ടി നടത്തുന്നത് പുതുമയുള്ള കാഴ്ചയായിരുന്നു സ്ഥിരമായ ഒരു ഹജ്ജ് ഹൗസ് എന്ന മുസ്ലിംങ്ങളുടെ ദീര്‍ഘകാല ആവശ്യം സാധിച്ചുകൊടുത്തത് ബിജെപി സര്‍ക്കാറാണ്. ശിലാസ്ഥാപനം നിര്‍വഹിച്ചത് മുഖ്യമന്ത്രി ചൗഹാനും.
ഉറുദു സര്‍വകലാശാലയ്ക്കായി ഭൂമി നല്കിയതും അടുത്ത കാലത്താണ്. മുഖ്യമന്ത്രിയുടെ കന്യാദാന യോജന പദ്ധതയില്‍ ഹിന്ദു പെണ്‍കുട്ടികളുടെ മംഗല്യത്തിനൊപ്പം മുസ്ലിം കുട്ടികളുടെ നിഖാഹും ഉള്‍പ്പെടുത്തിയതും മുതിര്‍ന്ന പൗരന്മാര്ക്ക് പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള തീര്‍ത്ഥ ദര്ശനയോജനയില് മുസ്ലിം തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ചേര്‍ത്തതും പ്രീണിപ്പിക്കാനായിരുന്നില്ല. എങ്കിലും തങ്ങളേയും തുല്യപൗരന്മാരായി കാണുന്നു എന്ന വികാരം മുസ്ലിങ്ങളില്‍ ശക്തമാകാന്‍ ഇതൊക്കെ കാരണമായി. ഹജ്ജ് കമ്മറ്റിയിലെ 11 മുസ്ലിം പണ്ഡിതര്‍ക്കും ഉറുദു അക്കാദമി ചെയര്‍മാനും ചുമന്ന ബീക്കണ്‍ ലൈറ്റ് വെച്ച കാര്‍ അനുവദിച്ച ഏക സംസ്ഥാനം മധ്യപ്രദേശാണ്.
വികസനകാര്യങ്ങളില്‍ ഒരുതരത്തിലുമുള്ള വിഭജനം ബിജെപി സര്‍ക്കാര്‍ കാണിച്ചിരുന്നില്ല. സര്‍വ്വധര്‍മ്മ സമഭാവന എന്ന പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തോട് നീതി പുലര്ത്താനാകുകയും ചെയ്തു. അത് വോട്ടിംഗില്‍ എങ്ങനെ പ്രതിഫലിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമായിരിക്കും ഭോപ്പാല്‍ നോര്‍ത്തിലെ തെരഞ്ഞെടുപ്പ് ഫലം.
മധ്യപ്രദേശില്‍ നിന്നും പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: