ശബരിമല: വൃശ്ചികപുലരിയില്‍ ദര്‍ശനപുണ്യംതേടി ശബരീശസന്നിധിയിലേക്ക് തീര്‍ത്ഥാടക പ്രവാഹം. ഇനിയുള്ള രണ്ടുമാസം ശബരിമല പാതകള്‍ ശരണമന്ത്രവിളികളാല് മുഖരിതമാകുകയാണ്. എല്ലാം എല്ലാം അയ്യപ്പന്, എല്ലാവര്ക്കും പൊരുള്‍ അയ്യപ്പന് ശരണഘോഷങ്ങളാല് മുഖരിതമായ അന്തരീക്ഷത്തില്‍ ദീപം തെളിഞ്ഞുനിന്ന തിരുസന്നിധാനത്തിന്റെ ശ്രീകോവിലില്‍ ഇന്നലെ പുലര്‍ച്ചെ 4 ന് മേല്‍ശാന്തി നാരായണന് നമ്പൂതിരി തിരുനട തുറന്ന് ശ്രീലകത്ത് ദീപം തെളിയിച്ചു. നിര്‍മ്മാല്യദര്‍ശനത്തിന് ശേഷം നെയ്യഭിഷേകവും തുടര്‍ന്ന് ഗണപതിഹോമവും നടന്നു. ഉച്ചപൂജയ്ക്ക് ശേഷം 1 ന് നട അടച്ചു. വൈകിട്ട് നട തുറന്നപ്പോള്‍മുതല്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
അയ്യപ്പസ്വാമിക്ക് തീര്ത്ഥാടനക്കാലയളവിലെ ആദ്യത്തെ കളഭാഭിഷേകം ഇന്നലെ നടന്നു. തന്ത്രി കണ്ഠരര് മഹേശ്വരരുടെ മുഖ്യകാര്‍മികത്വത്തില്‍ കിഴക്കേ മണ്ഡപത്തില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തുവെച്ച് കളഭംപൂജിച്ചു. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കളഭവുമായി ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ചശേഷം ശ്രീകോവിലില്‍ എത്തിച്ച് ഉച്ചപൂജയുടെ സ്നാനകാലത്ത് അഭിഷേകം ചെയ്തു.
പമ്പയിലും സന്നിധാനത്തും വിജിലന്‍സ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. തീര്‍ത്ഥാടക തിരക്ക് നിയന്ത്രിച്ച് അപകടം ഒഴിവാക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുവാന്‍ എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. അനിയന്ത്രിതമായി തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങള്‍ മകരജ്യോതി ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ തങ്ങുന്ന മേഖല, ക്യൂദര്ശനത്തിനായി തീര്‍ത്ഥാടകര്‍ തങ്ങുന്ന ഭാഗങ്ങള്‍, അപകടമുണ്ടായാല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട മാര്‍ഗ്ഗങ്ങള്‍ എന്നിവ സംബന്ധിച്ച് പ്രത്യേകം സജ്ജീകരണങ്ങളാണ് പോലീസ് നടപ്പിലാക്കിയിരിക്കുന്നത്.
40 നിരീക്ഷണക്യാമറകള്‍ സന്നിധാനത്തും പമ്പയിലുമായി സ്ഥാപിച്ചു വരുന്നു. ക്യാമറാ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ സന്നിധാനത്തെ വിലിജന്‍സ് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമിലിരുന്ന് നിരീക്ഷിക്കും. ക്യാമറയില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ മൂന്നുമാസം വരെ റിക്കോര്‍ഡ് ചെയ്യാവുന്ന സംവിധാനമാണ്. അന്നദാനം, അക്കൊമഡേഷന്, ഗസ്റ്റ് ഹൗസ്, സന്നിധാനത്തേയും മാളികപ്പുറത്തേയും ഉപദേവതാ നടകള്‍ക്ക് സമീപം, ഭക്തര്‍ നിക്ഷേപിക്കുന്ന അരി വേര്‍തിരിക്കുന്ന ഭാഗം, ദേവസ്വം ഭണ്ഡാരം എന്നിവിടങ്ങളില്‍ പുതിയതായി നീരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
തീര്‍ത്ഥാടക സംഘത്തോടൊപ്പം ദര്‍ശനത്തിനെത്തുന്ന കുട്ടികള്‍ കൂട്ടം തെറ്റാതിരിക്കുവാന്‍ റിസ്റ്റ്ബാന്റ് സംവിധാനം പോലീസ് പ്രാബല്യത്തില്‍ വരുത്തി. ഇതിന്റെ ഉദ്ഘാടനം ഇന്നലെ ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ പമ്പയില്‍ നിര്‍വ്വഹിച്ചു. കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വ്വീസുകള്‍ ആരംഭിച്ചെങ്കിലും പലസ്ഥലങ്ങളില്‍ നിന്നുംബസ്സുകള് കിട്ടുവാന്‍ ബുദ്ധിമുട്ടുണ്ടായതായി അയ്യപ്പന്മാര് പറയുന്നു.
സന്നിധാനത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിശുദ്ധ സേനയും എത്തിയിട്ടുണ്ട്. സേന ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഫയര്‍ ഫോഴ്സ്, ആരോഗ്യം, തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരും സന്നിധാനത്ത് സജീവമായി.അന്നദാനം,പ്രസാദവിതരണം, തുടങ്ങിയ ക്രമീകരണങ്ങള്‍ ദേവസ്വം ബോര്‍ഡ് ഈവര്‍ഷം വിപുലീകരിച്ചിട്ടുണ്ട്.
രൂപേഷ് അടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: