ന്യൂദല്‍ഹി: ഇന്ത്യയുടെ ഏറ്റവും വലിയ റിയാക്ടര്‍ ധ്രുവയുടെ നിര്‍മ്മാണ സമയം. പ്ലൂട്ടോണിയം ഉപയോഗിച്ചുള്ള ആണവായുധ നിര്‍മ്മാണത്തിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ ഒരു ഘട്ടത്തില്‍ പ്രതിബന്ധങ്ങളില്‍ തട്ടി നില്ക്കുന്നു. ആണയ ശാസ്ത്രജ്ഞനായ അനില്‍ കകോദ്ക്കര് ആശ്രയിച്ചതു വിവേകാനന്ദന്റെ വാക്കുകളെ. ‘നിങ്ങളുടെ സ്വന്തം ശക്തിയില്‍ ശരിയായ ദിശയില്‍ മുന്നോട്ടു പോവുക’ എന്ന സ്വാമിജിയുടെ വാക്കുകള്‍ ഊര്‍ജ്ജമാക്കി മുന്നോട്ടു പോയപ്പോള്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ധ്രുവ് എന്ന റിയാക്ടര്‍ ഇന്ത്യയ്ക്ക് സ്വന്തം. പ്രതിസന്ധി ഘട്ടങ്ങളില്‍ വിവേകാനന്ദ വാക്യങ്ങള്‍ നല്കുന്ന പ്രസക്തി വ്യക്തമാക്കുകയായിരുന്നു, വിവേകാനന്ദ സാര്‍ദ്ധശതി ആഘോഷ പരിപാടികളുടെ ഭാഗമായി ദല്‍ഹിയില്‍ നടന്ന വൈസ് ചാന്‍സിലര്‍മാരുടെ യോഗത്തില്‍ അനില്‍ കകോദ്ക്കര്.
വ്യക്തിജീവിതത്തിലെ പ്രതിസന്ധികളില്‍പ്പെട്ടുഴലുന്ന ജനതയ്ക്ക് വിവേകാനന്ദ സ്വാമിയുടെ വാക്കുകള്‍ തന്നെയാണ് ഏറ്റവും പ്രചോദനമാകുകയെന്ന് മുന്‍ ആറ്റോമിക് എനര്‍ജി കമ്മീഷന് ചെയര്മാന് കൂടിയായ കകോദ്ക്കര് പറയുന്നു. രാജ്യത്തെ മാത്രം നയിക്കാനുള്ള സമൂഹത്തെയല്ല ലോകത്തെ തന്നെ നയിക്കാന്‍ പ്രാപ്തമായ സമൂഹത്തെ സൃഷ്ടിക്കാനാണ് വിവേകാനന്ദന് ആഹ്വാനം ചെയ്തിരിക്കുന്നതെന്നും ആ പ്രവര്‍ത്തനമാണ് നാം നിര്‍വഹിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചൈനയിലെ യൂണിവേഴ്സിറ്റികളില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും താമസിച്ചു പഠിക്കുകയെന്ന രീതിയാണുള്ളത്. 40000ത്തോളം പേര് ഒരുമിച്ചു താമസിച്ചു പഠിക്കുന്നതു വിദ്യാര്‍ത്ഥികളുടേയും രാജ്യത്തിന്റേയും വിഭവശേഷിയില്‍ വലിയ വര്‍ദ്ധനവുണ്ടാക്കാന്‍ സഹായകരമാണ്. ഇത്തരം രീതികള്‍ നമ്മുടെ സര്‍വ്വകലാശാലകളിലും നടപ്പാക്കണമെന്ന് ദേശീയ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ഇരുനൂറോളം വൈസ് ചാന്‍സിലര്‍മാരോട് അദ്ദേഹം പറഞ്ഞു.
വിവേകാനന്ദ ദര്‍ശനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ രീതിക്കു രാജ്യത്തു വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത കേന്ദ്രമാനവ വിഭവശേഷി വകുപ്പ് മന്ത്രി പള്ളം രാജു അഭിപ്രായപ്പെട്ടു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സാര്‍വത്രികമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.രഘുനാഥ് മശേല്‍ക്കര്‍,മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ ഡോ. സുഭാഷ് കശ്യപ്, പ്രൊഫ്. അനിരുദ്ധ് ദേശ്പാണ്ഡേ എന്നിവര്‍ പ്രസംഗിച്ചു.
രാജ്യത്തെ പ്രധാന സര്വ്വകലാശാലകളുടെയെല്ലാം വൈസ് ചൈന്സലര്മാര് പങ്കെടുക്കുന്ന സെമിനാര്‍ ഇന്ന് വൈകിട്ട് സമാപിക്കും. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍കലാമാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. കേരളത്തില്‍ നിന്നും മൂന്നു പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: