തിരുവനന്തപുരം: പരിസ്ഥിതി ദുര്‍ബലമായ പശ്ചിമഘട്ടങ്ങളെ കുടിയേറ്റക്കാര്‍ക്കും വാണിജ്യവിളകള്‍ക്കും വേണ്ടി അനിയന്ത്രിതമായി വിട്ടുകൊടുക്കുന്നത് ഭാവിയിലേക്ക് വമ്പിച്ച നാശം ചെയ്യുമെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്. അതേസമയം, കര്‍ഷകവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെയും ഏര്‍പ്പെടാന്‍ താത്പര്യമുള്ളവരെയും അവയ്ക്കുപയുക്തമായ പ്രദേശങ്ങള്‍ പ്രയോജനപ്പെടുത്താന്‍ അനുവദിക്കുകയും വേണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളം ആയുര്‍വേദത്തിന്റെ വിളനിലമാണ്. പഞ്ചകര്‍മചികിത്സ കേരളത്തിന്റെ സവിശേഷസംഭാവനയാണ്. ഈ മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളും ജനസംഖ്യയും വളരെ വിപുലമാണ്. അലോപ്പതിയുടെ മേധാവിത്വത്തിനു ശേഷവും ഇന്നും ഭൂരിപക്ഷം സാധാരണക്കാരും ആശ്രയിക്കുന്നത് ആയുര്‍വേദത്തെയാണ്. പക്ഷേ, ആയുര്‍വേദം കടുത്ത പ്രതിസന്ധി നേരിടുകയാണിന്ന്. ഔഷധസസ്യങ്ങളെ ആശ്രയിച്ചാണ് ആയുര്‍വേദം നിലനില്‍ക്കുന്നത്. ഇന്ന് കേരളത്തില്‍ ആയുര്‍വേദം നേരിടുന്ന ഏറ്റവും ഗൗരവമായ പ്രശ്നം അനേകമിനം ഔഷധസസ്യങ്ങള്‍ ലഭിക്കാനില്ല എന്നതാണ്. വന്‍തോതില്‍ ഔഷധങ്ങള്‍ ഉത്പാദിപ്പിക്കാന്‍ വേണ്ടത്ര ഔഷധസസ്യങ്ങള്‍ ലഭ്യമല്ലാതെ വരികയും പകരം വയ്ക്കാന്‍ മറ്റൊന്നില്ലാതാകുകയും ചെയ്യുമ്പോള്‍ ഔഷധങ്ങളുടെ വീര്യം നഷ്ടപ്പെടുന്നു. ചികിത്സ ഫലപ്രദമല്ലാതെ വരുന്നു. ആയുര്‍വേദ ചികിത്സാസമ്പ്രദായത്തിലുള്ള പരമ്പരാഗതമായ വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങുന്നു. ഇതിന് സത്വരപരിഹാരം കണ്ടെത്തേണ്ടത് പതിനായിരക്കണക്കിന് വൈദ്യന്മാരുടെയും ദശലക്ഷക്കണക്കിന് രോഗികളുടെയും ആവശ്യമാണ്. ആയുര്‍വേദത്തെ സംരക്ഷിക്കണമെങ്കില്‍ എല്ലായിനം ഔഷധസസ്യങ്ങളുടെയും ലഭ്യത ഉറപ്പു വരുത്തണം. നഗരങ്ങള്‍ വികസിക്കുകയും ഗ്രാമങ്ങള്‍ നഗരങ്ങളായി മാറുകയും ചെയ്യുന്ന ഇന്നത്തെ അവസ്ഥയില്‍ ഔഷധസസ്യങ്ങള്‍ വേണ്ടത്ര ഉത്പാദിപ്പിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടി വരും. ഒരേസമയം, പ്രകൃതിയെ സംരക്ഷിക്കാനും വന്‍തോതില്‍ ജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്താനും ആയുര്‍വേദത്തിന്റെ വിശ്വാസ്യത നിലനിര്‍ത്താനും സഹായകമാകുന്ന വ്യവസ്ഥയാണ് പശ്ചിമഘട്ടങ്ങളെ ഔഷധസസ്യസംരക്ഷണമേഖലയായി പ്രഖ്യാപിക്കുക എന്നത്. സര്‍ക്കാരും ജനങ്ങളും നിര്‍മാണാത്മകമായ രീതിയിലൂടെ മുന്നോട്ടുനീങ്ങുന്നതായിരിക്കും ഇന്നത്തെ വിവാദങ്ങള്‍ക്കും കലാപങ്ങള്‍ക്കും പരിഹാരമെന്നും പരമേശ്വരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: