തിരുവനന്തപുരം: സംയോജിത നീര്‍ത്തട പരിപാലന പദ്ധതിക്കായി അനുവദിച്ച കേന്ദ്രവിഹതം വിനിയോഗിക്കുന്നതില്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ വന്‍ വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ട്. പദ്ധതിക്കായി തിരഞ്ഞെടുത്ത മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളും അനുവദിച്ച ഫണ്ടിന്റെ ആറ് ശതമാനത്തില്‍ താഴെ മാത്രമാണ് തുക വിനിയോഗിച്ചിരിക്കുന്നത്. സംയോജിത നീര്‍ത്തട പരിപാലന പദ്ധതിക്കായി ജില്ലയില്‍ നിന്ന് വാമനപുരം, ചിറയിന്‍കീഴ്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തുകളെയാണ് തിരഞ്ഞെടുത്തിരുന്നത്.
വാമനപുരം ബ്ലോക്ക് പഞ്ചായത്തില്‍ 7,492 ഹെക്ടര്‍ സ്ഥലവും ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ 6,803 ഹെക്ടര്‍ സ്ഥലവും പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ 7,616 ഹെക്ടര്‍ സ്ഥലവുമാണ് സംയോജിത നീര്‍ത്തട പരിപാലന പദ്ധതിക്കായി ഉപയോഗിക്കാന്‍ നിശ്ചയിച്ചിരുന്നത്. പദ്ധതിക്കായി വാമനപുരം ബ്ലോക്ക് പഞ്ചായത്തില്‍ 11.23 കോടി രൂപയും ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന് 8.16 കോടിയും പോത്തന് കോട് ബ്ലോക്ക് പഞ്ചായത്തിന് 9.13 കോടി രൂപയും അനുവദിച്ചിരുന്നു. എന്നാല്‍ നാളിതുവരെ വിനിയോഗിച്ചിരുക്കുന്ന തുക വളരെ തുച്ഛമാണ്. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വിവിധ പ്രവൃത്തികള്‍ക്കായി 65.25 ലക്ഷം രൂപയാണ് വിനിയോഗിച്ചിരിക്കുന്നത്. ചിറയിന്‍കീഴ് ബ്ലോക്ക് 11.57 ലക്ഷവും പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് 44.12 ലക്ഷവുമാണ് വിനിയോഗിച്ചിരിക്കുന്നത്.
മൂന്ന് ബ്ലോക്കുകളിലും സംയോജിത നീര്‍ത്തട പരിപാലന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക പ്രദര്‍ശന തോട്ടം, ജലശുദ്ധി കാര്‍ഡ് വിതരണം, ചെക്ക് ഡാം, ചെറുകിട ജലസേചന പദ്ധതികള്‍, ഫലവൃക്ഷ തൈകള്‍ നടല്‍, കുളങ്ങളുടെ പുനരുദ്ധാരണം, പച്ചപിടിപ്പിക്കല്, മുളംതൈകള്‍ നടല്‍, കശുവണ്ടി തൈകള്‍ വച്ചു പിടിപ്പിക്കല്‍ എന്നിവയാണ് നടപ്പാക്കുന്നത്. 2010-11 സാമ്പത്തികവര്‍ഷത്തില്‍ ഉള്‍പ്പെടുത്തി വാമനപുരം ബ്ലോക്കിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളില്‍ 13 വില്ലേജുകളിലായി പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് പൂര്‍ത്തികരിക്കുകയും പരിസ്ഥിതിക പഠന റിപ്പോര്‍ട്ട് പൂര്‍ത്തീകരിക്കുകയും മാത്രമാണ് ഇതുവരെ ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ബ്ലോക്കിന് അനുവദിച്ചിരിന്ന ആറ് വാട്ടര്ഷെഡ്ഡുകളുടെ പ്രവൃത്തികളും ആരംഭിച്ചിട്ടുണ്ട്.
ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ 2011-12 സാമ്പത്തികവര്‍ഷത്തില്‍ ഉള്‍പ്പെടുത്തി ഒമ്പത് ഗ്രാമപഞ്ചായത്തുകളിലെ പത്ത് വില്ലേജുകളിലാണ് നടപ്പാക്കുന്നത്. ചിറയിന്‍കീഴ് ബ്ലോക്കില്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള വിശദ്ധമായ പ്രോജക്ട് റിപ്പോര്‍ട്ട് പൂര്‍ത്തീകരിച്ചിട്ടുണ്ട്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പഠനങ്ങളും ആരംഭിച്ചിട്ടുണ്ട്. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ 2012-13 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ വിശദ്ധമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. എട്ട് ഗ്രാമപഞ്ചായത്തുകളില്‍ 14 വില്ലേജുകളിലാണ് പദ്ധതി നടപ്പാക്കുക. ബ്ലോക്കില്‍ പദ്ധതിപ്രകാരം അഞ്ച് വാട്ടര്‍ ഷെഡ്ഡുകളും നടപ്പാക്കുന്നുണ്ട്.
മണ്ണും ജലവും ജൈവസമ്പത്തും തമ്മില്‍ ഉണ്ടാകേണ്ട സ്വാഭാവിക ജൈവബന്ധം നിലനിര്‍ത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയ മായി നടപ്പാക്കുക, മഴവെള്ളം സംഭരിക്കുക, മണ്ണൊലിപ്പ് തടയുക, മണ്ണിന്റെ ജലസംഭരണശേഷി വര്‍ധിപ്പിക്കുക, ഉത്പാദനവും ഉത്പാദനക്ഷമതയും ഉയര്‍ത്തുക തുടങ്ങി നിരവധി ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സംയോജിത നീര്‍ത്തട പരിപാലനപദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ആസൂത്രണത്തിനും നിര്‍വഹണത്തിനും മോണിറ്ററിംഗിന് പ്രത്യേകഭരണസംവിധാനുവും സാങ്കേതികസംവിധാനവുമുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: