കൈലാസ് ജോഷി, സുന്ദര്‍ലാല്‍ പട്വ, ഉമാഭാരതി, ബാബുലാല്‍ ഗൗര്‍. ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ കാത്തിരിക്കുകയാണിവര്‍. ബിജെപിയുടെ ഹാട്രിക് വിജയം എന്ന ചരിത്രം കാണാന്‍. മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ മുന്‍ഗാമികള്‍ നാലുപേര്‍. മധ്യപ്രദേശിലെ മുന്മുഖ്യമന്ത്രിമാര്. ശാരീരിക പ്രയാസങ്ങള്‍ കാരണം ആദ്യ രണ്ടുപേരും പ്രചരണരംഗത്ത് സജീവമല്ലങ്കിലും വീട്ടിലിരുന്ന് നേതാക്കള്‍ക്കും അണികള്‍ക്കും വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശം നല്കുന്നു. മണ്ഡലങ്ങള്‍ തോറും ഓടി നടന്ന് പ്രസംഗിച്ച് ബിജെപിക്ക് വോട്ടുകൂട്ടുകയാണ് ഉമാഭാരതി. തന്റെ പത്താം വിജയത്തിനായി വോട്ടുതേടി ബാബുലാല്‍ ഗൗറും.
ജോഷിയും പട്വയും ഗൗറും കറകളഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്നെങ്കില്‍ സന്യാസ ജീവിതം നയിക്കുന്ന പൊതുപ്രവര്‍ത്തകയാണ് ഉമാഭാരതി,
എട്ടുതവണ നിയമസഭാംഗമായിരുന്ന ജോഷി ഒരുതവണ രാജ്യസഭയിലും ഒരു തവണ ഭോപ്പാലില്‍ നിന്ന് ലോകസഭയിലും അംഗമായി.പട്വ മുന്നുതവണയാണ് എംഎല്‍എ ആയത്. രണ്ടു പ്രാവശ്യം ലോക സഭയിലേക്കും ജയിച്ചു. വാജ്പേയി മന്ത്രി സഭയില്‍ കാബിനറ്റ് മന്ത്രിയായിരുന്നു. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഉമാഭാരതി അയോധ്യാ പ്രക്ഷോഭങ്ങളിലൂടെയാണ് മുഖ്യധാരാ രാഷ്ട്രീയത്തില്‍ സജീവമായത്. 1989 ല്‍ ഖജുരാവോയില്നിന്ന് ലോകസഭയിലെത്തിയ ഉമാഭാരതി 91,96,98 വര്‍ഷങ്ങളിലും വിജയം ആവര്‍ത്തിച്ചു. 99 ല്‍ മണ്ഡലം മാറി ഭോപ്പാലില്‍ നിന്നപ്പോഴും വിജയിച്ചു. വാജ്പേയി മന്ത്രി സഭയില്‍ വിവിധ വകുപ്പുകളും കൈകാര്യം ചെയ്തു. 2003 ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുകയും നാലില്‍ മൂന്ന് ഭുരിപക്ഷത്തിന് ബിജെപിയെ അധികാരത്തിലെത്തിക്കുകയും ചെയ്തു. സ്വന്തം പാര്‍ട്ടിയുണ്ടാക്കി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും അഞ്ചു സീറ്റ് മാത്രം നേടാനായൊള്ളു. രണ്ടുവര്‍ഷം മുന്‍പ് ബിജെപിയിലേക്ക് തിരിച്ചുവന്ന ഉമാഭാരതിക്കിപ്പോള് ഉത്തര്‍പ്രദേശിന്റെ ചുമതലയാണ്. അവിടെ എംഎല്‍എയുമാണ്. ഭോപ്പാലിലെ ഗോവിന്ദപുരം മണ്ഡലത്തെ തുടര്‍ച്ചയായി 9 തവണ പ്രതിനിധീകരിക്കുന്നയാളാണ് ബാബുലാല്‍ ഗൗര്‍. ഇത്തവണ പത്താം മത്സരം. ജോഷിക്കും ഗൗറിനും മറ്റൊരു പ്രത്യകത കൂടിയുണ്ട്. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിട്ടുടന് അടുത്ത മന്ത്രി സഭയില്‍ വെറും മന്ത്രിമാരായി എന്നതാണത്.
ആദ്യ തെരഞ്ഞെടുപ്പുമുതല്‍ ബിജെപിയുടെ പഴയരൂപമായ ജനസംഘത്തിന് നിയമസഭയില്‍ പ്രാതിനിധ്യം ഉണ്ടെങ്കിലും ഒരു ജനസംഘക്കാരന്‍ മുഖ്യമന്ത്രിയാകുന്നത് 1977 നാണ്. അടിയന്തരാവസ്ഥക്ക് ശേഷം നടന്നതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞുകൊണ്ട് ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ കൈലാസ് ജോഷി മുഖ്യമന്ത്രിയായി. ഒരു വര്‍ഷത്തിനുശേഷം ജോഷിക്ക് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നു. പകരം ജനസംഘത്തിലെ തന്നെ വീരേന്ദ്ര സക്ലേച്ചയെ മുഖ്യമന്ത്രിയാക്കി.രണ്ട് വര്‍ഷം ഭരിച്ചപ്പോഴേക്കും സക്ലേച്ചക്കും രാജിവെക്കേണ്ടവന്നു.( ഇദ്ദേഹം 1999 ല്‍ മരിച്ചു) തുടര്‍ന്ന് സുന്ദര്‍ലാല്‍ പട്വ മുഖ്യമന്ത്രിയായി. 320 അംഗസഭയില്‍ 230 സീറ്റും നേടി അധികാരത്തിലെത്തിയിട്ടും കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് മൂന്നു മുഖ്യമന്ത്രിമാരെ നിയമിക്കേണ്ടിവന്നത് തിരിച്ചടിയായി. പിന്നീടു നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും ദയനീയ പരാജയം.80 ലും 85 ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ 250 ല്‍ അധികം സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ 60 സീറ്റിനടുത്തേ ബിജെപിക്ക് കിട്ടിയുള്ളു.
അയോധ്യ തരംഗം ആഞ്ഞടിച്ച 1990 ല്‍ ബിജെപി ഉജ്ജ്വല തിരിച്ചുവരവ് നടത്തി. 220 സീറ്റ് നേടി അധികാരത്തിലെത്തിയപ്പോള്‍ സുന്ദര്‍ലാല്‍ പട്വ തന്നെ വീണ്ടും മുഖ്യമന്ത്രിയായി. അയോധ്യാപ്രശ്നത്തിന്റെ പേരില്‍ പിരിച്ചുവിട്ടതിനാല്‍ ഈ സര്‍ക്കാറിനും കാലാവധി പൂര്‍ത്തികരിക്കാനായില്ല. 93ല്‍ 117 ഉം 98 ല്‍ 119 ഉം സീറ്റുകള്‍ വീതം ബിജെപിക്ക് കിട്ടിയെങ്കിലും യഥാക്രമം 174ഉം 172 ഉം സീറ്റുകള്‍ വീതം ലഭിച്ച കോണ്‍ഗ്രസ് അധികാരമാണ്ടു. മധ്യപ്രദേശിനെ വിഭജിച്ചശേഷം 2003 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 230 ല്‍ 173 ഉം നേടി ഉജ്ജ്വല വിജയം വരിച്ചു. സംഘടനാ മികവിനൊപ്പം ഉമാഭാരതിയുടെ വ്യക്തിപ്രഭാവവും വന്‍ വിയജത്തിനു വഴിതെളിച്ചു. ഉമാഭാരതി തന്നെ മുഖ്യമന്ത്രിയുമായി. എട്ടുമാസത്തിനുള്ളില്‍ രാജിവെക്കേണ്ടിവന്നു. ഹൂബ്ലി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് വാറന്റ് വന്നപ്പോഴായിരുന്നു രാജി. പകരമാണ് ബാബുലാല്‍ ഗൗറിനെ മുഖ്യമന്ത്രിയാക്കിയത്. അഞ്ചുമാസത്തിനകം ഗൗറിനെ മാറ്റി ശിവരാജ് സിംഗ് ചൗഹാന് മുഖ്യമന്ത്രിയായി. 2008 ല്‍ ചൗഹാന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട് വീണ്ടും അധികാരത്തിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: